പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. ആർഎസ്എസ് പ്രവർത്തകരായ വിഷ്ണു, മനു എന്നിവരാണ് അറസ്റ്റിലായത്. സുബൈർ കൊലക്കേസിൽ കൊലയാളികളിൽ അവശേഷിക്കുന്ന മൂന്ന് പേർ വൈകാതെ വലയിലാകുമെന്ന് പാലക്കാട് എസ്‌പി വ്യക്തമാക്കി.

കഴിഞ്ഞ എട്ടിന് സുബൈറിനെ വധിക്കാൻ പുറപ്പെട്ട നാലംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണ് വിഷ്ണു. പൊലീസ് സാന്നിധ്യമുണ്ടായിരുന്നതിനാൽ ആ ശ്രമം പാളി. പിന്നീടാണ് പതിനഞ്ചിന് സുബൈറിനെ കൊലപ്പെടുത്തിയത്. മനുവിന്റെ നേതൃത്വത്തിലായിരുന്നു ഗൂഢാലോചന.

ആർഎസ്എസ് കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു, ഇരട്ടക്കുളം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. അതേസമയം, പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലയാളി സംഘത്തിലെ മൂന്ന് പേർ പിടിയിലായിരുന്നു. അവശേഷിക്കുന്ന മൂന്ന് പേർ കൂടി വൈകാതെ വലയിലാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ശ്രീനിവാസന്റെ കൊലപാതകം എതിരാളികളുടെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കൊലപാതക ഗൂഢാലോചനയിൽ അറസ്റ്റിലായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, സഹദ്, മുഹമ്മദ് റിസ്വാൻ എന്നിവരുടെ കസ്റ്റഡി അപേക്ഷയിലാണ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അന്വേഷണ സംഘം വെളിപ്പെടുത്തിയത്.

മുഹമ്മദ് ബിലാലും റിയാസുദ്ദീനും ഗൂഢാലോചനയിൽ പങ്കെടുക്കുകയും പ്രതികൾക്ക് ആയുധമെത്തിക്കുന്നതിൽ സഹായിക്കുകയും ചെയ്തു. റിസ്വാനാണ് പ്രതികളുടെ മൊബൈൽ ഫോൺ ശേഖരിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത്.

കൊലപാതകത്തിനായി വലിയ ഗൂഢാലോചന നടത്തിയെന്നും നാലു പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ കോടതിയെ അറിയിച്ചു. എതിരാളികളുടെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവമാണിതെന്നും പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്നും പൊലീസ് റിമാന്റ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

ഇത് പരിഗണിച്ചാണ് കോടതി നാല് പ്രതികളെയും ഞായറാഴ്ച വരെ കസ്റ്റഡിയിൽ നൽകിയത്. പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയാക്കി ചോദ്യം ചെയ്യലിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിനിടെ സുബൈർ കേസിൽ പൊലീസ് അന്വേഷണത്തിലെ അതൃപ്തി പരസ്യമാക്കി സുബൈറിന്റെ സഹോദരൻ രംഗത്തെത്തി.