ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം ഇരുരാജ്യങ്ങളിലെയും മാധ്യമങ്ങളിൽ വലിയ വാർത്തയാകുമ്പോൾ ഫലസ്തീനിലെയും ഇന്ത്യയിലെയും  നിരീക്ഷകർ ഇതിനെ ആശങ്കയോടൊണ് കാണുന്നത്.പതിറ്റാണ്ടുകളായി ഇന്ത്യ പിന്തുടർന്നു വരുന്ന ഫലസ്തീൻ നയത്തിൽ നിന്നുള്ള വ്യതിചലനമായിട്ടാണ് പലരും ഇതിനെ കാണുന്നത്. മോദി ഇസ്രയേലിലേക്ക് പോകുന്നതല്ല മറിച്ച് ഫലസ്തീൻ സന്ദർശനത്തിന് തയ്യാറാകാത്തതാണ് ഫലസ്തീൻ ഭരണകൂടത്തെയും ഫലസ്തീൻ ജനതയെയും ആകുലപ്പെടുത്തുന്നത്.

ഫലസ്തീൻ സ്വദേശിയും ഡൽഹി ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയുമായ മുഹമ്മദ് അബുഷ്ബാക് പറയുന്നത് ഇങ്ങനെയാണ്'നരേന്ദ്ര മോദി എന്തുകൊണ്ട് ഫലസ്തീനിലേക്ക് വരുന്നില്ല എന്നുള്ളത് ഞങ്ങളെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ഒന്നല്ല.നല്ലൊരു ശതമാനം ജനങ്ങളും ഇസ്രയേലിന്റെ കഥകേൾക്കുകയും അവരോട് അനുതാപം പ്രകടിപ്പിക്കുകയും ചെയ്യുന്നു.എന്നാൽ എന്തു കൊണ്ടാണ് ഇവരാരും ഫലസ്തീന്റെ കഥ കേൾക്കാതെ പോകുന്നത്.'

സ്വാതന്ത്രാനന്തര കാലഘട്ടം മുതൽ ഇന്ത്യ ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇന്ത്യയുടെ വിദേശ നയതന്ത്രത്തിൽ നിർണായകസ്വാധീനവും ഫലസ്തീൻ പ്രശ്നം ചെലുത്തി. 1947ൽ ഫലസ്തീൻ വിഭജനത്തിനെതിരെ ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ വോട്ട് ചെയ്തിരുന്നു. 1974ൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ ഫലസ്തീൻ ജനങ്ങളുടെ ഔദ്യോഗിക പ്രതിനിധികളായി ഇന്ത്യ അംഗീകരിച്ചിരുന്നു.

പിഎൽഒയെ അംഗീകരിക്കുന്ന അറബ് രാജ്യങ്ങളിൽ പെടാത്ത ആദ്യത്തെ രാജ്യവുമാണ് ഇന്ത്യ. 1988ൽ ഫലസ്തീനെ രാജ്യമായി അംഗീകരിച്ച ആദ്യത്തെ രാഷ്ട്രങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്. 1996ൽ ഗസ്സയിൽ ഇന്ത്യ കാര്യാലയം തുറന്നിരുന്നു. ഗസ്സയിലെ ഇന്ത്യൻ എംബസി 2003ൽ റാമള്ളയിലേക്ക് മാറ്റി. 2003ൽ ഫലസ്തീനിൽ വിഭജനമതിൽ നിർമ്മിക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ വോട്ട് രേഖപ്പെടുത്തിയിട്ടുമുണ്ട്.

എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഇന്ത്യയുടെ ഫലസ്തീൻ നയം ആർഎസ്എസ്സിന്റെ അജൻഡയ്ക്കനുസരിച്ച് തയ്യാറാക്കപ്പെടുന്നതായി ആക്ഷേപമുണ്ട്.ഇസ്രയേലിനോടുള്ള ചങ്ങാത്തത്തെയും ഈ രീതിയിൽ തന്നെയാണ് വ്യാഖ്യാനിക്കപ്പെടുന്നത്.ലഷ്‌കർ ഇ തൊയ്ബയിൽ നിന്ന് ഇന്ത്യ നേരിടുന്നതിന് സമാന്തരമായ ഭീഷണിയാണ് ഹമാസിൽ നിന്ന് ഇസ്രയേൽ നേരിടുന്നതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നു.

ഫലസ്തീൻ പൗരനായ ഫാതി തൊബൈൽ പറയുന്നു.'വിദ്യുത്ച്ഛക്തിയുടെ കാര്യത്തിൽ ഏറെക്കുറെ സ്വയം പര്യാപ്തമായ രാജ്യമാണ് ഇന്ത്യ.പക്‌ഷേ,നിങ്ങൾ ഒരു ദിവസം ഗസ്സയിലേക്ക് ഒന്നു വന്നു നോക്കൂ.കറന്റ്കട്ട് ഇവിടെ ഒരു നിത്യ സംഭവമാണ്.ഫാനും മറ്റ് വൈദ്യുതോപകരണങ്ങളും ദിവസങ്ങളോളം പ്രവർത്തിക്കാത്ത അവസ്ഥയുണ്ട്.ഇങ്ങനെയൊരു ജനസമൂഹം ഇവിടെ ജീവിക്കുന്നുവെന്ന കാര്യം നിങ്ങളുടെ പ്രധാനമന്ത്രിക്കറിയേണ്ടേ?ഗസ്സ ഉൾപ്പെടെയുള്ള സംഘർഷമേഖലകളിൽ ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാടിനെതിരായ വികാരമുണ്ടെന്ന് ഇവർ പറയുന്നു

ഇത്തരം ചോദ്യങ്ങൾ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഫലസ്തീനികൾ നൊമ്പരത്തോടെ ചോദിക്കുന്നുണ്ട്.അതിൽ നിലപാട് വ്യക്തമാക്കേണ്ട ബാദ്ധ്യത നമ്മുടെ ഭരണകൂടത്തിനുമുണ്ട്.ഇസ്രയേലുമായുള്ള സൗഹൃദവും പ്രതിരോധ സഹകരണവുമൊക്കെ നമ്മുടെ സാമ്പത്തിക-പ്രതിരോധ മേഖലകളുടെ വളർച്ചയ്ക്ക് നിലവിലുള്ള സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണെന്ന് പറയുമ്പോഴും അത് ചരിത്രത്തിൽ നിന്നുള്ള തിരിഞ്ഞു നടത്തമാകരുത്.നമ്മുടെ നയതന്ത്ര വിദഗ്ധരടക്കം ചൂണ്ടിക്കാണിക്കുന്നതും അതുതന്നെയാണ്.