- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംലീഗിനെ ഇനി സാദിഖലി ശിഹാബ് തങ്ങൾ നയിക്കും; തീരുമാനം ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ; തങ്ങളെ ആലിംഗനം ചെയ്ത് പുതിയ പദവിയിലേക്ക് സ്വീകരിച്ച് ദേശീയ അധ്യക്ഷൻ; പാണക്കാട് കുടുംബത്തിൽ നിന്നും ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനാകുന്ന നാലാമത്തെ വ്യക്തി
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷൻ.ലീഗ് ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്.അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടിൽ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളുടെയും തങ്ങൾ കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിലായിരുന്നു യോഗം.ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീനും യോഗത്തിൽ പങ്കെടുത്തു.സാദിഖലി തങ്ങളെ ആലിംഗനം ചെയ്ത് പുതിയ പദവിയിലേക്ക് സ്വീകരിച്ച ഖാദർ മൊയ്തീൻ എല്ലാവരുടെയും പിന്തുണ സാദിഖലി തങ്ങൾക്ക് വേണമെന്നും അഭ്യർത്ഥിച്ചു. പാർട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ ആയും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു.
ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു സാദിഖലി തങ്ങൾ. ലീഗ് ഉന്നതാധികാരസമിതി അംഗമായ സാദിഖലി തങ്ങൾ, ഹൈദരലി തങ്ങൾ ചികിത്സയിൽ കഴിയുന്ന സമയത്ത് പാർട്ടിയുടെ ചുമതല നിർവഹിച്ചിരുന്നു. ഇരു സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നത് ഹൈദരലി തങ്ങൾ ആയിരുന്നു.
പാർട്ടിതലത്തിലും സംഘടനാതലത്തിലും വർഷങ്ങളുടെ അനുഭവ സമ്പത്തുമായാണ് തങ്ങൾ ലീഗിനെ നയിക്കാൻ എത്തുന്നത്.1964ലാണ് സാദിഖലി ശിഹാബ് തങ്ങളുടെ ജനനം.പിതാവ്- പി.എം.എസ്.എ പൂക്കോയ തങ്ങൾ. മാതാവ്- ഖദീജ ഇമ്പിച്ചി ബീവി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റായും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.പട്ടിക്കാട് ജാമിഅ നൂരിയ ജനറൽ സെക്രട്ടറി, വളവന്നൂർ ബാഫഖി യതീംഖാന പ്രസിഡന്റ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭ വൈസ് പ്രസിഡന്റ്, എരമംഗലം ദാറുസ്സലാമത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രസിഡന്റ്, കാടഞ്ചേരി നൂറുൽ ഹുദാ ഇസ്‌ലാമിക് കോളജ് പ്രസിഡന്റ്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോർഡ് നിർവ്വാഹക സമിതി അംഗം, കോഴിക്കോട് ഇസ്‌ലാമിക് സെന്റർ ചെയർമാൻ, പെരുമണ്ണ പുത്തൂർമഠം ജാമിഅ ബദരിയ്യ ഇസ്‌ലാമിയ്യ പ്രസിഡന്റ്, പേരാമ്പ്ര ജബലുന്നൂർ ഇസ്‌ലാമിക് കോളജ് പ്രസിഡന്റ്, കിഴിശ്ശേരി മുണ്ടംപറമ്പ് റീജിയണൽ ആർട്സ് ആൻഡ് സയൻസ് കോളജ് (നാഷണൽ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്) ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നും മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷനാകുന്ന നാലാമത്തെ വ്യക്തിയാണ് സാദിഖലി തങ്ങൾ. 1973ൽ അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ നിര്യാണത്തിന് പിന്നാലെയാണ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ പാണക്കാട് കുടുംബത്തിൽ നിന്നുള്ള ആദ്യ സംസ്ഥാന അധ്യക്ഷനാകുന്നത്.
പൂക്കോയ തങ്ങൾക്ക് ശേഷം മകൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അധ്യക്ഷ പദവിയിലെത്തി. മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് പിന്നാലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ലീഗിന്റെ നേതൃത്വം ഏറ്റെടുത്തു.ലീഗിന്റെ അധ്യക്ഷ പദവിയിൽ 13 വർഷത്തിലേക്ക് കടക്കുമ്പോഴാണ് ഹൈദരലി തങ്ങളുടെ വേർപാട്.
മറുനാടന് മലയാളി ബ്യൂറോ