ലാഹോർ: പാക്കിസ്ഥാനിൽ തടവിലാക്കപ്പെട്ട കുൽഭൂഷൺ ജാദവിന്റെ ദയാഹർജി പാക് പട്ടാളക്കോടതി തള്ളി. പാക് സൈന്യമാണ് ഇക്കാര്യം അറിയിച്ചത്.ദയാഹർജി ഇനി പാക് സൈനിക മേധാവി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും പാക് സൈന്യം അറിയിച്ചു.ചാരവൃത്തിയുടെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവ് കഴിഞ്ഞ മാസമാണ് ദയാഹർജിയുമായി പാക്ക് സൈനിക മേധാവിയെ സമീപിച്ചത്.

വധശിക്ഷയ്ക്കെതിരെ കുൽഭൂഷണിന് ഒരുതവണകൂടി ദയാഹർജി സമർപ്പിക്കാൻ അവസരമുണ്ട്. ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് പാക് സൈനിക കോടതി ജാധവിന് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ അടക്കമുള്ളവയുമായി ജാധവിന് ബന്ധമുണ്ടെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു.എന്നാൽ, ആരോപണങ്ങളെല്ലാം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്.

കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി നേരത്തെ താത്കാലികമായി തടഞ്ഞിരുന്നു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷൺ ജാധവിനെ സന്ദർശിക്കാൻ അവസരം നൽകണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ പലതവണ നിരസിച്ചിരുന്നു.കേസ് നടത്തുന്നതിനായി കുൽഭൂഷണിന്റെ അമ്മ അവന്തിക ജാധവിന് പാക്കിസ്ഥാൻ വിസ അനുവദിക്കണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടുവച്ചിരുന്നു. വിസ അനുവദിച്ചേക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം അറിയിക്കാൻ പാക്കിസ്ഥാൻ തയ്യാറായിട്ടില്ല.

അവന്തിക ജാധവിന് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സർത്താജ് അസീസിന് കത്തയച്ചിരുന്നു. എന്നാൽ കത്തിന് മറുപടി നൽകാനുള്ള മര്യാദ സർത്താജ് അസീസ് കാണിച്ചില്ലെന്ന് സിഷമ സ്വരാജ് ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു

ചാരവൃത്തിയുടെയും ഭീകരപ്രവർത്തനത്തിന്റെയും പേരിൽ ഈ വർഷം ഏപ്രിലിലാണ് പാക്ക് സൈനിക കോടതി കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചത്. ഇതിനെതിരെ ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി പാക്കിസ്ഥാനോട് നിർദ്ദേശിച്ചിരുന്നു.