ഭ്യന്തര സുരക്ഷ കണക്കിലെടുത്ത് ഏഴ് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത ലക്ഷ്യം പാക്കിസ്ഥാനാണെന്ന് സൂചന. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പാക്കിസ്ഥാനിൽനിന്നുള്ള കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് വൈറ്റ് ഹൗസ് അധികൃതർ സൂചിപ്പിച്ചു.

ഭീകരതയുടെ തോത് ഏറ്റവും കൂടുതലുള്ള രാജ്യങ്ങലെന്ന് അമേരിക്കൻ കോൺഗ്രസ്സും ഒബാമ ഭരണകൂടവും കണ്ടെത്തിയ ഏഴുരാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഇപ്പോൾ വിസ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇറാൻ, ഇറാഖ്, ലിബിയ, സുഡാൻ, യെമൻ, സിറിയ, സോമാലിയ എന്നീ ഏഴ് രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ട്രംപ് വിസ വിലക്കേർപ്പെടുത്തിയത്.

ഇതേ മാനദണ്ഡം മറ്റു രാജ്യങ്ങളുടെ കാര്യത്തിലും ബാധകമാക്കിയേക്കുമെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റീൻസ് പ്രൈബസ് പറഞ്ഞു. ഭീകരതയെ പിന്തുണയ്ക്കുകയും ഭീകരർക്ക് പരിശീലന കേന്ദ്രങ്ങൾ അനുവദിക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻപോലുള്ള രാജ്യങ്ങളും ഇതിലുൾപ്പെട്ടേക്കും. ചിലപ്പോൾ കൂടുതൽ രാജ്യങ്ങൾ ബ്ലാക്ക് ലിസ്റ്റിൽപ്പെടാനും ഇടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തിര പ്രാധാന്യം കണക്കിലെടുത്താണ് ഇപ്പോഴത്തെ ഏഴ് രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്..

പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ ഏറെക്കാലമായി അന്താരാഷ്ട്ര തലത്തിൽ ഉന്നയിക്കുന്നതാണ്. ചൈനയാണ് ഈ ശ്രമങ്ങൾക്ക് വിഘാതമായി നിൽക്കുന്നത്. പാക്കിസ്ഥാനിൽനിന്നുള്ള കുടിയേറ്റക്കാർക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയാൽ, ഭീകരരാഷ്ട്രമായി പാക്കിസ്ഥാനെ പിന്തുണയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പരോക്ഷമായ സഹായം കൂടിയാകുമത്.

ഏഴ് രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പെട്ടെന്നെടുത്ത തീരുമാനമല്ലെന്ന് പ്രീബസ് പറഞ്ഞു. പാക്കിസ്ഥാനെയും അഫ്ഗാനിസ്താനെയും പോലുള്ള രാജ്യങ്ങളെയും ഈ പട്ടികയിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് പ്രീബസിന്റെ വാക്കുകളിൽ വ്യക്തമാകുന്നത്. ഭീകരതയ്‌ക്കെതിരായ നടപടികളിൽ ആദ്യത്തേതാണിതെന്നാണ് പ്രീബസ് നൽകുന്ന സൂചന.