- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പാ ആക്ഷൻ പ്ലാൻ പൊളിച്ചടുക്കി; പമ്പാനദിയിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; വെള്ളം ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് മഹാമാരി; സകല നിയന്ത്രങ്ങളും മറികടന്ന് മലിനീകരണം
പത്തനംതിട്ട: പുണ്യനദിയാണ് പമ്പയെന്നാണ് വയ്പ്. പാപം കഴുകിക്കളയാൻ പമ്പയിലിറങ്ങുന്നവർ സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് മഹാമാരിയാണ്. കാളിയൻ പാർത്ത കാളിന്ദിയേക്കാൾ വിഷലിപ്തമാണ് കോടിക്കണക്കിനു തീർത്ഥാടകർ പവിത്രവും പുണ്യവുമായി കരുതുന്ന പമ്പയിലെ ജലം. മറ്റൊരു ശബരിമല മണ്ഡലകാലം കൂടി പടിവാതിൽക്കൽ എത്തി നിൽക്കേ പമ്പയിലെ മലിനീകരണ
പത്തനംതിട്ട: പുണ്യനദിയാണ് പമ്പയെന്നാണ് വയ്പ്. പാപം കഴുകിക്കളയാൻ പമ്പയിലിറങ്ങുന്നവർ സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് മഹാമാരിയാണ്. കാളിയൻ പാർത്ത കാളിന്ദിയേക്കാൾ വിഷലിപ്തമാണ് കോടിക്കണക്കിനു തീർത്ഥാടകർ പവിത്രവും പുണ്യവുമായി കരുതുന്ന പമ്പയിലെ ജലം. മറ്റൊരു ശബരിമല മണ്ഡലകാലം കൂടി പടിവാതിൽക്കൽ എത്തി നിൽക്കേ പമ്പയിലെ മലിനീകരണം സംബന്ധിച്ചു പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് ആശങ്കാജനകമാണ്.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് പമ്പാനദിയിലെ മാലിന്യത്തിന്റെ തോത് മുമ്പൊരിക്കലും ഇല്ലാത്ത വിധം ഭയാനകമായി ഉയർന്നെന്നു കണ്ടെത്തിയത് മലിനീകരണ നിയന്ത്രണ ബോർഡാണ്. മകരവിളക്കിന് ഒരുദിവസം മുമ്പ് ഇക്കഴിഞ്ഞ ജനുവരി 13 ന് പമ്പയ്ക്ക് പടിഞ്ഞാറ് ചെറിയാനവട്ടത്തിനു സമീപം നടത്തിയ പരിശോധനയിൽ നൂറ് മില്ലിലിറ്റർ ജലത്തിൽ പതിനൊന്ന് ലക്ഷത്തി അറുപതിനായിരം എംപി.എൻ (മാക്‌സിമം പ്രോബബിൾ നമ്പർ) കോളിഫോം ബാക്ടീരിയ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇതേ ദിവസം തന്നെ പമ്പയ്ക്ക് കിഴക്ക് ത്രിവേണിയിൽ നിന്നും ഉദ്ദേശം നൂറ് മീറ്റർ മാറി വാട്ടർ അഥോറിട്ടിയുടെ പമ്പിങ് സ്‌റ്റേഷനു സമീപം (കൊച്ചുപമ്പ) നടത്തിയ പരിശോധനയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് പത്തുലക്ഷത്തി നാൽപ്പതിനായിരമായി ഉയർന്നെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മനുഷ്യ വിസർജ്യം അടങ്ങിയ വെള്ളമാണ് ഈ ദിവസങ്ങളിൽ ശബരിമലയിലും പമ്പയിലുമുള്ള ലക്ഷക്കണക്കിന് ഭക്തർ ഉപയോഗിച്ചതെന്ന് ഇതു വ്യക്തമാക്കുന്നു. സന്നിധാനത്തിന് കിഴക്ക് ദേവസ്വം ബോർഡ് അശാസ്ത്രീയമായി നിർമ്മിച്ചിട്ടുള്ള ശൗച്യാലയങ്ങളുടെ സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് മനുഷ്യവിസർജ്യം കാക്കത്തോട്ടിലൂടെ താഴെപമ്പാ ത്രിവേണിക്കു കിഴക്കുള്ള പമ്പിങ് സ്റ്റേഷന് സമീപം ഒഴുകിയെത്തിയതാണ് മകരവിളക്കിന് ഒരുനാൾ മുമ്പു തന്നെ മലിനീകരണത്തോത് ഇത്രയേറെ വർധിക്കാൻ ഇടയാക്കിയതെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പമ്പയെ പൂർണമായി മാലിന്യ വിമുക്തമാക്കുന്നതിന് കേന്ദ്ര സർക്കാർ പതിനഞ്ചുകൊല്ലം മുമ്പ് വിഭാവന ചെയ്ത ആക്ഷൻ പ്ലാനിന്റെ 80 ശതമാനം പൂർത്തിയായിട്ടും ഭീകരമാം വിധം പമ്പാ നദിയിൽ മലിനീകരണം വർധിച്ചത് പദ്ധതി പാളിയെന്നതിന്റെ തെളിവാണ്.
തീർത്ഥാടന കാലയളവിൽ കൊച്ചുപമ്പ, കക്കിയാർ, ത്രിവേണി, ആറാട്ടുകടവ്, പമ്പക്ക് താഴെ, ഞുണങ്ങാറ് എന്നിവിടങ്ങളിൽ നിന്നാണ് മലിനീകരണ ബോർഡ് ജലം ശേഖരിച്ച് പരിശോധന നടത്തുന്നത്. കഴിഞ്ഞ തീർത്ഥാടക കാലത്തിന്റെ തുടക്കത്തിൽ പമ്പയിലെ മാലിന്യത്തിന്റെ തോത് കുറവായിരുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം നവംബർ 17 ന് ത്രിവേണിക്ക് സമീപം നടത്തിയ പരിശോധനയിൽ നൂറ് മില്ലിലിറ്റർ ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് 190 എംപി.എന്നും പമ്പക്ക് താഴെ നടത്തിയ പരിശോധനയിൽ 850 എൻ.പി.എന്നുമായിരുന്നു അളവ്. എന്നാൽ സമാപന കാലമായ ഡിസംബർ 27 ന് നടത്തിയ പരിശോധനയിൽ ആകെ കോളിഫോമിന്റെ അളവ് 75,000 മായി ഉയർന്നു. ഇതിൽ മനുഷ്യ വിസർജ്യത്തിൽ നിന്നുള്ള കോളിഫോം 60,000 ആണെന്നുള്ളത് ശ്രദ്ധേയമാണ്.
മകരവിളക്ക് കാലം സമാപിക്കുമ്പോൾ നടത്തിയ പരിശോധനയിൽ പമ്പയ്ക്ക് താഴെ ഞുണങ്ങാറ് വന്നുചേരുന്ന ഭാഗത്ത് കോളിഫോം ബാക്ടീരിയ 2,04,000 ആയിമാറി. പമ്പിങ് സ്റ്റേഷന് സമീപം കൊച്ചുപമ്പയിൽ നടത്തിയ പരിശോധനയിൽ ബാക്ടീരിയയുടെ അളവ് 60,000 കടന്നു.
ഹൈക്കോടതി നിർദ്ദേശപ്രകാരം 2006-07 തീർത്ഥാടന കാലം മുതലാണ് മലിനീകരണ നിയന്ത്രണ ബോർഡ് പമ്പയിൽ ദിവസവും ജലപരിശോധന നടത്തിവരുന്നത്. ഓരോ വർഷം കഴിയുമ്പോഴും പമ്പയിലെ മലിനീകരണ തോത് വർധിച്ചു വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശബരിമല സന്നിധാനത്തിന് കിഴക്കു നിന്നും ഉത്ഭവിക്കുന്ന കാക്കത്തോട്ടിലും പടിഞ്ഞാറുനിന്നും ഉത്ഭവിക്കുന്ന ഞുണങ്ങാറിലുമാണ് ഏറ്റവും കൂടുതൽ മാലിന്യം.
ഈ അരുവികൾ പമ്പയിലാണ് പതിക്കുന്നത്. പമ്പയിലെ മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ ഏഴു ദശലക്ഷം മലിന ജലം (എം.എൽ.ഡി) ശുദ്ധീകരിക്കാൻ കഴിയുന്ന സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പമ്പയിൽ സ്ഥാപിക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശം. ഇപ്പോഴുള്ളതിന്റെ ശേഷി വെറും മൂന്ന് എം.എൽ.ഡി മാത്രമാണ്. ശബരിമലയിൽ നിർമ്മാണത്തിലിരിക്കുന്ന സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ശേഷിയും ഇത്രയും തന്നെ വേണം. എന്നാൽ നിലവിൽ ഇതിന് അഞ്ച് എം.എൽ.ഡി മാത്രമെ ശേഷി ഉള്ളൂവെന്നും അറിയുന്നു.