മലപ്പുറം: ആറുമാസം മുമ്പ് മലപ്പുറം പന്താവൂരിൽ ഇർഷാദിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ ഉപയോഗിച്ച കയർ പ്ലാസ്റ്റിക് കവറിൽ നിന്നും സംഭവ സമയത്ത് ഇർഷാദ് ധരിച്ചിരുന്ന വസ്ത്രങ്ങളും വാച്ചും ലാപ്ടോപ്പ് ബാഗിൽ ഒളിപ്പിച്ച നിലയിലും പൊലീസ് കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതിയായ സുഭാഷുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്.

പ്രതി അറിയിച്ചതിനെ തുടർന്ന് നീലിയാട് - ആനക്കര റോഡിരികിലെ തോടിന് സമാനമായ കിടങ്ങിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ഇർഷാദിന്റെ വസ്ത്രങ്ങളും വാച്ചും ലാപ്ടോപ്പ് ബാഗിലാക്കിയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ഉപയോഗിച്ച കയർ പ്ലാസ്റ്റിക്ക് കവറിലാക്കിയ നിലയിലാണ് കണ്ടെടുത്തത്. ബാഗിൽ നിന്നും ഇർഷാദിന്റെ ഫോട്ടോയും കണ്ടെടുത്തിട്ടുണ്ട്.എന്നാൽ ഇർഷാദിനെ തലക്കടിക്കാൻ ഉപയോഗിച്ച ഷോക്ക് അബ്‌സോർബർ കണ്ടെടുക്കാനായില്ല. ഇക്കഴിഞ്ഞ ജൂൺ 11 ന് രാത്രിയാണ് പന്താവൂർ സ്വദേശിയായ ഇർഷാദിനെ സുഹൃത്തുക്കളായ സുഭാഷും എബിനും ചേർന്ന് ഷോക്ക് അബ്‌സോർബർ ഉപയോഗിച്ച് തലക്കടിച്ച ശേഷം കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം 12 ന് പുലർച്ചെ പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ കിണറിൽ ഉപക്ഷിക്കുകയായിരുന്നു.

അതിനാൽ തലക്കടിക്കാൻ ഉപയോഗിച്ച ഷോക്ക് അബ്‌സോർബർ കണ്ടെടുക്കേണ്ടതുണ്ട്. ഷോക്ക് അബ്‌സോർബർ എവിടെയാണ് ഉപേക്ഷിച്ചതെന്ന് രണ്ടാം പ്രതി എബിന് മാത്രമെ അറിയുകയുള്ളു എന്നാണ് സുഭാഷ് പറഞ്ഞതെന്നാണ് സൂചന. രണ്ടാം പ്രതി എബിൻ കോവിഡ് നെഗറ്റീവായ ശേഷം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയാൽ മാത്രമെ ഇത് വ്യക്തമാക്കുകയുള്ളു.സുഭാഷിനെ കഴിഞ്ഞ ദിവസം കൊല നടത്തിയ വട്ടംകുളത്തെ ക്വാർട്ടേഴ്സിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. അവിടെ നിന്നും കൊല നടത്തിയതിന്റെ തെളിവുകൾ സൈന്റിഫിക്ക് വിദഗ്ധരും വിരലടയാള വിദഗ്ധരും ശേഖരിച്ചിരുന്നു.

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. സുഭാഷിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. അതിനാൽ രണ്ട് ദിവസത്തിനകം കൂടുതൽ തെളിവുകൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്യേഷണ സംഘം.തിരൂർ ഡിവൈഎസ്‌പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്യേഷണ സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്.സിഐ ബഷീർ ചിറക്കൽ,എസ്ഐ ഹരിഹരസൂനു,സ്‌ക്വോഡ് അംഗം രാജേഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.