ശ്രീനഗർ/ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തെ തുടർന്ന വഷളായ ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളാകുന്നു. നയതന്ത്ര തലത്തിൽ മോശയമാ ബന്ധം ഇനിയും പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഇതിന് പിന്നാലെ അതിർത്തിയിലും പാക് പ്രകോപനം തുടരുകയാണ്. ജമ്മു കശ്മീരിലെ രാജൗറി മേഖലയിൽ പാക് സൈന്യം ശക്തമായ വെടിവെയ്പും ഷെല്ലാക്രമണവും നടത്തി. ആക്രമണത്തിൽ ജമ്മുകശ്മീരിലെ ആർ.എസ്.പുര മേഖലയിൽ ബി.എസ്.എഫ്. ജവാൻ കൊല്ലപ്പെട്ടു. പ്രദേശവാസികളായ ആറുപേർക്ക് പരിക്കേറ്റു. ബിഹാർ സ്വദേശിയായ ബി.എസ്.എഫ്. ഹെഡ് കോൺസ്റ്റബിൾ ജിതേന്ദ്രകുമാറാണ് പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അതേസമയം ഇന്ത്യ ശക്തമായ തിരിച്ചടിയും നൽകി. ഇന്ത്യൻ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും 11 പേർക്ക് പരിക്കേറ്റതായും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്ക് ശക്തമായ നുഴഞ്ഞു കയറ്റശ്രമം ഉണ്ടായതോടെയാണ് ഇന്ത്യ തിരിച്ചടിക്കാൻ തുടങ്ങിയത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ച ആക്രമണം രാത്രി വൈകിയും ശക്തമായി തുടർന്നു. അതിനിടെ പാക് സൈന്യം നിയന്ത്രണ രേഖ ലംഘിച്ചതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും 190 കിലോമീറ്റർ പരിധിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ജയ്‌ഷെ മൊഹമ്മദ് തീവ്രവാദികളെ സൈന്യം പിടികൂടി. ഇവരിൽ നിന്ന് ആയുധശേഖരവും പിടിച്ചെടുത്തു. രജൗറി ജില്ലയിലെ സുന്ദർബാനി മേഖലയിലും പാക്കിസ്ഥാൻ വെടിനിർത്തൽകരാർ ലംഘിച്ചു. പാക് കമാൻഡോകളുടെ പിന്തുണയോടെയായിരുന്നു നുഴഞ്ഞുകയറാൻ തീവ്രവാദികൾ ശ്രമം നടത്തിയത്. 15 സൈനികതാവളങ്ങൾക്കും 29 ഗ്രാമങ്ങൾക്കും നേരേയാണ് ആക്രമണമുണ്ടായത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ബി.എസ്.എഫ് ഡയറക്ടർ ജനറലുമായി സംസാരിച്ച് ശക്തമായ തിരിച്ചടിക്ക് നിർദ്ദേശം നൽകി.

പാക് അധീന കാശ്മീരിൽ ഇന്ത്യ നടത്തിയ സൈനിക നടപടിക്കു ശേഷം അതിർത്തിയിൽ പാക്കിസ്ഥാൻ നിരന്തരം പ്രകോപനം തുടരുകയാണ്. കഴിഞ്ഞ ദിവസവും അിർത്തിയിൽ പാക് സേന ബി.എസ്.എഫ് ഔട്ട്‌പോസ്റ്റുകൾക്കു നേരെ വെടിയുതിർത്തിരുന്നു. അതിർത്തിയിൽ പാക്കിസ്ഥാൻ ഇപ്പോൾ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈന്യം പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ കഴിഞ്ഞ ദിവസം പാക്കിസ്ഥാന് താക്കീത് നൽകിയിരുന്നു.

അതിർത്തിയിൽനില വഷളാകുന്നതിന് പിന്നാലെ ഇന്ത്യ-പാക്കിസ്ഥാൻ നയതന്ത്ര യുദ്ധവും കനത്തിട്ടുണ്ട്. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈകമ്മിഷൻ ഉദ്യോഗസ്ഥൻ സുർജിത് സിങ്ങിനെ പാക്കിസ്ഥാൻ പുറത്താക്കി. 48 മണിക്കൂറിനകം രാജ്യം വിടാനും പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. ഇന്ത്യൻ ഹൈകമീഷണർ ഗൗതം ബംബാവലയെ വിളിച്ചു വരുത്തിയാണ് പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി ഇക്കാര്യം അറിയിച്ചത്.

സുർജിത് സിങ് അസ്വീകാര്യനായ വ്യക്തിയാണെന്ന പാക് സർക്കാറിന്റെ തീരുമാനം ഐസാസ് ചൗധരി അറിയിച്ചു. സുർജിത്തിന്റെ പാക്കിസ്ഥാനിലെ പ്രവർത്തനങ്ങൾ നയതന്ത്ര ജോലിയുടെ പരിധികൾ ലംഘിക്കുന്നതാണെന്നും വിയന കൺവെൻഷന്റെ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ച പാക് അധികാരികൾ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഈ മാസം 29നകം രാജ്യം വിടാൻ വേണ്ട നടപടികൾ ത്വരിതപ്പെടുത്താനും ഇന്ത്യൻ ഹൈകമീഷനോട് ആവശ്യപ്പെട്ടു.

അതിർത്തിയിലെ സൈനിക വിന്യാസം അടക്കമുള്ള സുപ്രധാന വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ഡൽഹി പാക് ഹൈകമീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായാണ് പാക്കിസ്ഥാൻ ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കിയത്. പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെ ചാരനായി രണ്ടര വർഷത്തോളം ഹൈകമീഷനിൽ പ്രവർത്തിച്ച മെഹ്മൂദ് അഖ്തറിനെയാണ് ഇന്ത്യ പുറത്താക്കിയത്. ഇയാളോട് 48 മണിക്കൂറിനകം രാജ്യം വിടാനും ആവശ്യപ്പെട്ടിരുന്നു. ഇയാൾക്ക് വിവരം കൈമാറിയ മൂന്ന് രാജസ്ഥാൻ സ്വദേശികളും അറസ്റ്റിലായിരുന്നു.