തിരുവനന്തപുരം: പൊലീസ് സ്‌റ്റേഷനിൽ എത്തിയ ബിജെപി കടയ്ക്കാവൂർ പഞ്ചായത്തംഗത്തെ കടയ്ക്കാവൂർ പൊലീസ് സ്‌റ്റേഷൻ സബ് ഇൻസ്‌പെക്ടർ മർദ്ദിച്ചതിന് പിന്നീൽ രാഷ്ട്രീയമോ? കടയ്ക്കാവൂർ എസ്‌ഐ സഫീറിനെതിരെ പരാതി നൽകിയ പഞ്ചായത്തംഗം സുകുട്ടൻ സിപിഐ(എം) ഇടപെടലാണ് ഇതിന് കാരണമെന്ന് വിലയിരുത്തുന്നു.

ബിജെപി പ്രവർത്തകനായ അരുൺരൂപിനെ സിപിഐ(എം) പ്രവർത്തകർ മർദ്ദിച്ചതുമായി ബന്ധപ്പെട്ട പരാതി നൽകുവാൻ സ്റ്റേഷനിലെത്തിയ വിഷയത്തെതുടർന്നാണ് സുകുട്ടനെ പൊലീസ് മർദ്ദിച്ചത്. മാന്യമായി സംസാരിച്ച തന്നോട് അകാരണമായണ് എസ്‌ഐ ക്ഷുഭിതനായി സംസാരിച്ചതും പിടിച്ച് തള്ളിയത് എന്നും സുകുട്ടൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

വർക്കല പണയക്കാട് പാലത്തിൽ വച്ചാണ് നാലംഗ സംഘം ബിജെപി പ്രവർത്തകനായ അരുണിനെ മർദ്ദിച്ചത്. തുടർന്ന് പരാതി നൽകുവാനായി രണ്ട് സുഹൃത്തുക്കളേയും കൂട്ടി കടയ്ക്കാവൂർ സ്‌റ്റേഷനിലെത്തിയപ്പോഴാണ് തന്നെ മർദ്ദിച്ച സംഘം തനിക്ക് മുൻപേ ഇവിടെ എത്തി പരാതി നൽകുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്‌മിറ്റായി എന്ന വിവരവും അറിഞ്ഞത്. തുടർന്ന് സ്റ്റേഷനിൽ എസ്‌ഐ ഇല്ലെന്നും കാത്തിരിക്കാനുമാണ് പൊലീസ് പറഞ്ഞത്. ഇതനുസരിച്ച് അവിടെ കാത്തിരിക്കുന്നതിനിടയിലാണ് പഞ്ചായത്തംഗമായ സുകുട്ടനെ അരുൺ വിവരമറിയിച്ചത്.

തുടർന്ന് സ്റ്റേഷനിലെത്തിയപ്പോഴാണ് അരുണിന് സാരമായി പരിക്കേറ്റ കാര്യം ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾ തന്നെ എസ്‌ഐയുമായി ഫോണിൽ ബന്ധ്പപെടുകയായിരുന്നു. ഉടൻ സ്റ്റേഷനിലെത്തുമെന്ന് എസഐ പറഞ്ഞതനുസരിച്ച് അവിടെ കാത്തു നിൽകുകയായിരുന്നു. പിന്നീട് എസ്‌ഐ വന്നപ്പോൾ അരുണിന്റെ ആരോഗ്യനില മോശമാണെന്നറിയിച്ചതനുസരിച്ച് ആശുപത്രിയിൽ കൊണ്ട് പോകാൻ അനുവദിച്ചു. എന്നാൽ പരാതി നൽകാൻ ഒപ്പമെത്തിയവരെ വിട്ടയച്ചില്ല. അരുണിന്റ ഉൾപ്പടെയുള്ളവരുടെ മൊബൈൽഫോണും സ്‌റ്റേഷനിലായിരുന്നു.

തൊട്ടടുത്ത ദിവസം ഇത് വാങ്ങാനെത്തിയപ്പോൾ നീ ആരെടാ ഇവിടെ വന്ന് ഇതൊക്കെ ചോദിക്കാൻ എന്ന് എസ്‌ഐ ചോദിക്കുകയായിരുന്നു. ഒരു ജനപ്രതിനിധിക്ക് എന്താ സ്റ്റേഷനിൽ വരാൻ പാടില്ലെ സർ എന്ന് ചോദിച്ചപ്പോൾ ഇറങ്ങെടാ പുറത്ത് എന്ന് പറഞ്ഞ് കയ്യിൽ പിടിച്ച് വലിച്ച് പുറത്തേക്ക് തള്ളുകയായിരുന്നുവെന്നും സുകുട്ടൻ പറഞ്ഞു. തുടർന്ന് ബിജെപി പ്രവർത്തകർ സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു.

രാഷ്ട്രീയമായുള്ള ശത്രുതയാണ് എസ്‌ഐ ഇത്തരം നിലപാടുകളെടുത്തതിന് കാരണമെന്നാണ് സുകുട്ടൻ ാരോപിക്കുന്നത്. കടയ്ക്കാവൂർ പഞ്ചായത്തിൽ ബിജെപിക്ക് ഉണ്ടാകുന്ന വളർച്ചയിൽ സുകുട്ടൻ എന്ന പഞ്ചായത്തംഗത്തിന്റെ ജനപിന്തുണയാണ് എതിർകക്ഷികളുടെ ശത്രുതയ്ക്ക് കാരണം. 16 അംഗങ്ങളുള്ള പഞ്ചായത്തിലെ ഒരേയൊരു ബിജെപി അംഗമാണ് സുകുട്ടൻ. പഞ്ചായത്തിലേക്ക് ആദ്യമായാണ് ഒരു ബിജെപി അംഗം വിജയിച്ച് എത്തുന്നതും. സുകുട്ടൻ പ്രതിനിധീകരിക്കുന്ന തെക്കുംഭാഗം വാർഡ് 40 വർഷമായി എൽഡിഎഫ് വിജയിച്ചുവരുന്നതാണ്.

ഒരു സ്ഥാനാർത്ഥിയെപ്പോലും നിർത്താനില്ലാതിരുന്ന വാർഡിൽ ബിജെപി വിജയിച്ചത് മുതൽ തുടങ്ങിയതാണ് ഇത്തരം നടപടികളെന്നും സുകുട്ടൻ പറയുന്നു.ഒരു പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ബന്ധുകൂടിയാണ് എസ്‌ഐയെന്നും ഇയാൾ പറയുന്നു.