- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫും എസ്ഡിപിഐയും പിന്തുണച്ച നാലിടത്ത് രാജിവച്ച് എൽഡിഎഫ്; പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ സിപിഎം; ഇഎംഎസിന്റെ ജന്മദേശമായ ഏലംകുളത്ത് ഭരണം പിടിച്ച് യുഡിഎഫ്; കോട്ടയത്തെ മുത്തോലിയിൽ യുഡിഎഫ് വിട്ടുനിന്നപ്പോൾ ഭരണം ഉറപ്പിച്ചത് ബിജെപി; പഞ്ചായത്ത് ഭരണം പിടിക്കാനുള്ള പോരാട്ടം വ്യത്യസ്തമായത് ഇങ്ങനെ
തിരുവനന്തപുരം: അധികാരമേറ്റയുടൻ നാല് എൽ.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ രാജി. എൽഡിഎഫിനെ മാറ്റിനിർത്താൻ വോട്ടെടുപ്പിൽ നിന്നും യുഡിഎഫ് വിട്ടുനിന്ന കോട്ടയത്തെ മുത്തോലിയിൽ ബിജെപിക്ക് ഭരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറയിൽ യുഡിഎഫ് പിന്തുണയോടെ ഭരണം ഉറപ്പിച്ച് സിപിഎം. ഇ.എം.എസിന്റെ ജന്മദേശമായ ഏലംകുളത്ത് 40 വർഷത്തെ എൽഡിഎഫ് ഭരണം അവസാനിപ്പിച്ച് യുഡിഫ്.സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലടക്കം അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ ഇന്ന് കണ്ടത് വിചിത്രമായ രാഷ്ട്രീയ കാഴ്ചകൾ.
തൃശ്ശൂർ അവിനിശേരിയിലും ആലപ്പുഴ തിരുവൻവണ്ടൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് അധികാരം ലഭിക്കാതിരിക്കാനായി യു.ഡി.എഫ് എൽ.ഡി.എഫിനെ പിന്തുണച്ചിരുന്നു. എന്നാൽ, കോൺഗ്രസ് പിന്തുണയോടെ അധികാരം വേണ്ടെന്ന് പറഞ്ഞാണ് എൽ.ഡി.എഫ് പ്രസിഡന്റുമാർ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജിവച്ചത്. പാർട്ടി തീരുമാന പ്രകാരമാണ് പ്രസിഡന്റുമാർ രാജിവെച്ചത്. എസ്.ഡി.പി.ഐയുടെ പിന്തുണയോട് കൂടി അധികാരത്തിലേറിയ കോട്ടാങ്ങൽ, പാങ്ങോട് എന്നീ പഞ്ചായത്തുകളും എൽഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റുമാർ രാജിവെച്ചു.
കോട്ടയത്ത് ബിജെപിക്ക് രണ്ടാമതൊരു പഞ്ചായത്തിൽ കൂടി അധികാരം പിടിക്കുന്നതും ഇന്ന് കണ്ടു. വോട്ടെടുപ്പിൽ നിന്നും യുഡിഎഫ് വിട്ടുനിന്നതോടെ മുത്തോലി പഞ്ചായത്തിൽ ബിജെപിയിലെ ജി.രഞ്ജിത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്തിന് ആറ് വോട്ടുകളും എതിർ സ്ഥാനാർത്ഥി എൽഡിഎഫിലെ രാജൻ മുണ്ടമറ്റത്തിന് അഞ്ച് വോട്ടുകളും ലഭിച്ചു. യുഡിഎഫിൽ കോൺഗ്രസിലെ രണ്ടംഗങ്ങൾ വോട്ട് ചെയ്തില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറ യുഡിഎഫ് പിന്തുണയോടെ സിപിഎം നേടി. അതേ സമയം ഇ.എം.എസിന്റെ ജന്മദേശമായ ഏലംകുളത്ത് 40 വർഷത്തെ എൽഡിഎഫ് ഭരണം അവസാനിപ്പിച്ച് യുഡിഫിലെ സി. സുകുമാരൻ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് വിജയം. ആകെയുള്ള 16 വാർഡുകളിൽ എട്ട് സീറ്റുകൾ വീതമാണ് ഇരുമുന്നണികൾക്കും ലഭിച്ചത്. തുടർന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ നറുക്കെടുപ്പ് നടത്തിയത്.
