മലപ്പുറം: മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു പാണക്കാട് തങ്ങൾമാർക്ക് സമസ്തയുടെ വിലക്ക്. ഭൂരിപക്ഷം വരുന്ന സുന്നികൾ ബഹുദൈവ വിശ്വാസികളാണെന്നു പ്രചരിപ്പിക്കുകയും മുസ്ലിം സമുദായത്തിൽ അനൈക്യം സൃഷ്ടിക്കുകയും ചെയ്യുന്ന മുജാഹിദ് വിഭാഗത്തിന്റെ പരിപാടികളിൽ പങ്കെടുക്കരുതെന്നുമാണ് പാണക്കാട് തങ്ങൾമാരോട് സമസ്ത ആഹ്വാനം ചെയ്തിരിക്കുന്നത്. മുൻഗാമികളുടെ പാത മറന്നാൽ വില നൽകേണ്ടിവരുമെന്നു മുനവ്വറലി തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ചിലർ താക്കീതിന്റെ സ്വരത്തിൽ കുറിച്ചു.

അതേസമയം മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് റഷീദലി തങ്ങൾ ഫേസ്‌ബുക്കിലൂടെ വിശദീകരണവും നൽകി.
ആശയപരമായ വിയോജിപ്പുകൾക്കിടയിലും പൊതുവായി ഐക്യപ്പെടാവുന്ന മേഖലകളിൽ മുസ്ലിം സമുദായം ഒറ്റക്കെട്ടായി നിൽക്കേണ്ടത് ആവശ്യമാണെന്നായിരുന്നു വിശദീകരണം.

അതേസമയം ഇന്നു വേങ്ങര കൂരിയാട് ആരംഭിക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിലെക്ഷണിതാക്കളാണ് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ. സമ്മേളന പരിപാടികളുടെ പട്ടികയിൽ പാണക്കാട് കുടുംബാംഗങ്ങളുടെ പേര് വന്നതോടെ സമസ്തയിൽ അമർഷം പുകഞ്ഞു.

ഈ സന്ദർഭത്തിലാണ് മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മതനവീകരണവാദികളുടെ പരിപാടികളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന് ഇന്നലെ ചേളാരിയിൽ ചേർന്ന സമസ്ത യോഗം നിർദ്ദേശിച്ചത്. മുൻഗാമികളുടെ പാത മറന്നാൽ വില നൽകേണ്ടിവരുമെന്നു മുനവ്വറലി തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ചിലർ താക്കീതിന്റെ സ്വരത്തിൽ കുറിച്ചു. സമസ്തയുടെ പ്രഖ്യാപിത നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസലിയാർ എന്നിവർ അറിയിച്ചു.

ഇന്നും നാളെയും നടക്കുന്ന മുജാഹിദിന്റെ പലപരിപാടികളിലും മുഖ്യാതിഥികളും ഉദ്ഘാടകരുമെല്ലാം പാണക്കാട് തങ്ങൾമാരാണ്. സമ്മളനത്തിന്റെ മൂന്നാംദിനമായ 30നു രാവിലെ 10.30ന് പള്ളി, മദ്രസ, മഹല്ല് സമ്മേളനം നന്മയുടെ പ്രകാശഗോപുരങ്ങൾ എന്ന സെഷന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത് റഷീദലി തങ്ങളെയാണ്. വൈകിട്ട് നാലിന് യുവജനസമ്മേളനത്തിന്റെ ഉദ്ഘാടകനാണു മുനവ്വറലി തങ്ങൾ. പാണക്കാട് കുടുംബാംഗങ്ങളെയെല്ലാം സമ്മേളനത്തിലേക്ക് മുജാഹിദ് നേതാക്കൾ നേരിട്ടു ക്ഷണിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ. കെ.പി.എ. മജീദ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

ഭൂരിപക്ഷം വരുന്ന സുന്നികൾ ബഹുദൈവ വിശ്വാസികളാണെന്നു പ്രചരിപ്പിക്കുകയും മുസ്ലിം സമുദായത്തിൽ അനൈക്യം സൃഷ്ടിക്കുകയും ചെയ്യുന്ന മുജാഹിദ് വിഭാഗത്തിന്റെ പരിപാടികളിൽ പങ്കെടുക്കരുത്. സലഫി പ്രസ്ഥാനത്തെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചില സുന്നികളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതെന്നും സമസ്ത നേതാക്കൾ പറയുന്നു.