ന്യൂഡൽഹി: ''ഒരു ഗണപതിഹോമം വേണം; പേര് രഞ്ജിത്ത്, നാള് പുണർതം, പാലാ പൊലീസ് സ്റ്റേഷൻ...'. ഇതു കേട്ടതോടെ രസീത് എഴുതാനിരുന്നയാൾക്ക് കാര്യം മനസ്സിലായി. ''പാലാ പൊലീസിൽ നിന്നാണല്ലേ ...... എന്നെ തേടി വന്നതാണെന്നറിയാം, ഞാൻ തന്നെയാണ് മോഹൻദാസ്. പിന്നെ അറസ്റ്റ്. അതിന് ശേഷമാണ് പാലാ പൊലീസ് പിടികിട്ടാപുള്ളിയെ പിടികൂടിയത് എല്ലാവരും അറിഞ്ഞത്.

തങ്ങൾ പാലായിൽ നിന്നും വന്ന പൊലീസുകാരാണെന്നും ഈ മോഹൻദാസ് കോടികൾ തട്ടിച്ച് മുങ്ങിയ കേസിലെ പ്രതിയാണെന്നും മേൽശാന്തി അടക്കമുള്ളവരോട് പറഞ്ഞ് പൊലീസ് പ്രതിയുമായി മടങ്ങി. എട്ടു വർഷമായി തങ്ങളുടെ അക്കൗണ്ടന്റായ 'മോഹനേട്ടൻ' ഇത്രവലിയൊരു തട്ടിപ്പുകാരനാണെന്ന് ക്ഷേത്രത്തിലുള്ളവർ അങ്ങനെ അറിഞ്ഞു. ഇയാളുടെ ഭാര്യയും മക്കളും മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഇപ്പോൾ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ് താമസം. 14 വർഷം മുമ്പ് നാട്ടിലേറെ കോളിളക്കം സൃഷ്ടിച്ചതാണ് മോഹൻദാസിന്റെ തട്ടിപ്പും തിരോധാനവും.

പാലാ സ്റ്റേഷനിലെ ക്രൈം സ്‌ക്വാഡിലുള്ള എഎസ്‌ഐ ബിജു കെ തോമസും സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫനും സിവിൽ പൊലീസ് ഓഫീസർ സി രഞ്ജിത്തുമാണ് ഭക്തരുടെ വേഷത്തിൽ പിടികിട്ടാപ്പുള്ളിയെ പിടികൂടിയത്. പിറവം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ചാണ് രോഹിണിയിലെ അയ്യപ്പക്ഷേത്രത്തിൽ അക്കൗണ്ടന്റ് ആയി ജോലി നേടിയത്.

അടുത്തിടെ പാലാ ഡിവൈ എസ് പി ഷാജു ജോസ് പിടികിട്ടാപുള്ളികളെ പിടിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഇതേ തുടർന്ന് അന്വേഷണങ്ങൾ ഊർജിതമാക്കിയപ്പോൾ പാലാ സി ഐ കെ പി ടോംസണ് മോഹൻ ദാസിനെപ്പറ്റി ഒരു രഹസ്യ വിവരം ലഭിച്ചു. അങ്ങനെ ക്രൈം സ്‌ക്വാഡ് സംഘം ഡൽഹിയിലേക്ക് പോയി. പുലർച്ചെ കസ്റ്റഡിയിലെടുത്ത മോഹൻദാസുമായി അപ്പോൾതന്നെ പൊലീസ് സംഘം പാലായ്ക്ക് മടങ്ങി.

2008 ൽ പാലായിലെ എൽഐസി ഏജന്റ് ആയിരുന്ന മോഹൻദാസ് പോളിസി ഉടമകളിൽ നിന്നും വാങ്ങിയ പണം എൽ ഐ സിയിൽ അടക്കാതെ മറ്റും ചിട്ടി കമ്പനിയിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിനുശേഷം തന്റെ സ്വന്തം വീടും സ്ഥലവും വിൽപ്പനയ്ക്കുണ്ട് എന്ന് പരസ്യം വെക്കുകയും ചെയ്തു. ഈ പരസ്യം മുൻനിർത്തി പലരുമായും കരാർ വെച്ച് ലക്ഷക്കണക്കിന് രൂപ അഡ്വാൻസായി വാങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് വഞ്ചിതരായവർ പാലാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