വോട്ടെടുപ്പിൽ യുഡിഎഫിന്റെ സി. സുകുമാരനും സിപിഎമ്മിന്റെ അനിത പള്ളത്തുമാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇരുമുന്നണികളും തുല്യതയിലായി. തുടർന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ ഹൈറുന്നീസ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ആലപ്പുഴ ചിങ്ങോലിയിൽ കോൺഗ്രസിൽ ഗ്രൂപ്പ് പോരിനെ തുടർ കോൺഗ്രസിലെ രണ്ട് അംഗങ്ങൾ വിട്ടുനിന്നു. ഇതോടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. റാന്നിയിൽ സിപിഎം-ബിജെപി കൂട്ടുകെട്ടിൽ കേരള കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം നൽകി. റാന്നിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് വീതം സീറ്റുകളും ബിജെപിക്ക് രണ്ട് സീറ്റുകളുമാണുള്ളത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നായിരുന്നു അവസാനനിമിഷം വരെയുണ്ടായിരുന്ന കണക്കുക്കൂട്ടൽ. സ്വതന്ത്രനായ കെ.ആർ. പ്രകാശ് കുഴിക്കാലയിൽ യു.ഡി.എഫിന്റെ പിന്തുണയോടെ പ്രസിഡന്റാകുമെന്നും കരുതി. എന്നാൽ അപ്രതീക്ഷിതമായിട്ടാണ് എൽ.ഡി.എഫും ബിജെപിയും റാന്നിയിൽ കൈകോർത്തത്.
എസ്.ഡി.പി.ഐക്ക് രണ്ട് സീറ്റുകൾ ലഭിച്ച അഴിയൂർ ഗ്രാമപഞ്ചായത്തിൽ നറുക്കെടുപ്പിന് ഒടുവിൽ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫ്-ആർ.എംപി നയിക്കുന്ന ജനകീയ മുന്നണിക്ക്. ചുങ്കം സൗത്തിൽനിന്നു വിജയിച്ച ജനകീയ മുന്നണി സ്ഥാനാർത്ഥി ആയിഷ ഉമ്മർ പഞ്ചായത്ത് പ്രസിഡന്റായി. അഴിയൂരിലെ ആകെയുള്ള 18 സീറ്റിൽ ആറ് സീറ്റ് എൽ.ഡി.എഫിനും ആറ് സീറ്റ് യു.ഡി.എഫിനും ഒരു സീറ്റ് എൻ.ഡി.എയ്ക്കും അഞ്ച് സീറ്റ് മറ്റുള്ളവർക്കുമായിരുന്നു.
രണ്ട് സീറ്റ് ലഭിച്ച എസ്.ഡി.പി.ഐയുടേയും, ഒരു സ്വതന്ത്രന്റേയും പിന്തുണ എൽ.ഡി.എഫിന് ലഭിച്ചിരുന്നുവെങ്കിലും എൽ.ഡി.എഫിന്റെ ഒരംഗത്തിന് കോവിഡ് ബാധിച്ച് എത്താതെ വന്നതോടെ സീറ്റ് നില എട്ടായി. യു.ഡി.എഫിന് ആർ.എംപി സ്ഥാനാർത്ഥികളുടെ പിന്തുണ ലഭിച്ചതോടെ അവർക്കും സീറ്റ് എട്ടായി. തുടർന്ന് നറുക്കെടുപ്പിലേക്ക് പോവുകയായിരുന്നു.
അച്ചംപീടിക, അണ്ടിക്കമ്പനി വാർഡിൽനിന്നു വിജയിച്ച എസ്.ഡി.പി.ഐ. സ്ഥാനാർത്ഥികളായ സീനത്ത് ബഷീർ, സാലിം പൂനത്തിൽ എന്നിവരും ചോമ്പാൽ വാർഡിൽനിന്നു വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി കെ.ലീലയുമാണ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
കോറോത്ത് റോഡ് വാർഡിൽനിന്നു വിജയിച്ച ആർ.എംപി.ഐ. സ്ഥാനാഥി അനിഷ ആനന്ദസദനവും, ചുങ്കം സൗത്തിൽനിന്ന് വിജയിച്ച ജനകീയ മുന്നണി സ്ഥാനാർത്ഥി ആയിഷ ഉമ്മറും യു.ഡി.എഫിനും പിന്തുണ പ്രഖ്യാപിച്ചു. തുടർന്നാണ് നറുക്കെടുപ്പിലേക്ക് പോയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടം മുതൽ ഏറെ ചർച്ചയായതായിരുന്നു വടകരയിലെ ജനകീയ മുന്നണി സഖ്യം.
2010-ന് മുമ്പ് ഏറിയ കാലവും ഇടതുപക്ഷം ഭരിച്ച പഞ്ചായത്താണ് അഴിയൂർ. ജനതാദളിലെ വലിയൊരു വിഭാഗം യു.ഡി.എഫിലെത്തുകയും സിപിഎമ്മിലെ ഒരു വിഭാഗം ആർ.എംപി. രൂപവത്കരിക്കുകയും ച ചെയ്തതോടെയാണ് ഇതിനൊരു മാറ്റമുണ്ടായത്. 2010-ലും 2015-ലും ഭരണം യു.ഡി.എഫ് പിടിച്ചെടുത്തിരുന്നുവെങ്കിലും എൽ.ജെ.ഡി. ഇടതുപക്ഷത്തെത്തിയതോടെ ഭരണം വീണ്ടും എൽ.ഡി.എഫിന്റെ കൈയിലെത്തിയിരുന്നു. ഇതാണ് വീണ്ടും എൽ.ഡി.എഫിന് നഷ്ടപ്പെട്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക്