തിരുവനന്തപുരം: ഡിഷ് ആന്റിന റിപ്പയർ ചെയ്യാനെത്തിയ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. പ്ലസ് വൺ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ ഡിഷ് ആന്റിന ഓപ്പറേറ്ററായ പാലോട് കൊല്ലായിൽ ചല്ലിമുക്ക് ചല്ലിഭവനിൽ ജോഷി എന്ന സതീഷി(31)നെയാണ് അറസ്റ്റു ചെയ്തത്.

നിരവധി മോഷണക്കേസുകളിലുൾപ്പടെ ജയിലിൽ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് സതീഷെന്നും പാങ്ങോട് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. പെൺകുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത കണ്ട വീട്ടുകാർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രണ്ട് വർഷത്തോളമായി പെൺകുട്ടിയെ സതീഷ് പീഡിപ്പിച്ച് വരികയാണ്. പെൺകുട്ടിയുടെ വീട്ടിൽ 2016 ഏപ്രിലിൽ ഡിഷ് ആന്റിന സ്ഥാപിക്കാനെത്തി കുട്ടിയുമായി ചങ്ങാത്തം കൂടുകയും വിവാഹ വഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്. വീട്ടിലെ ഡിഷ് ആന്റിന റിപ്പയർ ചെയ്യാനാണ് പെൺകുട്ടിയുടെ വീട്ടിൽ സതീഷ് ആദ്യമായി എത്തുന്നത്. പിന്നീട് പെൺകുട്ടിയുടെ അമ്മയുമായി സതീഷ് സൗഹൃദത്തിലാവുകയും ഇരുവരും തമ്മിൽ രഹസ്യബന്ധമുണ്ടാവുകയും ചെയ്തത്. പെൺകുട്ടിയുടെ അമ്മയുമായി സതീഷിനുള്ള സൗഹൃദം പരിസരവാസികൾക്കുമറിയാവുന്നതാണ്.

അമ്മയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഇയാൾ പതിവായി വീട്ടിൽ വരുന്നയാളായിരുന്നു. പിന്നീട് ഈ വരവിലാണ് മകളുമായി സൗഹൃദത്തിലായത്. പെൺകുട്ടിയുമായി പ്രണയം അഭിനയിച്ച ഇയാൾ വിവാഹ വാഗ്ദാനം നൽകി സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു. തന്റെ വീട്ടിലെത്തി മകളെ പീഡിപ്പിച്ചുവെന്ന വിവരം പെൺകുട്ടിയുടെ അമ്മ ആദ്യം അറിഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ ശ്രദ്ധിച്ചതോടെയാണ് കുട്ടിയുടെ അമ്മയ്ക്ക് സംശയം തോന്നിയത്.

തുടർന്ന് സതീഷിനെതിരെ പാങ്ങോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾ മോഷണകേസിൽ ഉൾപ്പടെ പാലോട്, കടയ്ക്കൽ പൊലീസ് സ്റ്റേഷനുകളിൽ കേസുള്ളയാളാണെന്ന് മനസ്സിലായത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവ് ഭാര്യയുമായി അകന്ന് കഴിയുകയാണ്.

പരാതിയെത്തുടർന്നു വെഞ്ഞാറമൂട് പൊലീസ് ഇൻസ്‌പെക്ടർ ആർ.വിജയൻ, പാങ്ങോട് എസ്‌ഐ: എസ്.നിയാസ്, ജിഎസ്‌ഐ സുലൈമാൻ, എഎസ്‌ഐ രാധാകൃഷ്ണൻ, മനു, സുധീഷ്, നിസാർ, പ്രദീപ്, രാജി എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാൻഡു ചെയ്തു.