ന്യൂഡൽഹി: മലയാളിക്കും പനാമ അക്കൗണ്ട് എന്ന് വിവരങ്ങൾ. 12 വർഷം മുമ്പ് സിംഗപ്പൂരിലേക്ക് പോയ മലയാളിയാണ് പനാമയിൽ നിക്ഷേപം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് രേഖകൾ പുറത്തുവന്നു. തിരുവനന്തപുരം സ്വദേശിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ ജോർജ് മാത്യുവാണ് നികുതി വെട്ടിക്കാൻ പനാമയിൽ നിക്ഷേപം നടത്തിയത്. എന്നാൽ 12 വർഷം മുമ്പ് ഇന്ത്യ വിട്ടതിനാൽ റിസർവ് ബാങ്കിന്റെ അധികാരപരിധിയിൽപ്പെടില്ലെന്ന് ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജോർജ് മാത്യുവിന് ബ്രിട്ടിഷ് വെർജിൻ ഐലൻഡുകളിലെ കമ്പനികളിൽ നിക്ഷേപമുള്ളതായാണ് രേഖകൾ. അനധികൃത നിക്ഷേപത്തിന് സഹായമൊരുക്കിയ പാനമയിലെ നിയമകാര്യ സ്ഥാപനമായ മൊസാക് ഫോൻസേകയിലെ രേഖകളിൽ ജോർജ് മാത്യുവിന്റെ സിംഗപ്പൂരിലെയും കേരളത്തിലെയും വിലാസങ്ങൾ ചേർത്തിട്ടുണ്ട്. പുതിയ കമ്പനികൾ രൂപീകരിക്കാൻ സഹായം നൽകുന്ന സ്ഥാപനം ജോർജ് മാത്യു സിംഗപ്പൂരിൽ നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ ഇടപാടുകാരിൽ ഉൾപ്പെട്ടവയാണ് ബ്രിട്ടിഷ് വെർജിൻ ഐലൻഡുകളിലെ സ്ഥാപനങ്ങളെന്നും ജോർജ് മാത്യു പറയുന്നു.

വിവാദ ടൂ ജി സ്‌പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീരാ റാഡിയയ്ക്കും പനാമയിൽ കള്ളപ്പണ നിക്ഷേപം ഉണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചൻ, മരുമകൾ ഐശ്വര്യ റായ് എന്നിവരടക്കം 500 ഇന്ത്യാക്കാരാണ് പട്ടികയിലുള്ളത്. ഇവരെ കൂടാതെ അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി, കോർപ്പറേറ്റ് ഭീമനും ഡി.എൽ.എഫ് ഉടമ കെ.പി.സിങ്, അദ്ദേഹത്തിന്റെ ഒന്പത് കുടുംബാംഗങ്ങൾ, അപ്പോളോ ടയേഴ്‌സിന്റെ പ്രൊമോട്ടർമാർ തുടങ്ങിയവർ പട്ടികയിൽ പെടുന്നു. ഇതിൽ ബച്ചൻ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. തനിക്ക് നിക്ഷേപം ഒരിടത്തുമില്ലെന്നാണ് വെളിപ്പെടുത്തൽ. ആരെങ്കിലും തന്റെ പേര് ദുരുപയോഗപ്പെടുത്തിയതാകാം എന്ന സംശയമാണ് ബച്ചൻ ഉയർത്തുന്നത്.

കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്നതിന് പനാമ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൊസാക് ഫോൻസെക എന്ന കന്പനിയുടെ കേന്ദ്ര ഓഫീസിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ കഴിഞ്ഞ ദിവസം ചോർന്നത്. കള്ളപ്പണ നിക്ഷേപമുള്ള വിവരം പുറത്തു വന്നതിനെ തുടർന്ന് ഐസ്‌ലാൻഡ് പ്രധാനമന്ത്രി സിഗ്മണ്ടർ ഡേവിയോ ഗൺലോഗ്‌സൺ രാജി വച്ചിരുന്നു. പ്രധാനമന്ത്രിയുടെ പേര് കള്ളപ്പണക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെ ഐസ്‌ലാന്റ് പാർലമെന്റിന് മുന്നിൽ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. സർക്കാരിനെതിരെ ആക്രമണം ശക്തമായ സാഹചര്യത്തിൽ പാർലമെന്റ് പിരിച്ചുവിടാനുള്ള ഗൺലോഗ്‌സന്റെ ആവശ്യം പ്രസിഡന്റ് തള്ളിയിരുന്നു.

പാനമ രേഖകൾ പ്രകാരം വിദേശത്തു നിക്ഷേപം നടത്തിയതായി പറയപ്പെടുന്ന അഞ്ഞൂറോളം ഇന്ത്യക്കാരുടെ വിവരങ്ങൾ കേന്ദ്രസർക്കാർ അന്വേഷിക്കവേയാണ് മലയാളിയുടെ വിവരങ്ങൾ പുറത്തുവരുന്നത്. ഓഫ് ഷോർ ഇൻവെസ്റ്റ്‌മെന്റ്‌സ് എന്ന് വിളിക്കുന്ന ഈ നിക്ഷേപങ്ങൾ കൂടുതലും ബ്രിട്ടിഷ് വെർജിൻ െഎലൻഡ്‌സ്, സെയ്‌ഷെൽസ്, പാനമ, ബഹാമാസ് തുടങ്ങിയ സ്ഥലങ്ങളിലാണ്. ഇവിടെയെല്ലാം ബെയറർ ഓഹരികൾ ലഭ്യമാണ്. അതായത് ശരിയായ നിക്ഷേപകൻ ആരെന്നു വ്യക്തമാക്കേണ്ട കാര്യമില്ല. ഓഹരി ആരുടെ കൈവശമാണോ ആ വ്യക്തി തന്നെ ഉടമ, പണം ആരു നിക്ഷേപിച്ചു എന്ന് വെളിപ്പെടുന്നില്ല. ഇടപാടുകൾ രഹസ്യമായിരിക്കും. നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതിയുമില്ല.

എൽ.ആർ.എസ് പ്രകാരം നിക്ഷേപം നടത്തിയാൽ ആർക്കും വൻതുക കടത്താനാവില്ല. പരമാവധി രണ്ടു ലക്ഷം ഡോളർ എന്നു പറയുമ്പോൾ ഏതാണ്ട് 1.30 കോടി രൂപയേ വരൂ. കള്ളപ്പണം വെളുപ്പിക്കാനാണ് ഇത് ചെയ്യുന്നത്.