കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സിനിമാ മംഗളം എഡിറ്റർ പല്ലിശ്ശേരിക്കെതിരെ നിയമനടപടിക്കൊരുങ്ങി നടി സുജ കാർത്തിക. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ താനും കണ്ടുവെന്ന പല്ലിശ്ശേരിയുടെ പരാമർശനത്തിനെതിരെയാണ് താരം നിയമ നടപടിക്കൊരുങ്ങുന്നത്. പല്ലിശ്ശേയുടെ അഭ്രലോകം എന്ന ലേഖനത്തിൽ നടി സുജ കാർത്തികയെ ചോദ്യം ചെയ്യണോ? നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ സുജ കാർത്തിക കണ്ടു എന്ന തലക്കെട്ടിലാണ് പല്ലിശ്ശേരി കാര്യങ്ങൾ അവതരിപ്പിച്ചത്. ലേഖനത്തിൽ സുജ കാർത്തികയെക്ക്തിരെ ഗുരുതര ആരോപണങ്ങളാണ് പല്ലിശ്ശേരി ഉന്നയിക്കുന്നത്.

നടി ആക്രമിച്ച ദിവസം മുതൽ ചർച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചർച്ചയാക്കി. ഇതിനിടെ പുതിയൊരു ചർച്ച തുടങ്ങി വയ്ക്കുകയയായിരുന്നു പല്ലിശ്ശേരി ചെയ്തത്. എന്നാൽ ഒട്ടും ആധികാരികമല്ലാതെ ആരോ പറഞ്ഞു, കേട്ടു എന്നൊക്കെ പറഞ്ഞാണ് ലേഖനം. നടി സുജാ കാർത്തികയെ ചോദ്യം ചെയ്യുമോ? എന്ന തലക്കെട്ടിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഗുരുതരമായ ആരോപണമാണ് ലേഖകൻ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് സുജാ കാർത്തിക നിയമനടപടിക്ക് ഒരുങ്ങുന്നത്.

2002ൽ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. കാവ്യാ മാധവന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സുജ. 2010 ജനുവരി 31ന് സുജ വിവാഹിതയായി. മർച്ചന്റ് നേവിയിൽ എൻജിനീയറായ രാകേഷ് കൃഷ്ണനാണ് സുജയെ വിവാഹം ചെയ്തിരിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്ന് അകന്നു. ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും സുജയാണ്. ഇതുകൊണ്ടാണ് പല്ലിശേരിയുടെ ആരോപണങ്ങൾ ഏറെ ചർച്ചയായത്.

നടിയെ ആക്രമിച്ച യഥാർത്ഥ ദൃശ്യങ്ങൾ ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതു സംബന്ധിച്ച് ഏറെ ദുരൂഹതകൾ ഉണ്ട്. ഈ ദൃശ്യങ്ങൾ ദിലീപ് കണ്ടിട്ടുണ്ടെന്ന് പോലും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. ദിലീപ് ദുബായിലേക്ക് പോയതും ഇതിനാണെന്നും പറഞ്ഞു. ദിലീപിന്റെ പുതിയ ചിത്രമായ ഡിങ്കൻ ഷൂട്ടിംഗിലേക്ക് കടക്കുകയാണ്. ഇതിന്റെ ഷൂട്ടിങ് ദുബായിലാണ്. സിനിമയിൽ അഭിനയിക്കാനായി ദിലീപ് ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. ഇതിനിടെയാണ് ദൃശ്യങ്ങളിൽ പുതിയ കഥകൾ പ്രചരിപ്പിക്കുന്നത്. ദിലീപിന്റെ ദുബായിലെ ഷൂട്ടിങ് മുടക്കാനുള്ള നീക്കമായാണ് ഇതിനെ ദിലീപ് അനുകൂലികൾ കാണുന്നത്. ഈ സാഹചര്യത്തിലാണ് പല്ലിശേരിക്കെതിരെ സുജാ കാർത്തിക നിയമനടപടിക്ക് ഒരുങ്ങുന്നത്.

നേരത്തെ ദൃശ്യത്തെളിവുകൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി അങ്കമാലി കോടതി തള്ളിയിരുന്നു. ഇതിനെതിരെ അപ്പീൽ പോകാൻ ദിലീപ് ആലോചിച്ചിരുന്നു. എന്നാൽ കരുതലോടെ മുന്നോട്ട് പോയാൽ മതിയെന്നാണ് അഡ്വക്കേറ്റ് രാമൻപിള്ള ദിലീപിന് നൽകിയിരിക്കുന്ന ഉപദേശം. ഹൈക്കോടതിയിൽ നിന്ന് എതിർ പരാമർശം ഉണ്ടായാൽ അത് വിചാരണ കോടതിയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വ്യാജ പ്രചരണത്തെ തടയാനായി സുജാ കാർത്തിക നിയമ നടപടിയുമായി മുന്നോട്ട് വരുന്നതും.

