തൃശൂർ: കണക്കുകൾ പ്രകാരം അങ്കമാലി- പാലിയേക്കര ദേശീയ പാത നിർമ്മിക്കാൻ സ്വകാര്യ കമ്പനിക്ക് ചെലവായത് 310 കോടി രൂപയാണ്. നിർമ്മാണം പൂർത്തിയാക്കി ടോൾ പിരിവു തുടങ്ങിയ ശേഷം മൂന്ന് വർഷം പൂർത്തിയായപ്പോൾ ജനങ്ങളിൽ നിന്നും നിർമ്മാതാക്കൾ പിരിച്ചത് 328 കോടി രൂപയാണെന്നാണ് ഔദ്യോഗിക വിവരം. ടോൾ പിരിക്കാനുള്ള അനുമതി ഇനിയും 15 വർഷം കൂടി അവശേഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പാലിയേക്കര ടോൾ പ്ലാസയിൽ കോടാനുകോടികൾ ഇനിയും വന്നടിയുമെന്ന കാര്യം ഉറപ്പാണ്.

ഇങ്ങനെയാണ് കാര്യങ്ങൾ എന്നിരിക്കേ പാലിയേക്കരയിലെ ടോൾപിരിവിനെതിരെ പ്രതിഷേധം പലവിധത്തിൽ ഉണ്ടാകുകയും ചെയ്യുന്നു. അപ്പോഴൊക്കെ ഏറ്റവും അധികം പണിയാകുന്നത് കേരളാ പൊലീസിനാണ്. ഫലത്തിൽ സ്വകാര്യ കമ്പനിക്ക് പണമുണ്ടാക്കാൻ വേണ്ടി പൊലീസ് കാവൽ നിൽക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. എന്നാൽ സ്വകാര്യ കക്ഷിയെന്ന നിലയിൽ നിരന്തരം പൊലീസ് സംരക്ഷണം ഒരുക്കേണ്ട അവസ്ഥ ഉണ്ടാകുമ്പോൾ തന്നെ സർക്കാറിന്റെ ഖജനാവിലേക്ക് യാതൊരു വരുമാനവും എത്തുന്നില്ല. നിയമപരമായി അടക്കേണ്ട തുകയും പാലിയേക്കരയിലെ ടോൾ കമ്പനി നൽകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. നിർമ്മാണ ചെലവിനേക്കാൾ പണം ചുരുങ്ങിയ കാലം കൊണ്ട് പോക്കറ്റിലാക്കിയ വേളയിൽ തന്നെയാണ് ഇക്കാരവും നടക്കുന്നത്.

1965 ലെ ടോൾ ആക്റ്റ് പ്രകാരം രാജ്യത്തെ എല്ലാ ടോളുകളിലും പൊലീസ് പ്രൊട്ടക്ഷൻ കൊടുക്കണമേന്നന്നു നിയമം പറയുന്നത്. ഫുഡ് കോർപറേഷൻ പോലുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ പൊലീസിന്റെ പ്രൊട്ടക്ഷൻ അവിശ്യമായി വന്നാൽ പ്രൊട്ടക്ഷനു ഒരു പൊലീസുകാരന് 375 രൂപ വച്ചു ട്രെഷറിയിൽ അടക്കണം എന്നാണ് ചട്ടം. എന്നാൽ ഇക്കാര്യം സാധാരണയായി ആരും പാലിക്കാറില്ല്. പാലിയേക്കരയിലെ ടോൾ കമ്പനിയും ഈ പാത തന്നെയാണ് പിന്തുടരുന്നത്. ഒരു രൂപ പോലും ട്രഷറിയിൽ അടയ്കാതെയാണ് ടോൾ പ്ലാസകളുടെ സംരക്ഷണത്തിനായി പൊലീസിനെ അധികൃതർ കൂട്ടുപിടിക്കുന്നത്.

