കൊച്ചി: കുണ്ടന്നൂരിൽവെച്ച് വാഹനം തട്ടിയപ്പോൾ സൈജു അവിടെ എത്തുകയും രാത്രി തങ്ങാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ അവർ അത് നിരസിക്കുകയായിരുന്നു. എന്തുകൊണ്ടാണ് സൈജു അവരുടെ കാര്യത്തിൽ ഇത്രയധികം താത്പര്യം കാണിച്ചതെന്ന് എനിക്കറിയില്ല. എന്നാൽ അവരെ ഉപദ്രവിക്കാനോ മറ്റോ ലക്ഷ്യമിട്ടാണ് സൈജു അങ്ങനെ പെരുമാറിയതെന്ന് ഞാൻ കരുതുന്നില്ല-കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തിൽ പുതിയ ന്യായവുമായി പുതിയ വ്യക്തി. അപകടം നടന്ന് ദിവസങ്ങൾ കഴിയുമ്പോഴാണ് കൊച്ചിയിലെ അപകടത്തിൽ ദുരൂഹതകളില്ലെന്ന് മുൻ മിസ് കേരള വിജയികളുടെ സുഹൃത്തും ഫാഷന്മോഡലുമായ ഇ.ഡി. സൽമാൻ പ്രഖ്യാപിക്കുന്നത്.

തങ്ങൾ അഞ്ചുപേരാണ് സുഹൃത്ത്സംഘത്തിലുണ്ടായിരുന്നതെന്നും ഇതിൽ മൂന്ന് പേരെ നഷ്ടമായെന്നും സൽമാൻ വേദനയോടെ പറഞ്ഞു. മുൻ മിസ് കേരള അൻസി കബീർ, അൻജന ഷാജൻ തുടങ്ങിയവർ സഞ്ചരിച്ചിരുന്ന വാഹനം സൽമാന്റേതായിരുന്നു. ഈ കാറാണ് നവംബർ ഒന്നിന് അർധരാത്രിയോടെ അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നിൽ ദുരൂഹത ഏറെയാണ്. നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിച്ചതിൽ ചർച്ചകൾ പുരോഗമിക്കുന്നു. ഐപിഎസ് ഉന്നതന്റെ ഇടപെടലിൽ സംശയങ്ങളും ചർച്ചകളിലുണ്ട്. ഇതിനിടെയാണ് സൽമാൻ എത്തുന്നത്. ഈ കേസിൽ ഒരു അന്വേഷണത്തിന്റേയും ആവശ്യമില്ലെന്ന് പറയുകയാണ് സൽമാൻ. ആൻസിയുടേയും അൻജനയുടേയും കുടുംബം സംഭവത്തിൽ ദുരൂഹത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സൽമാൻ എത്തുമ്പോഴും ചർച്ചയാകുന്നത് ഗൂഢാലോചനയാണ്.

തൃശ്ശൂർ കോണാത്തുകുന്ന് എടപ്പുള്ളി വീട്ടിൽ സൽമാനും(25) അൻസി കബീറും അൻജനയും അബ്ദുൾറഹ്മാനും ആഷിഖുമെല്ലാം ഒരു സുഹൃത്ത് സംഘത്തിലുള്ളവരാണ്. അപകടം നടന്ന ദിവസം സൽമാനും ഇവർക്കൊപ്പം നമ്പർ 18-ലെ പാർട്ടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ കണ്ണൂരിൽ ഷൂട്ടിങ്ങുള്ളതിനാൽ തന്റെ വാഹനം സുഹൃത്തുക്കളെ ഏൽപ്പിച്ച് സൽമാൻ മടങ്ങി. ഇതിനുപിന്നാലെയാണ് ഉറ്റസുഹൃത്തുക്കളുടെ അപകടവിവരം അറിയുന്നതെന്ന് സൽമാൻ പറഞ്ഞതായി മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്യുന്നത്.

