ഇസ്‌ലാമാബാദ്: സ്വന്തം വ്യക്തിത്വം കേന്ദ്രീകരിച്ചുള്ളതാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയമെന്നു പാക്കിസ്ഥാനൻ പത്രം. മോദിക്ക് എന്താണു ശരിക്കും ആവശ്യമെന്ന കാര്യം ആർക്കും അറിയില്ലെന്നും പത്രം വിമർശിക്കുന്നു.

ദേശീയ പത്രമായ ദി നേഷന്റെ മുഖപ്രസംഗത്തിലാണ് മോദിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. മോദി പലപ്പോഴും വ്യക്തമല്ലാത്ത നിലപാട് എടുക്കുന്നു. ഇന്ത്യ പാക്ക് ചർച്ചകൾ പുനരാരംഭിക്കുന്നതിനാണോ അതോ അതു അട്ടിമറിക്കുന്നതിനാണോ മോദി താൽപ്പര്യപ്പെടുന്നതെന്നും പത്രം ചോദിക്കുന്നു.

പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് മേധാവിയും ഇന്ത്യയുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) മേധാവിയും തമ്മിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ദിവസമാണ് പത്രത്തിന്റെ മുഖപ്രസംഗം.

സ്വന്തം വ്യക്തിത്വത്തെ കേന്ദ്രീകരിച്ചു സമാധാനത്തെ അവഗണിച്ചു മോദി മുന്നോട്ടു പോകുമ്പോൾ വിദേശകാര്യ മന്ത്രാലയം മാറ്റിനിർത്തപ്പെട്ടുവെന്നും പാക് പത്രം വിമർശിക്കുന്നു. പ്രൊഫഷണലിസം കാറ്റിലെറിയുകയും വിദേശകാര്യം അപ്രസക്തമാക്കപ്പെടുകയും ചെയ്തു.

ഇന്ത്യയുടെ കടുംപിടുത്തം കാരണമാണ് കശ്മീർ വിഷയത്തിൽ കഴിഞ്ഞ മാസത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുതല ചർച്ച നടക്കാതെ പോയത്. ഇന്ത്യൻ പ്രധാനമന്ത്രിയെയാണ് ഇതിൽ പ്രധാനമായും കുറ്റപ്പെടുത്തേണ്ടതെന്നും പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് ആരോപിച്ചിരുന്നു.