കഴിഞ്ഞ ആഴച്ചയിൽ പാലിയേക്കര ടോൾ പ്ലാസയിലെ സമാന്തര പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച യുവാവിനെ ഡിവൈഎസ്‌പി തടഞ്ഞതും ഭീഷണിപ്പെടുത്തിയതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സംഭവത്തിന് ശേഷം പാലിയേക്കര ടോൾ പ്ലാസയിൽ നിരന്തരം പ്രശ്‌നങ്ങൾ തീർക്കാൻ ചിലർ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ആളുകൾ സ്വാഭാവികമായി തന്നെ ടോളിനെതിരെ പ്രതികരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ടോളിൽ പണം തരില്ല എന്ന് പരസ്യമായി പറയുവാനും, അടുത്തുള്ള സമാന്തരപാത യാത്രക്കായി ഉപയോഗപെടുത്താനും ഇപ്പോൾ ഇതിലുടെ യാത്ര ചെയുന്നവർ ശ്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ തലവേദന ഏറ്റവും കൂടുതുന്നത് പുതുക്കാട് പൊലീസിനാണ്.

ഇവിടുത്തെ സുരക്ഷാ ചുമതലയുള്ളത് പുതുകാട് പൊലീസിനാണ്. പാലിയേക്കര ടോള്ളിൽ ഇപ്പോഴും സമരങ്ങൾ സജീവമാണെക്കിലും സമര മുറകൾക്ക് വ്യത്യസ്തത വന്നിരിക്കുന്നു. മുൻപ് സമരക്കാർ വരുന്നു മുദ്രവാക്യം വിളിക്കുന്നു ടോൾ ഉപരോധിക്കുന്നു പിരിഞ്ഞു പോകുന്നു എന്നായിരുന്നുവെങ്കിൽ ഇപ്പോൾ സമര മുറകളുടെ രീതി മാറിയിരിക്കുകയാണ്. ഇപ്പോഴത്തെ സമരമുറ ഇങ്ങനെയാണെന്ന് പൊലീസ് പറയുന്നു.

വണ്ടികളിലായി ടോളിന്റെ നാല് ട്രാക്കുകളിലും വണ്ടികൾ നിർത്തി പണം തരില്ല എന്ന് പറയുന്നു. ഇത് വാഹനത്തിലുള്ളവരും ടോൾ ബൂത്തിൽ പണം പിരിക്കാൻ ഇരിക്കുന്നവരുമായി പ്രശ്‌നമാകുന്നു. ഇതേസമയം പുറകെ വരുന്ന വാഹനങ്ങൾ വന്നു നിൽക്കുക കൂടി ചെയ്യുമ്പോൾ വലിയ ബ്ലോക്ക് ഉണ്ടാകുകയും ചെയ്യും. ഇത് നിയന്ത്രിക്കാൻ നിൽക്കുന്ന പൊലീസുകാർക്കും ഇതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കും ഇത് വലിയ തലവേദനയാണ് ഉണ്ടാക്കുന്നതെന്നാണ് പുതുക്കാട് സിഐ എൻ മുരളീധരൻ പറയുന്നത്.

പ്രശ്‌നങ്ങളുണ്ടാകുമ്പോൾ അവിടെ പൊലീസിന്റെ അടുത്തേക്കാണ് ആളുകൾ ആദ്യം ദേഷ്യം കാണിക്കുനത്. ഇവിടെ സ്ഥിരമായി ജോലിക്ക് നിൽകുന്ന പൊലീസുകാർ ഇതുമീലം നിരന്തരമായി വേട്ടയാടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ പാലിയേകര ടോൾ പ്ലാസയിൽ നിന്നും പൊലീസിനെ പിൻവലിക്കാനുള്ള അപേക്ഷ കൊടുക്കാൻ അനുമതി തേടാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