2008 ൽ പതിനഞ്ചോളം വഞ്ചനാകേസുകൾ ആണ് പ്രതിയായ മോഹൻദാസിനെതിരെ പാലാ പൊലീസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണത്തിനൊടുവിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യം നേടിയ പ്രതി ഭാര്യയോടും മക്കളോടുമൊപ്പം നാടുവിടുകയായിരുന്നു. ഇതോടെ പൊലീസ് കോടതിയെ സമീപിച്ചു. തുടർന്ന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മോഹൻദാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഹൻദാസ് താമസിച്ചിരുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പഞ്ചാബിലെത്തിയ മോഹൻദാസും ഭാര്യയും 3 വർഷത്തോളം ലുധിയാനയിൽ അദ്ധ്യാപകരായി ജോലി ചെയ്തു. ഇയാൾ ബികോം ബിരുദധാരിയായിരുന്നു. പിന്നീട് രണ്ട് വർഷക്കാലം മോഹൻദാസ് അവിടെയുള്ള അമ്പലത്തിൽ കഴകക്കാരനായി ജോലി ചെയ്തു. ഈ സമയത്ത് ലുധിയാനയിൽ വാടകക്ക് താമസിച്ചിരുന്ന അഡ്രസ്സിൽ ഇയാൾ ആധാർ കാർഡും സ്വന്തമാക്കി.

ബി.കോം. ബിരുദധാരിയായ മോഹൻദാസും ഭാര്യയും മൂന്ന് വർഷത്തോളം ലുധിയാനയിൽ അദ്ധ്യാപകരായി ജോലിചെയ്തു. പിന്നീട് രണ്ടുവർഷം മോഹൻദാസ് അവിടെയുള്ള അമ്പലത്തിൽ കഴകക്കാരനായി. ഈ സമയത്ത് ലുധിയാനയിൽ വാടകക്ക് താമസിച്ചിരുന്ന അഡ്രസ്സിൽ ഇയാൾ ആധാർകാർഡും സ്വന്തമാക്കി. 2013-ൽ മോഹൻദാസിനെ അന്വേഷിച്ച് പൊലീസ് പഞ്ചാബിൽ എത്തി അന്വേഷണം നടത്തി. വിവരമറിഞ്ഞ മോഹൻദാസ് ഡൽഹിയിലേക്ക് കുടുംബസമേതം താമസം മാറ്റി. ഡൽഹിയിൽ പിറവം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലത്തിൽ അക്കൗണ്ടന്റ് ആയി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

കുടുംബാംഗങ്ങളുമായോ നാടുമായോ യാതൊരു ബന്ധവുമില്ലായിരുന്നു. മൂന്നുമാസം മുൻപ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശപ്രകാരം പാലാ ഡിവൈ.എസ്‌പി. ഷാജു ജോസ് പുതിയ അന്വേഷണസംഘം രൂപവത്കരിച്ചു. അന്വേഷണത്തിൽ മോഹൻദാസിന്റെ ഭാര്യയും മക്കളും വിദ്യാഭാസ ആവശ്യത്തിനായി പൊള്ളാച്ചിയിലേക്ക് താമസം മാറ്റിയതറിഞ്ഞു. തുടർന്ന് കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ നിരവധി ഫോൺേകാളുകൾ പരിശോധിച്ച് ഡൽഹിയിലെ ഒരു അമ്പലത്തിലെ നമ്പറിൽനിന്ന് ഭാര്യക്കും മക്കൾക്കും ഇടയ്ക്കിടെ കോളുകൾ വരുന്നത് ശ്രദ്ധിച്ചിരുന്നു.

തുടർന്ന് ന്യൂഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് കഴിഞ്ഞ എട്ടുവർഷമായി മോഹൻദാസ് ഡൽഹിയിലെ രോഹിണിയിൽ അമ്പലത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണെന്ന് കണ്ടെത്തുകയായിരുന്നു. പാലാ സിഐ. കെ.പി. ടോംസന്റെ നേതൃത്വത്തിൽ എഎസ്ഐ. ബിജു കെ.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫീസർ സി. രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.