ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയായ ലഷ്‌കർ ഇ ത്വയ്ബ നേതാവ് സക്കി ഉർ റഹ്മാൻ ലഖ്‌വിയെ മോചിപ്പിക്കാൻ പാക് കോടതി ഉത്തരവിട്ടു. ജയിലിൽ കഴിയുന്ന ഇയാളുടെ ഹർജി പരിഗണിച്ചാണ് കോടതി നടപടി. അനധികൃതമായാണ് ഇയാളെ ജയിലിൽ അടച്ചിട്ടിരിക്കുന്നതെന്നാണ് ഇസ്ലാമാബാദ് കോടതിയുടെ വിലയിരുത്തൽ.

അതേസമയം ലഖ്‌വിയെ മോചിപ്പിക്കാനുള്ള ഉത്തരവിലുള്ള പ്രതിഷേധം പാക്കിസ്ഥാനെ ഇന്ത്യ അറിയിച്ചു. പാക് അംബാസിഡർ അബ്ദുൾ ബാസിതിനെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ലഖ്‌വി ജയിൽ മോചിതനാകാതിരിക്കാനുള്ള നിയമപരമായ നടപടികൾ എടുക്കാൻ പാക്കിസ്ഥാന് ഉത്തരവാദിത്വമുണ്ടെന്ന് ഇന്ത്യ പറഞ്ഞു.

ഇയാൾക്കെതിരായ തെളിവുകൾ നൽകുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്ന് ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പറഞ്ഞു. ലഖ്‌വിക്കെതിരായ വിചാരണ പാക്കിസ്ഥാൻ തുടരുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നുമാണ് അബ്ദുൾ ബാസിത് പ്രതികരിച്ചത്.

2008 നംവബർ 26ന് നടന്ന ആക്രണത്തിൽ 166 പേരായിരുന്നു കൊല്ലപ്പെട്ടത്. ല്ഷ്‌കർ ഇ ത്വയ്ബയുടെ മുതിർന്ന കമാൻഡർമാരിൽ ഒരാളായ ലഖ്‌വിക്ക് സംഭവം ആസൂത്രണം ചെയ്തതിൽ മുഖ്യപങ്കുണ്ടെന്ന് പാക്കിസ്ഥാൻ അന്വേഷണസംഘം സമ്മതിച്ചിരുന്നു. ആക്രമണം ആസൂത്രണം ചെയ്യുകയും നടത്താനുള്ള സൗകര്യമൊരുക്കുകയും ചെയ്തവരെ വിട്ടുതരണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല.

നേരത്തെയും ലഖ്‌വിക്ക് പാക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ത്യയുടെ പ്രതിഷേധത്തെ തുടർന്ന് പാക്കിസ്ഥാൻ ക്രമസമാധാന പരിപാലന നിയമപ്രകാരം ഇയാളെ വീണ്ടും തടവിലിടുകയായിരുന്നു. ഭീകരാക്രമണത്തിൽ ലഖ്‌വിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാക് തീവ്രവാദ വിരുദ്ധ കോടതി ഇയാൾക്കു ജാമ്യം അനുവദിച്ചത്.