നടി സുജാ കാർത്തികയെ ചോദ്യം ചെയ്യുമോ? എന്ന തലക്കെട്ടിലാണ് പല്ലിശ്ശേരി കാര്യങ്ങൾ അവതരിപ്പിച്ചത്. ഗുരുതരമായ ആരോപണമാണ് പല്ലിശ്ശേരി നടത്തുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പലതും റിപ്പോർട്ട് ചെയ്തത് പല്ലിശ്ശേരിയായിരുന്നു. എന്നാൽ സുജാ കാർത്തികയ്ക്കെതിരായ ആരോപണത്തിൽ വ്യക്തമായ തെളിവൊന്നും പല്ലിശ്ശേരി പറയുന്നു. ഈ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ പരാമർശങ്ങൾ ഏറെ നിയമ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കും. പല്ലിശ്ശേരിയുടെ ആരോപണങ്ങളെ സുജാ കാർത്തിക നിയമപരമായി നേരിടുമെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മംഗളം സിനിമയിൽ പറയുന്നത് വാസ്ത വിരുദ്ധമായ കാര്യങ്ങളാണെന്നാണ് നടിയോട് അടുത്ത വൃത്തങ്ങൾ മറുനാടനോട് വിശദീകരിച്ചിരുന്നു.

സുജാ കാർത്തികയുടെ കൂട്ടുകാരിയിൽ നിന്നാണ് പീഡന ദൃശ്യത്തിന്റെ കഥ ചോർന്നതെന്ന് പേരു വെളിപ്പെടുത്താതെ ഒരാൾ സൂചിപ്പിക്കുകയുണ്ടായി എന്ന് പറഞ്ഞാണ് സൂജാ കാർത്തികയെ വെട്ടിലാക്കുന്ന റിപ്പോർട്ട് പല്ലിശ്ശേരി നൽകുന്നത്. കഴിഞ്ഞ ഒരു വർഷമായി നടി ആക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യപ്പെടുന്നു. ഇതുവരെ ദൃശ്യം കിട്ടിയിട്ടില്ല, ആരും കണ്ടിട്ടില്ല എന്നൊക്കെയാണല്ലോ പറയുന്നത്. എന്നാൽ അതു ശരിയല്ല കാണേണ്ടവരെല്ലാം ദ്യശ്യം കണ്ടിട്ടുണ്ട്. ഈ കേസിന്റെ തുടക്കം മുതൽ പറഞ്ഞു കേൾക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ നടി സുജാ കാർത്തികയുടെ പേര്. പിന്നീടെന്തു സംഭവിച്ചു ? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം സുജാ കാർത്തിക കണ്ടിട്ടുണ്ട്-പല്ലിശ്ശേരി എഴുതുന്നു.

സുജാ കാർത്തിക മാത്രമല്ല അവരുടെ വേണ്ടപ്പെട്ട സർക്കിൾ മുഴുവനും. വേണ്ട രീതിയിൽ അന്ന് ചോദ്യം ചെയ്തിരുന്നെങ്കിൽ സീഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. ഒരുപക്ഷേ അന്വേക്ഷണ ഉദ്യോഗസ്ഥർക്കു സുജാ കാർത്തികയിൽ നിന്നും ആവശ്യമുള്ളതൊക്കെ ലഭിച്ചിരിക്കാം. വളരെ രഹസ്യമായി ഇക്കാര്യം സൂക്ഷിക്കുന്നതാകാനും മതി. പലരും ഇക്കാര്യം മുൻപ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാൻ എഴുതിയിരുന്നില്ല. എന്നാൽ വിശ്വസിക്കാൻ തക്ക തെളിവുകളാണ് ഇക്കാര്യത്തിൽ പിന്നീട് ലഭിച്ചത്. അതുകൊണ്ട് പുതുതായി വന്ന സൂചനകൾ തള്ളികളയാൻ തോന്നിയില്ല. സത്യം കണ്ടെത്തേണ്ടത് അന്വേക്ഷണ ഉദ്യോഗസ്ഥരാണ്-ഇങ്ങനെയാണ് സുജാ കാർത്തികയ്ക്ക് എതിരായ വാർത്ത പല്ലിശ്ശേരി നൽകുന്നത്.

എന്നാൽ ഇതൊക്കെ വ്യാജ പ്രചരണമാണെന്നും ദിലീപിനെ കുടുക്കാനുള്ള കഥ മെനയുകായാണ് ഇത്തരം വാർത്ത എഴുതുന്നവർ ചെയ്യുന്നതെന്ന് ദിലീപ് അനുകൂലികളും പറയുന്നു. ഇവയെ നിയമപരമായി നേരിടുമെന്നാണ് അവരുടെ നിലപാട്.