പത്തനംതിട്ട സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ് ചുമതലയേറ്റു. പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിന്റെ അമരക്കാരിയായാണ് 21 വയസുകാരിയായ രേഷ്മ ചുമതലയേറ്റത്. പത്രികാ സമർപ്പണത്തിന് ഒരു ദിവസം മുൻപ് മാത്രമാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അംഗം അങ്ങനെ പ്രായം കുറഞ്ഞ പ്രസിഡന്റുമായി.

അഭിമാന നിമിഷമാണിതെന്ന് രേഷ്മ പ്രതികരിച്ചു. എസ്എഫ്‌ഐയുടേയും, ഡിവൈഎഫ്‌ഐയുടേയും ജില്ലയിലെ വനിതാ കരുത്തായ രേഷ്മ, ഇടതു യുവജന, വിദ്യാർത്ഥി സമരവേദികളിലെ നിറസാന്നിധ്യമാണ്. സിപിഎം ജില്ലാ കമ്മറ്റി ഐക്യകണ്‌ഠേനയാണ് രേഷ്മയെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിയോഗിച്ചത്. തിരഞ്ഞെടുപ്പിൽ 9 വോട്ടുകൾ നേടിയാണ് രേഷ്മ പ്രസിഡന്റായത്. 15 വാർഡുകളുള്ള അരുവാപ്പുലം പഞ്ചായത്തിൽ അഞ്ചിടത്ത് യുഡിഎഫും ഒരിടത്ത് സ്വതന്ത്രനുമാണ് ജയിച്ചത്.

ഭൂരിപക്ഷം കിട്ടിയിട്ടും നടുവിൽ പഞ്ചായത്തിൽ ഭരണം കൈവിട്ട് യുഡിഎഫ്

കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ ഭൂരിപക്ഷം നേടിയിട്ടും ഭരണം നഷ്ടപ്പെട്ട് യുഡിഎഫ്. അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് യുഡിഎഫ് വിട്ട ഡിസിസി സെക്രട്ടറി ബേബി ഓടംമ്പള്ളിൽ എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു. ബേബിയെ മാറ്റി നിർത്തി കോൺഗ്രസ് മറ്റൊരാളെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് ഭരണ നഷ്ടത്തിലെത്തിച്ചത്. ആകെയുള്ള 19ൽ 11 വോട്ടുകൾ നേടിയാണ് ബേബി തെരഞ്ഞെടുക്കപ്പെട്ടത്. നാൽപ്പത് വർഷത്തിനുശേഷമാണ് നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്കെത്തിയിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്-7, യുഡിഎഫ്-11, സ്വതന്ത്രൻ-1 എന്നിങ്ങനെയായിരുന്നു കക്ഷിനില.തർക്കങ്ങളെ തുടർന്ന് ബേബി ഓടംമ്പള്ളിലിനൊപ്പം രണ്ട് യുഡിഎഫ് അംഗങ്ങൾ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽ ചേർന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ട രണ്ട് അംഗങ്ങളും കോൺഗ്രസ് വിമതയും ഏഴ് എൽഡിഎഫ് അംഗങ്ങളും ബോബിക്ക് വോട്ട് ചെയ്തു.

കോൺഗ്രസ് ഡിസിസി ജനറൽ സെക്രട്ടറിയായ ബേബി 10 വർഷമായി നടുവിൽ പഞ്ചായത്ത് അംഗവും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായിരുന്നു. വിപ്പ് ലംഘിച്ച ബേബി ഉൾപ്പെടെ മൂന്ന് പേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തുവെന്നും വിപ്പ് ലംഘനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.