മൂവാറ്റുപുഴ: സർക്കാർ ജോലി കിട്ടിയതോടെ പഞ്ചായത്ത് വാർഡ് അംഗം രാജിവച്ചു. മാറാടി പഞ്ചായത്ത് ആറാം വാർഡിൽ നിന്നും ജയിച്ച സിപിഎം അംഗം ബാബു തട്ടാർകുന്നേലാണ് രാജിവച്ചത്.

ർക്കാർ ഉദ്യോഗം ലഭിച്ചതോടെ വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകി്. ഉച്ചയോടെ കത്ത് തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു. ഉച്ചയ്ക്കുതന്നെ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരനായി ബാബു ഉദ്യോഗത്തിൽ പ്രവേശിക്കുകയും ചെയ്തു.

സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലെത്തി എട്ടാം ദിവസമാണ് രാജി. ഇതോടെ ആറാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ബുധനാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായിരുന്നു ബാബു.

നേരത്തെ മുതൽ റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഇദ്ദേഹത്തിന് ഇത്തവണ തിരഞ്ഞെടുപ്പിൽ ജയിച്ചുവന്നതിനു ശേഷമാണ് നിയമന ഉത്തരവ് ലഭിച്ചത്. ഡിസംബർ 16-നായിരുന്നു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. 133 വോട്ടിന് വിജയിച്ച ഇദ്ദേഹമുൾപ്പെടെ അഞ്ചു പേരാണ് എൽ.ഡി.എഫ്. അംഗങ്ങളുണ്ടായിരുന്നത്.

കഴിഞ്ഞ 26-നാണ് നിയമന ഉത്തരവ് ലഭിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതിനുശേഷം രാജി നൽകാനാണ് തീരുമാനിച്ചിരുന്നത്. അതിനാലാണ് വ്യാഴാഴ്ച വരെ കാത്തിരുന്നതെന്നും ബാബു വ്യക്തമാക്കി.