ഇസ്ലാമബാദ്: സാർക്ക് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാക്കിസ്ഥാൻ. പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലിനെ ഉദ്ധരിച്ച് ഡേൺ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്ലാമബാദിൽ ഒരു സമ്മേളനത്തിനിടെയാണ് ഫൈസൽ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ഒരുചുവട് വച്ചാൽ, പാക്കിസ്ഥാൻ രണ്ടുചുവട് വയ്ക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചത് ഫൈസൽ ഓർമിപ്പിച്ചു.

.2016 ൽ പാക്കിസ്ഥാനിൽ നടക്കാനിരുന്ന സാർക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ജമ്മു കശ്മീരിലെ ഉറിയിൽ അതിർത്തി കടന്നെത്തിയ ഭീകരർ സൈനികത്താവളത്തിനു നേരെ നടത്തിയ ആക്രമണത്തിൽ 18 സൈനികർ വീരമൃത്യു വരിച്ച സാഹചര്യത്തിലാണ് ഇന്ത്യ ഉച്ചകോടി ബഹിഷ്‌കരിച്ചത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും വിട്ടുനിന്നതോടെ ഉച്ചകോടി ഉപേക്ഷിക്കുകയായിരുന്നു. സെപ്റ്റംബറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികനും മൂന്നു പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാനുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചർച്ചയ്ക്കു തയാറായിരുന്നു. എന്നാൽ ചർച്ചയ്ക്ക് മുൻപു ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്കു ശേഷം ഇന്ത്യ പിന്മാറുകയായിരുന്നു.

താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കിയെങ്കിൽ മാത്രമെ ഉന്നതതലത്തിലുള്ള ചർച്ചയ്ക്കു പ്രസക്തിയുള്ളുവെന്നായിരുന്നു ഐക്യരാഷ്ട്ര സഭയിലെ സാർക്ക് മന്ത്രിമാരുടെ സമ്മേളനത്തിൽ സുഷമ സ്വരാജിന്റെ പ്രതികരണം. ചൊവ്വാഴ്ച കർതാർപുർ സിഖ് ഇടനാഴിയുടെ പാക്കിസ്ഥാൻ ഭാഗത്തിലെ നിർമ്മാണോദ്ഘാടനത്തിൽ നിന്നു സുഷമ സ്വരാജും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും വിട്ടുനിന്നതും പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളൽ തന്നെയാണ് സൂചിപ്പിക്കുന്നത്.

പഞ്ചാബിലെ പഠാൻകോട്ടിലുള്ള വ്യോമസേനാ താവളത്തിൽ 2016-ൽ നടന്ന ഭീകരാക്രമണത്തിനുശേഷമാണ് ഇന്ത്യയ്ക്കും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായത്. ഉഭയകക്ഷി ചർച്ചയുടെ കാര്യത്തിൽ, ഭീകരതയും ചർച്ചയും ഒരുമിച്ചുപോകില്ലെന്ന ഉറച്ച നിലപാടായിരുന്നു മുംബൈ, പഠാൻകോട്ട് ഭീകരാക്രമണങ്ങൾക്കുശേഷം ഇന്ത്യ സ്വീകരിച്ചത്. പാക്കിസ്ഥാൻ ഭീകരത അവസാനിപ്പിക്കാതെ ചർച്ചയുടെ അന്തരീക്ഷമുണ്ടാകില്ലെന്ന നിലപാട് ലോകവേദികളിലും ഇന്ത്യ ഉന്നയിച്ചിരുന്നു. അമേരിക്ക അടുത്തിടെ പാക്കിസ്ഥാനുള്ള ആയുധസഹായം വെട്ടിക്കുറിച്ചതും അന്താരാഷ്ട്ര സമ്മർദ്ദങ്ങളുടെ സൂചനയാണ്.

ഇന്ത്യ-പാക് ബന്ധം മെച്ചപ്പടണമെന്ന് ഇമ്രാൻ ഖാൻ അധികാരമേറ്റയുടൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന്റെ മുഖ്യ കാരണം കശ്മീർ വിഷയമാണെന്നും അത് ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഇമ്രാൻ വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടേണ്ടത് ഇരു രാജ്യങ്ങൾക്കും ഉപഭൂഖണ്ഡത്തിന് ആകെയും ഗുണം ചെയ്യും. ഇന്ത്യ-പാക് വ്യാപാര ബന്ധം പുനഃസ്ഥാപിക്കപ്പെടണം.
ഇന്ത്യ ഒരു ചുവട് വച്ചാൽ പാക്കിസ്ഥാൻ രണ്ട് ചുവട് വയ്ക്കാൻ തയ്യാറാണ്. കശ്മീരിലെ ജനങ്ങൾ ഏറെ നാളായി കഷ്ടതയനുഭവിക്കുകയാണെന്നും അതിന് പാക്കിസ്ഥാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ഇമ്രാൻ പറഞ്ഞു. ഇന്ത്യയുടെ നാശം ആഗ്രഹിക്കുന്ന വില്ലനായാണ് ഇന്ത്യൻ മാധ്യമങ്ങൾ തന്നെ കഴിഞ്ഞ നാല് ദിവസങ്ങളായി ചിത്രീകരിക്കുന്നതെന്നും അത് ശരിയല്ലെന്നും ഇമ്രാൻ പറഞ്ഞിരുന്നു.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും വീണ്ടും കൂടിക്കാഴ്ച നടത്തും. ഈ മാസം 30-ന് അർജന്റീനയിൽ നടക്കുന്ന ജി 20 ഉച്ചകോടിയോട് അനുബന്ധിച്ചാവും കൂടിക്കാഴ്ചയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം വുഹാനിൽ നടന്ന അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും രണ്ടുതവണ കണ്ടിരുന്നു. ജൂണിൽ ചൈനയിൽ നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി, ജൂലൈയിൽ ജൊഹാനസ്ബർഗിൽ നടന്ന ബ്രിക്‌സ് ഉച്ചകോടി എന്നിവയായിരുന്നു കൂടിക്കാഴ്ചാ വേദികൾ. അതേസമയം, ഉച്ചകോടിക്കെത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുമോ എന്ന വിഷയത്തിൽ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തത വരുത്തിയില്ല. ഇതിനാൽതന്നെ ചർച്ചയ്ക്കു സാധ്യതയില്ലെന്നാണു സൂചന.