തിരുവനന്തപുരം: കൊല്ലം കണ്ണനെല്ലൂർ വടെേക്കമെലക്കാട് അയ്യപ്പഭവനിൽ രതീഷിന് ഇത് പുതു ജന്മാണ്. ആശുപത്രിയിൽ 'അജ്ഞാതമൃതദേഹമായിക്കിടന്ന അവസ്ഥയിൽ നിന്നും സുഹൃത്തുക്കളുടെ സഹായത്താൽ യുവാവ് ജീവിതത്തിൽ തിരിച്ചെത്തുകയാണ്. കൂടെ പഠിച്ചവരുടെ സഹായമനസ്‌കതയാണ് ഇതിന് കാരണം.

പുനെയിൽ 1999ലുണ്ടായ ഒരു വാഹനാപകടത്തിൽ ഗുരുതരപരുക്കേറ്റ രതീഷ് ഏറെനാൾ 'അജ്ഞാതനായി' ആശുപത്രിക്കിടക്കയിൽ കഴിഞ്ഞു മരിച്ചെന്ന് അധികൃതർ വിധിയെഴുതി. അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ രതീഷിൽ ജീവന്റെ തുടിപ്പുണ്ടെന്നു തിരിച്ചറിഞ്ഞത് അവന്റെ അമ്മാവനാണ്. പിന്നാലെ കൂട്ടുകാരുടേയും സഹപാഠികളുടേയും സഹായമെത്തിയപ്പോൾ രതീഷ് ജീവിതത്തിലേക്ക് മടങ്ങി വരികയാണ്.

മരിച്ചെന്ന് ഡോക്ടർ വിധിയെഴുതിയപ്പോൾ ആരോ രതീഷിനെ തിരിച്ചറിഞ്ഞു. അതോടെ, നാട്ടിൽനിന്ന് അമ്മാവനെത്തി. അനന്തരവൻ മരിച്ചെന്നത് ഉൾക്കൊള്ളാനാവാതിരുന്ന അദ്ദേഹമാണു ജീവന്റെ തുടിപ്പ് ബാക്കിയുണ്ടെന്ന സംശയം പ്രകടിപ്പിച്ചത്. രതീഷിന്റെ പുനർജനിയായിരുന്നു അത്. നാട്ടിലെത്തിച്ച രതീഷിനു വർഷങ്ങളുടെ ചികിത്സ ആവശ്യമായിവന്നു. അതോടെ ആകെയുണ്ടായിരുന്ന കിടപ്പാടവും നഷ്ടമായി. അപ്പോഴാണ് കൂട്ടുകാരുടെ മഹത്വം അറിഞ്ഞത്.

രതീഷിന്റെ െദെന്യം പന്തളം എൻ.എസ്.എസ്. പോളിടെക്‌നിക്കിലെ പൂർവവിദ്യാർത്ഥികളുടെ വാട്‌സ്ആപ് കൂട്ടായ്മയായ 'വി ഓൾ ലൗ' ഗ്രൂപ്പിന്റെ ശ്രദ്ധയിൽപെട്ടു. കൊച്ചിയിലുള്ള വടുതല ശ്രീകുമാറാണു ഗ്രൂപ്പിന്റെ അമരക്കാരൻ. സഹായനിധിയായി രണ്ടുലക്ഷം രൂപ സമാഹരിക്കാനാണു തീരുമാനിച്ചതെങ്കിലും കരുണ വറ്റാത്തവരുടെ കൈയയച്ച സഹായത്താൽ അഞ്ചരലക്ഷം രൂപ ലഭിച്ചു. എൻ.എസ്.എസ്‌പി.ടി. റോയൽ സിവിൽ ഗ്രൂപ്പും 1998ലെ ഇലക്ട്രിക്കൽ ഗ്രൂപ്പും കഴിയുന്നത്ര സഹായങ്ങൾ ചെയ്തു. അജിത് പണിക്കർ, ജിനു തുടങ്ങിയവരാണു സുഹൃത്തിന്റെ ദുരവസ്ഥ വാട്‌സ്ആപ് ഗ്രൂപ്പിനെ അറിയിച്ചത്. ഫിറോസ് സഹായസമാഹരണത്തിനു ചുക്കാൻ പിടിച്ചു. നവീൻ ആദ്യസംഭാവനയേകി. അനുരാജ്, സച്ചിൻ, സുധീർ, മനോജ്, ഷിബു, കൂൾവുഡ് രാജേഷ് തുടങ്ങിയവർ മറ്റു ഗ്രൂപ്പുകളിൽനിന്നുള്ള സഹകരണം ഏകോപിപ്പിച്ചു.

പണം സംയുക്ത അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസം നിശ്ചിതതുക ചികിത്സാചെലവുകൾക്കായി ഉറപ്പുവരുത്തി. ഇതിനിടെ രതീഷിന്റെ ചികിത്സാചെലവുകൾക്കായി ആദിച്ചനല്ലൂർ സഹകരണ ബാങ്കിൽനിന്നെടുത്ത വായ്പ ജപ്തി നടപടികളിലേക്കു നീണ്ടു. ഈ വിവരം പോളിടെക്‌നിക്കിലെ പൂർവവിദ്യാർത്ഥി സംഘടന ദുബായിലുള്ള പാം ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന കർമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ശ്രദ്ധയിൽപെടുത്തി. ക്രിസ്റ്റഫർ, രാജേഷ്പിള്ള, തുളസീധരൻപിള്ള, പോളിടെക്‌നിക് അദ്ധ്യാപകൻ പ്രദീപ്കുമാർ എന്നിവർ നേതൃത്വം നൽകി.

തുടർന്ന് ബാങ്ക് ഭരണസമിതിയുമായി നിരന്തരം നടത്തിയ ചർച്ചകളിലൂടെ വായ്പത്തുകയിൽ ഇളവുവാങ്ങി ബാക്കി അടച്ചുതീർത്തു. അങ്ങനെ ആ പ്രശ്‌നവും തീർന്നു.