- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാല് പേർ കസ്റ്റഡിയിൽ; കേസിൽ 16 പ്രതികളുണ്ടെന്നും വിജയ് സാഖറെ; കൃത്യം ആസൂത്രണം ചെയ്തത് മോർച്ചറിയുടെ പിന്നിലെ ഗ്രൗണ്ടിൽ; കൊലയാളി സംഘത്തിൽ ആറ് പേർ; പ്രത്യാക്രമണമുണ്ടായാൽ നേരിടാനും നാലംഗ സംഘം
പാലക്കാട്: പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേർ കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും കേസിൽ 16 പ്രതികളുണ്ടെന്നും എ.ഡി.ജി.പി. വിജയ് സാഖറെ പറഞ്ഞു.
റിസ്വാൻ, സഹദ്, ബിലാൽ, റിയാസ് ഖാൻ എന്നിവരാണ് പിടിയിലായത്. നാലു പേരും പാലക്കാട് ജില്ലക്കാരാണ്. ഗൂഢാലോചന, കൃത്യം നടത്താൻ സഹായിച്ചു എന്നിവയാണ് ഇവർക്കെതിരായ വകുപ്പുകൾ.
ശ്രീനിവാസനെ കൊലപ്പെടുത്താൻ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു.
ഈ സംഘത്തിലെ നാല് പേരാണ് പിടിയിലായത്. കേസിൽ 16 പേർ പ്രതികളാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട അന്നാണ് കൊലപാതകം പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോർച്ചറിക്ക് പുറകിൽ ഇരുന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്നും എഡിജിപി പറയുന്നു. പിറ്റേദിവസം രാവിലെ കൊല്ലേണ്ട ആളെയും മറ്റും ഉറപ്പിച്ചു. ഇതിൽ ആറുപേരാണ് ശ്രീനിവാസനെ കൊല്ലാനായി പോയതെന്നും എ.ഡി.ജി.പി. പറഞ്ഞു.
കേസിലെ മുഖ്യപ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാനായി പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലടക്കം പൊലീസ് തിരച്ചിൽ തുടരുകയാണ്.
സുബൈർ വധത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും ഗൂഢാലോചനയിലേക്ക് പൊലീസിന് എത്താനായിട്ടില്ല. സുബൈർ വധത്തിൽ പ്രതികൾ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
അതേസമയം, പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിഷുദിനം കുത്തിയതോട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്.
ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തകരാറിലാകാനുമുള്ള സാധ്യത മുന്നിൽ കണ്ട് ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്.
ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യൻ ആയുധ നിയമം സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ഇന്ത്യൻ സ്‌ഫോടക വസ്തു നിയമം 1884-ലെ സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ സ്ഫോടകവസ്തുക്കൾ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കും വിധം സമൂഹത്തിൽ ഊഹാപോഹങ്ങൾ പരത്തുകയോ ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.
മറുനാടന് മലയാളി ബ്യൂറോ