'ഞങ്ങൾ അഞ്ചുപേരാണെങ്കിലും ഒരുമനസ്സായിരുന്നു. അപകടത്തിൽ മൂന്നുപേരെയാണ് ഞങ്ങൾക്ക് നഷ്ടമായത്. മാസങ്ങളായി ഞങ്ങൾ പരസ്പരം കണ്ടിരുന്നില്ല. അബ്ദുൾറഹ്മാൻ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. അതിനാലാണ് അബ്ദുറഹ്മാൻ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഒത്തുചേരാൻ തീരുമാനിച്ചത്. എന്നാൽ കണ്ണൂരിൽ ഷൂട്ടിങ്ങുണ്ടായതിനാൽ എനിക്ക് അവർക്കൊപ്പം ചേരാനായില്ല. വാഹനം അവർക്ക് കൈമാറിയശേഷം ഞാൻ കണ്ണൂരിലേക്ക് പോയി. ഇതിനിടെ, അവരെ ഫോണിൽ ബന്ധപ്പെടുകയും ഹോട്ടലിലെ വിശേഷങ്ങൾ അവർ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെ ഞങ്ങൾക്കെല്ലാം അറിയാം. അദ്ദേഹം ഒരിക്കലും ഞങ്ങളോട് മോശമായി പെരുമാറിയിട്ടില്ല. അന്നേദിവസം അവരെല്ലാം അതീവസന്തോഷത്തിലായിരുന്നു. ആ ഒത്തുചേരലിൽ അവർ എന്നെ മിസ് ചെയ്തിരുന്നു- സൽമാൻ പറഞ്ഞു. അതായത് റോയി വയലാട്ടിന് ക്ലീൻ ചിറ്റ് കൊടുക്കാനാണ് സൽമാന്റെ ശ്രമം. പുതിയൊരു പ്രണയ കഥയും ഇയാൾ അവതരിപ്പിക്കുന്നു.

ഫാഷന്മോഡലായ സൽമാൻ 2017-ൽ കോഴിക്കോട് നടന്ന മിസ് മലബാർ മത്സരത്തിനിടെയാണ് അൻസിയെ പരിചയപ്പെടുന്നത്. അതേവേദിയിൽ നടന്ന മിസ്റ്റർ കേരള മത്സരത്തിൽ മിസ്റ്റർ പേഴ്സണാലിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടത് സൽമാനായിരുന്നു. ഇതാണ് ഇരുവരുടെയും പരിചയത്തിലേക്ക് നയിച്ചത്. തുടർന്ന് അൻസി വഴി അൻജനയെയും പരിചയപ്പെട്ടു. സൽമാനാണ് തന്റെ സുഹൃത്തുക്കളായ ആഷിഖിനെയും അബ്ദുൾറഹ്മാനെയും യുവതികൾക്ക് പരിചയപ്പെടുത്തിയത്. ഇതോടെ ഇവർ അഞ്ച് പേരും സുഹൃത്ത്സംഘമായി മാറി. അൻജനയും അബ്ദുറഹ്മാനും ഇതിനിടെ പ്രണയത്തിലായെന്നും ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചിരുന്നതായും സൽമാൻ വെളിപ്പെടുത്തി. പക്ഷേ, വിധി മറ്റൊന്നാവുകയായിരുന്നു- സൽമാൻ പറഞ്ഞു. എന്നാൽ അബ്ദുൾ റഹ്മാൻ ആരെന്ന് അറിയില്ലെന്നാണ് മോഡലുകളുടെ കുടുംബം പറയുന്നത്. അബ്ദു റഹ്മാന്റെ പല ഇടപെടലുകളിലും സംശയമുണ്ട്.

