- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവത്തിനിടെ കുഞ്ഞും പിന്നാലെ അമ്മയും മരിച്ചത് രണ്ട് ദിവസം മുൻപ്; പ്രതിഷേധം കെട്ടടങ്ങും മുൻപേ പാലക്കാട് തങ്കം ആശുപത്രിയിൽ വീണ്ടും രോഗി മരിച്ചു; മരണപ്പെട്ടത് കാലിൽ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച 27 കാരി; അനസ്‌തേഷ്യ നൽകിയതിലെ അപാകമാണ് മരണകാരണമെന്ന് ബന്ധുക്കൾ; മരണ വിവരം യഥാസമയം ബന്ധുക്കളെ അറിയിച്ചില്ലെന്നും ആക്ഷേപം
പാലക്കാട്: പ്രസവശസ്ത്രക്രിയക്കിടെ യുവതി മരിച്ചതിനെത്തുടർന്ന് വിവാദം തുടരവേ തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ മറ്റൊരു രോഗി കൂടി മരണപ്പെട്ടു.കോങ്ങാട് ചെറായ കാക്കറത്ത് ഹരിദാസിന്റെ മകൾ കാർത്തികയാണ് (27) ചൊവ്വാഴ്ച രാത്രി മരിച്ചത്.കാലിൽ ശ്‌സ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച യുവതിയാണ് മരിച്ചത്.പ്രതിഷേധത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി.
ചെറുപ്പത്തിൽ പോളിയോ ബാധിച്ച കാർത്തികയുടെ കാലിൽ ശസ്ത്രക്രിയ നടത്താൻ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ, ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിനിടെ കാർത്തിക മരിക്കുകയാണുണ്ടായത്.അനസ്‌തേഷ്യ നൽകിയതിലെ അപാകമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
രാത്രി ഒമ്പതോടെയാണ് മരണവിവരം അറിയിച്ചതെന്നും കാർത്തിക നേരത്തേ മരിച്ചെന്നും വിവരം ആശുപത്രി അധികൃതർ മറച്ചുവെച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം.ആശുപത്രിക്ക് മുന്നിൽ ഇവർ പ്രതിഷേധിച്ചതിനെത്തുടർന്ന് പാലക്കാട് ടൗൺ സൗത്ത് പൊലീസ് എത്തി. ബന്ധുക്കളോട് സംസാരിച്ചശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുലുക്കിലിയാട് സർവീസ് സഹകരണബാങ്കിലെ ക്ലാർക്കാണ് കാർത്തിക. അമ്മ: ഉഷ. സഹോദരൻ: ഹരിശങ്കർ (കാനഡ).
അതേസമയം വിശദവിവരങ്ങൾ ലഭ്യമായതിനുശേഷം പ്രതികരിക്കാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ദിവസങ്ങൾക്ക് മുൻപാണ് ഇതേ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞും പിന്നാലെ അമ്മയും മരിച്ചത്.പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയതാണ് കുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നത് ആശുപത്രിയെ വെട്ടിലാക്കിയിരുന്നു.
പിന്നാലെ യുവതിയുടെ ഗർഭപാത്രം ബന്ധുക്കളുടെ അനുവാദമില്ലാതെയാണ് നീക്കം ചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.മാത്രമല്ല സിസേറിയൻ ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതർ അനുവദിച്ചില്ലെന്നും സ്ഥിരമായി യുവതിയെ പരിശോധിച്ച ഡോക്ടറായിരുന്നില്ല പ്രസവ സമയത്ത് ഉണ്ടായിരുന്നതെന്നുമുൾപ്പടെ ഗുരുതര ആരോപണങ്ങലാണ് ആശുപത്രിക്ക് നേരെ ഉണ്ടായിരുന്നത്.ഈ വിവാദം കെട്ടടങ്ങും മുൻപേയാണ് മറ്റൊരു രോഗി മരണം കൂടി സംഭവിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