പലപ്പോഴും രമ്യതയുടെ ഭാഷയിൽ പൊലീസ് ഇടപെടുമ്പോഴും അനാവശ്യമായി ചീത്തപ്പേര് കേൾക്കേണ്ടി വരുന്നത് പൊലീസുകാരാണെന്നാണ് സിഐയുടെ പക്ഷം. അടുത്തിടെ രണ്ട് കക്ഷഇകൾ തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കവേ ഒരാൾ ടോൾ മാനേജരെ തന്റെ മുന്നിൽ വച്ച് തന്നെ മർദ്ദിക്കാൻ ഒരുങ്ങിയ സാഹചര്യം ഉണ്ടായെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ നിലവിൽ പാലിയേക്കര ടോൾ പ്ലാസയിൽ പുതുകാട് സ്റ്റേഷനിൽ നിന്നും ഒരു കോൺസ്റ്റബിൾ ഉൾപ്പെടെ 16 പൊലീസുകാരാണ്് ഡ്യൂട്ടിക്കായുള്ളത്. ഇവരെല്ലാം ഇവിടെ ദിവസേന നടക്കുന്ന സംഘർഷത്തിൽ ഇടപെടുന്നതുകൊണ്ട് തന്നെ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.

ബി.ഒ.ടി ( നിർമ്മിക്കുക, നടത്തുക, കൈമാറുക ) അടിസ്ഥാനത്തിൽ നിമ്മിച്ച ദേശീയ പാതയാണ് അങ്കമാലി- പാലിയേക്കര പാത. നിർമ്മാണത്തുക വസൂലാക്കാൻ കമ്പനിക്ക് 18 വർഷമാണ് കരാർ പ്രകാരം നൽകിയത്. മണ്ണൂത്തി-അങ്കമാലി നാലുവരി ദേശീയപാതയുടെ നിർമ്മാണത്തിന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് ആകെ ചെലവായത് 312.80 കോടിയാണ്. മൂന്നുവർഷം കൊണ്ട് ഈ തുക കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു. ഇനിയുള്ള 15 വർഷങ്ങൾ കൊണ്ട് ഈ പാതയുടെ നിർമ്മാണത്തിന്റെ പേരിൽ കേരളത്തിലെ സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നും കമ്പനിയിലേക്ക് ഒഴുകാൻ പോകുന്നത് ഔദ്യോഗിക കണക്കുകൾ പ്രകാരം 1700 കോടിയിലധികം രൂപയാണ്. ചുരുക്കം പറഞ്ഞാൽ മുടക്കിയതിന്റെ ആറോ ഏഴോ ഇരട്ടി തുകയാണ് ലഭിക്കാൻ പോകുന്നത്.

ഇനി ചില പാലിയേക്കര' കണക്കുകൾ. ഒരു ദിവസത്തെ വരുമാനം 26.03 ലക്ഷം രൂപ. ഒരുമാസത്തെ വരുമാനം 7.89 കോടി രൂപ. വർഷം 94.68 കോടി രൂപ. ടോൾ പിരിക്കാൻ കമ്പനിക്ക് നൽകിയിരിക്കുന്ന 18 വർഷം കൊണ്ട് കമ്പനിക്ക് ലഭിക്കുന്നത് 1704.24 കോടി രൂപ. ഇത് കമ്പനി സർക്കാരിനോട് പറയുന്ന കണക്കുകളാണ്. ഇതിന് പുറമെ ഓരോവർഷം വർധിപ്പിക്കുന്ന ടോൾനിരക്കും സൂചിക നിലവാര വർധനയും കണക്കിലെടുക്കുമ്പോൾ 1700 കോടി എന്ന കണക്ക് പിന്നെയും വർധിക്കും. കമ്പനി പറയുന്ന കണക്കുമ്പോൾ മുഖവിലയ്‌ക്കെടുത്താൽ പോലും പാതനിർമ്മിക്കാനാവശ്യമായ 310 കോടിരൂപ കൂടാതെ 15 കോടിയലധികം രൂപ ഇതിനകം പിരിച്ചിട്ടുണ്ട്.