സംഭവദിവസം രാത്രി 11 മണിയോടെ അൻസി സൽമാനെ ഫോണിൽവിളിച്ചിരുന്നു. ഈ ഫോൺ വിളിയിൽ ദുരൂഹതകളുണ്ട്. ഇതിനിടെയാണ് സൽമാൻ കഥയുമായി എത്തുന്നത്. എന്നാൽ എന്തുകൊണ്ടാണ് സൈജു ഇവരെ പിന്നീട് പിന്തുടർന്നതെന്ന് അറിയില്ലെന്നും സൽമാൻ പ്രതികരിച്ചു. 'കുണ്ടന്നൂരിൽവെച്ച് വാഹനം തട്ടിയപ്പോൾ സൈജു അവിടെ എത്തുകയും രാത്രി തങ്ങാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ അവർ അത് നിരസിക്കുകയായിരുന്നു. എന്തുകൊണ്ടാണ് സൈജു അവരുടെ കാര്യത്തിൽ ഇത്രയധികം താത്പര്യം കാണിച്ചതെന്ന് എനിക്കറിയില്ല. എന്നാൽ അവരെ ഉപദ്രവിക്കാനോ മറ്റോ ലക്ഷ്യമിട്ടാണ് സൈജു അങ്ങനെ പെരുമാറിയതെന്ന് ഞാൻ കരുതുന്നില്ല. അപകടം നടക്കുമ്പോൾ അദ്ദേഹം അല്പം ദൂരെയായിരുന്നു. അപകടത്തിന് ശേഷം അബ്ദുൾറഹ്മാനുമായി ഞാൻ സംസാരിച്ചിരുന്നു. അപകടത്തിൽ യാതൊരു ദുരൂഹതയുമില്ലെന്നും ഹോട്ടലുടമയ്ക്കോ സൈജുവിനോ ഒരു പങ്കുമില്ലെന്നുമാണ് അബ്ദുൾറഹ്മാൻ പറഞ്ഞത്. ബൈക്ക് യാത്രക്കാരൻ ഇൻഡിക്കേറ്റർ ഇടാതെ പെട്ടെന്ന് തിരിച്ചതാണ് അപകടം സംഭവിക്കാനിടയാക്കിയത്. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി അബ്ദുൾറഹ്മാൻ വാഹനം ഇടത്തോട്ട് വെട്ടിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. ഇതാണ് അന്ന് സംഭവിച്ചത്'- സൽമാൻ വിശദീകരിച്ചു.

നമ്പർ 18 ഹോട്ടലിൽ ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെന്നും സൽമാൻ കൂട്ടിച്ചേർത്തു. 'യാഥാർഥ്യവുമായി ബന്ധമില്ലാത്ത റിപ്പോർട്ടുകളാണ് മാധ്യമങ്ങൾ പുറത്തുവിടുന്നത്. ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾ വസ്തുതകൾ പരിശോധിക്കണം. ഉറ്റസുഹൃത്തുക്കളുടെ വേർപാടിൽ തകർന്നിരിക്കുകയാണ് ഞങ്ങൾ. ഇതിനെല്ലാം പുറമേ ഉറ്റസുഹൃത്തുക്കളുടെ മരണത്തിന് കാരണമായ അപകടത്തിൽ അബ്ദു നിയമനടപടികളും നേരിടുകയാണ്-സൽമാൻ പറഞ്ഞു. എറണാകുളത്തെ ഹോട്ടലിൽനിന്ന് സംസാരിക്കുമ്പോൾ വാഹനാപകട കേസിൽ പ്രതിയായ അബ്ദുൾറഹ്മാനും സൽമാനൊപ്പം ഉണ്ടായിരുന്നുവെന്നും മാതൃഭൂമി വിശദീകരിക്കുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് അബ്ദുൾറഹ്മാനെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. റിമാൻഡിലായിരുന്ന ഇയാൾ ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യം നേടി ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

തൃശ്ശൂർ സ്വദേശിയായ സൽമാൻ വർഷങ്ങളായി മോഡലിങ് രംഗത്താണ് പ്രവർത്തിക്കുന്നത്. സ്റ്റോക്ക് മാർക്കറ്റ് ബിസിനസിലടക്കം സജീവമായിരുന്നു അബ്ദുൾറഹ്മാൻ. അപകടത്തിൽ മരിച്ച ആഷിഖ് മസ്‌ക്കറ്റിലെ സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്നു. എന്നാൽ കോവിഡ് കാരണം ആഷിഖിന് മസ്‌ക്കറ്റിലേക്ക് തിരികെപോകാനായില്ല. തുടർന്ന് പൂണെയിലെ ഒരുസ്ഥാപനത്തിൽ ജോലിക്ക് കയറി. ആഷിഖും അബ്ദുൾറഹ്മാനും സൽമാനും തൃശ്ശൂരിലെ കോളേജിൽ ഒരുമിച്ച് പഠിച്ചവരുമാണ്.

ചിത്രം കടപ്പാട്: മാതൃഭൂമി