ദുബായ്: മലരെ എന്ന പാട്ട് കാതിൽ പതിഞ്ഞതോടെ തുടങ്ങിയ മലയാളം കമ്പം. പിന്നീട് മലയാളം പാട്ടുകളുടെ കൡത്തോഴിയായി മാറിയ പാക്കിസ്ഥാനി പെൺകുട്ടിക്ക് ഇന്ന് മലയാളികളെ കുറിച്ച് പറയാൻ നൂറ് നാവാണ്. പ്രേമം എന്ന മലയാള സിനിമ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ നാസിയ അമീൻ മുഹമ്മദ് എന്ന പാക്കിസ്ഥാനി യുവതിക്കു മലയാളത്തോട് ഇത്ര പ്രേമം തോന്നുമായിരുന്നില്ല.

മലയാളം പാട്ടുകൾ ഗാനമേള സൈറ്റുകളിലും എല്ലാം പാടി വൈറലായ ഒരു കാറാച്ചിക്കാരി സുന്ദരിയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. ദുബായിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥയായ നാസിയ 2015ൽ സഹപ്രവർത്തകൻ രാജ്കുമാറും സുഹൃത്തും പ്രേമം സിനിമ കാണാൻ പോകുന്നതു കണ്ടപ്പോഴാണ് മലയാളം സിനിമയെക്കുറിച്ചു പോലും അറിഞ്ഞത്.

മലരേ എന്ന പാട്ടു കേട്ടതോടെ മലയാളത്തോട് ഇഷ്ടമായി. രണ്ടു ദിവസമെടുത്ത് കഷ്ടപ്പെട്ടു മലരേ പാടി പഠിച്ചു. സഹപ്രവർത്തകരുടെ ഈദ് ആഘോഷത്തിനിടെ അതു പാടി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അതിർത്തിയിൽ കലഹം മൂത്ത സമയത്തായിരുന്നു അത്. സഹപ്രവർത്തകനായ സിറാജ് ഈ പാട്ട് സമൂഹമാധ്യത്തിൽ പോസ്റ്റ് ചെയ്തതു വൈറലായി. മനസ്സുകൾ കീഴടക്കി നാസിയയുടെ പാട്ട് രാജ്യാതിർത്തികൾ കടന്നു. സമൂഹമാധ്യമത്തിൽ മലയാളികളുടെ സ്‌നേഹത്തോടെയുള്ള കമന്റുകൾ കണ്ടതോടെ രാജഹംസമേ..., കാത്തിരുന്നു..കാത്തിരുന്നു തുടങ്ങിയ പാട്ടുകളും പഠിച്ചു.

എന്നു നിന്റെ മൊയ്തീൻ, എസ്ര തുടങ്ങിയ സിനിമകളും കണ്ടു. ഇതിനിടെ ദുബായിലും ഷാർജയിലും കെ.എസ് ചിത്ര, എം.ജയചന്ദ്രൻ എന്നിവർക്കൊപ്പം വേദിയിൽ മലയാളം പാട്ടു പാടാനുള്ള അവസരവും ലഭിച്ചതോടെ മലയാളത്തോട് ഇഷ്ടം കൂടി കുറേ പാട്ടുകൾ പഠിച്ചു. കുറേശ്ശെ മലയാളം പറയാനും പഠിച്ചു. 33 ഭാഷകളിൽ പാടാൻ തനിക്ക് കഴിവു തന്നതു മലയാളമാണെന്നും നാസിയ. മലയാളം പഠിച്ചാൽ ഏതു ഭാഷയും വഴങ്ങുമത്രേ. ദേശവും ഭാഷയുമൊന്നും നോക്കാതെ നല്ലതിനെ സ്വീകരിക്കുന്ന മലയാളി സ്വഭാവത്തിന് നാസിയയുടെ നൂറു മാർക്ക്. മനോഹരമായ കേരളം കാണാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഓണത്തിന് ധരിക്കുന്ന കസവ് സാരിയോട് ഏറെ പ്രിയം. ദോശയും സദ്യയും ഏറ്റവും ഇഷ്ടം. ഇഷ്ടമാണെന്നു പറയാൻ.