ഭൂട്ടാൻ: ഗോവധ നിരോധന നിയമം പ്രാബല്യത്തിലുള്ള നേപ്പാളിലേക്ക് പാക്കിസ്ഥാൻ മാട്ടിറച്ചി അടങ്ങിയ ഭക്ഷണം വിതരണം ചെയ്തത് വിവാദമാകുന്നു. ഭൂകമ്പ ദുരിത മേഖലയിലാണ് പാക്കിസ്ഥാൻ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷണ വിതരണത്തിന് മാട്ടിറച്ചി അടങ്ങിയ ഭക്ഷണം എത്തിച്ചത്. എന്നാൽ പാക്കിസ്ഥാന്റെ ഈ നടപടി സാർക്ക് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചേക്കാമെന്ന് വിലയിരുത്തപ്പെടുന്നു.

രക്ഷാപ്രവർത്തന ദൗത്യത്തിന്റെ ഭാഗമായി പാക്കിസ്ഥാനിൽ നിന്നും ഭക്ഷണസാധനങ്ങളും മരുന്നുകളും ഉൾപ്പെടെ നിരവധി സാധനങ്ങളാണ് നേപ്പാളിലേക്ക് കയറ്റി അയയ്ക്കുന്നത്. പാക്കിസ്ഥാൻ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അഥോറിറ്റി (എൻഡിഎംഎ)യുടെ നേതൃത്വത്തിലാണ് നേപ്പാളിലേക്ക് ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ളവ എത്തിച്ചിരിക്കുന്നത്. ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ പെടുന്നവർക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും എൻഡിഎംഎ ആണ്. ഗോവധം നിരോധിക്കുകയും മാട്ടിറച്ചി കഴിക്കുന്നത് പാപമാണെന്നു കരുതുകയും ചെയ്യുന്ന ഒരു രാജ്യത്തേക്ക് ഇത്തരം ഭക്ഷണം കയറ്റി അയച്ചതിനെ കുറിച്ചുള്ള വിശദീകരണം തേടാൻ അധികൃതർ എൻഡിഎംഎയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.

നേപ്പാളിലെ ആദ്യ സിവിൽ കോഡായ 1854-ലെ മുലുകി ഐൻ അനുസരിച്ച് ഗോവധം വധശിക്ഷ വരെ നൽകാവുന്ന ശിക്ഷയായിരുന്നു. കൂടാതെ കുറ്റവാളിയുടെ സ്വത്തുകളെല്ലാം കണ്ടുകെട്ടുന്ന തരത്തിലും നിയമം അനുശാസിച്ചിരുന്നു. എന്നാൽ പിന്നീട് 1990-ൽ സിവിൽ കോഡ് ഭേദഗതിയിൽ ഗോവധത്തിന് വധശിക്ഷ ഒഴിവാക്കുകയും പകരം 12 വർഷം ജയിൽ ശിക്ഷ ലഭിക്കുകയും ചെയ്യുന്ന കുറ്റമായി കണക്കാക്കുകയും ചെയ്തിരുന്നു. പൂർണമായും ഹിന്ദു രാജ്യമായ നേപ്പാളിൽ മാട്ടിറച്ചിക്ക് പൂർണ നിരോധനമാണെന്നുള്ള കാര്യം പാക്കിസ്ഥാൻ എങ്ങനെ അവഗണിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

ദുരിതബാധിത മേഖലകളിലേക്കുള്ള ഭക്ഷ്യ വസ്തുക്കളിൽ ബീഫ് മസാല എന്നു ലേബൽ ചെയ്തിരിക്കുന്ന പായ്ക്കറ്റുകൾ കണ്ടെന്ന് ഇന്ത്യയിൽ നിന്നു ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. നേപ്പാളിൽ രക്ഷാപ്രവർത്തനം നടത്തുന്ന 34 അംഗ മെഡിക്കൽ ടീമിലെ അംഗങ്ങളാണ് ഈ ഡോക്ടർമാർ. അതേസമയം കഴിക്കാൻ തക്ക പാകത്തിന് പായ്ക്കറ്റുകളിലാക്കിക്കൊണ്ടു വന്നിരിക്കുന്ന ഇത്തരം ഭക്ഷണ പദാർഥങ്ങൾ ചിലരെങ്കിലും അറിയാതെ കഴിച്ചിട്ടുണ്ടെന്നാണ് ഈ ഡോക്ടർമാർ പറയുന്നത്. നേപ്പാളിൽ മാട്ടിറച്ചി വിതരണം ചെയ്തുവെന്നുള്ള ഇന്ത്യൻ ഡോക്ടർമാരുടെ സാക്ഷ്യം സഹിതം പല വിദേശ മാദ്ധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത്തരത്തിൽ മാട്ടിറച്ചി അടങ്ങിയ ഭക്ഷണം വിതരണം ചെയ്തതിലൂടെ നേപ്പാളിന്റെ മതവികാരത്തെ പാക്കിസ്ഥാൻ വ്രണപ്പെടുത്തിയെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം പ്രശ്‌നം നേപ്പാൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നേപ്പാൾ ഔദ്യോഗികവൃത്തങ്ങൾ സൂചിപ്പിച്ചു. പാക്കിസ്ഥാനുമായുള്ള നയതന്ത്രതലത്തിൽ പ്രശ്‌നം ഉന്നയിക്കുമെന്നും നേപ്പാൾ വ്യക്തമാക്കുന്നു.