തിരുവനന്തപുരം: കേരളത്തിന് പുറത്ത് പാരാ മെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളോട് വിവേചനം കാണിച്ച് ആരോഗ്യ സർവകലാശാലയും പാരാ മെഡിക്കൽ കൗൺസിലും. അന്യ സംസ്ഥാനങ്ങളിലെ അംഗീകൃത മെഡിക്കൽ കോളേജുകളിൽ നിന്ന് പഠിച്ച് വരുന്ന വിദ്യാർത്ഥികൾക്ക് പോലും തുല്യതാ സർട്ടിഫിക്കറ്റ് നൽകാൻ ആരോഗ്യ സർവകലാശാല തയ്യാറാവുന്നില്ലെന്ന് പരാതി. ഇക്കാരണം പറഞ്ഞ് അവർക്ക് അംഗീകാരം നൽകാൻ പാരാ മെഡിക്കൽ കൗൺസിലും തയ്യാറാകുന്നില്ല.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് നേടുന്ന ത്രിവത്സര ബി.എസ്.സി അലയ്ഡ് ഹെൽത്ത് സയൻസ് കോഴ്സുകൾക്ക് കേരളത്തിൽ അംഗീകാരം നിഷേധിച്ചതോടെ ഇരുളടഞ്ഞത് അത് പഠിച്ചിറങ്ങിയ ഉദ്യോഗാർഥികളുടെ വിദ്യാർത്ഥികളുടെയും സ്വപ്നങ്ങളാണ്. അയ്യായിരത്തോളെ വിദ്യാർത്ഥികളാണ് കേരള ആരോഗ്യ സർവ്വകലാശാലയുടെ വിചിത്ര നടപടി മൂലം വലയുന്നത്. 2012 മുതൽ ഉള്ള ഇതരസംസ്ഥാനങ്ങളിലെ ബി എസ് സി അലയ്ഡ് ഹെൽത്ത് സയൻസ് കോഴ്സുകൾക്ക് അംഗീകാരം നൽകേണ്ടതില്ലെന്ന് കേരള ആരോഗ്യ സർവ്വകലാശാലയുടെ നീക്കമാണ് വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും തിരിച്ചടിയായിരിക്കുന്നത് ആരോഗ്യ സർവകലാശാല മെഡിക്കൽ ഗവേണിങ് കൗൺസിലിന്റെ പുതിയ തീരുമാനത്തിനെതിരെ ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. കേരളത്തിൽ നാലു വർഷത്തെ കോഴ്സാണ് ബി.എസ്.സി അലയ്ഡ് ഹെൽത്ത് സയൻസ് ബിരുദം എങ്കിൽ മറ്റ് സംസ്ഥാനങ്ങളിലും മൂന്നുവർഷം മാത്രമാണുള്ളത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് കേരളത്തിലെ ആരോഗ്യ സർവകലാശാല ഇതര സംസ്ഥാനങ്ങളിലെ 2012 ശേഷം പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് അയോഗ്യത കൽപ്പിച്ചിരിക്കുന്നത്.

കേന്ദ്ര യുജിസി അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ പി എസ് സി പരീക്ഷയിൽ മാനദണ്ഡം ആയി നിലനിൽക്കെയാണ് തുല്യതാ സർട്ടിഫിക്കറ്റിന്റെ പേരും പറഞ്ഞും അയോഗ്യത കൽപ്പിച്ച് ആരോഗ്യ സർവകലാശാലയുടെ വിചിത്ര നീക്കം . യുജിസി അംഗീകാരമുള്ള സർക്കാർ സ്വകാര്യ സർവകലാശാലകളുടെയും കല്പിത സർവകലാശാലകളുടെയും സർട്ടിഫിക്കറ്റ് മതിയെന്ന് മാനദണ്ഡം കാറ്റിൽപറത്തിയാണ് ആരോഗ്യ സർവകലാശാലയുടെ പ്രവർത്തനം. യുജിസി അംഗീകരിച്ച യൂണിവേഴ്സിറ്റികളിൽ നിന്നും കോളേജുകളിൽ നിന്നും മൂന്ന് വർഷത്തെ ഇന്റേഷിപ്പോടെ കോഴ്സ് കഴിഞ്ഞ് ഇറങ്ങുന്നവർക്ക് പോലും കേരളത്തിൽ ജോലി ഞാൻ യാതൊരു മാർഗവുമില്ല എന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. പാരാ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇവർ നേരിടേണ്ടിവരുന്നത്. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ കേരള യൂണിവേഴ്സിറ്റിയുടെ ഇക്വലൻസി സർട്ടിഫിക്കറ്റ് വേണം എന്നാണ് ചട്ടം ഇതിനുവേണ്ടി സർവകലാശാലയെ ബന്ധപ്പെട്ടാൽ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.

കേരളത്തിലെ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്നതിന്റെ പലമടങ്ങ് വിദ്യാർത്ഥികളാണ് കേരളത്തിന്റെ പുറത്തുള്ള വിവിധ യൂണിവേഴ്സിറ്റികളിലും കോളേജുകളിൽ നിന്നുമായി ഓരോ വർഷവും പുറത്തിറങ്ങുന്നത്. ഇവരൊക്കെയും ജോലിക്ക് വേണ്ടി നെട്ടോട്ടം ഓടുമ്പോഴും കേരളത്തിലെ ഗവർമെന്റ് ഹോസ്പിറ്റലുകളിലെ ലാബുകളിൽ നിരവധി തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. താത്കാലികമായും ശുപാർശകൾ വഴിയും ആ നിയമനങ്ങൾ നടത്തുമ്പോൾ കേരളത്തിന്റെ പുറത്ത് പഠിച്ചു എന്ന ഒറ്റ കാരണത്താൽ ഒരു വിഭാഗം ഉദ്യോഗാർത്ഥികളെ പടിക്ക് പുറത്തു നിർത്തുകയാണ് അധികൃതർ.

യുജിസിയും, എൻ.എ.എ.സിയും അംഗീകരിച്ച യൂണിവേഴ്സിറ്റികളിൽ നിന്നും, കോളേജുകളിൽ നിന്നും മൂന്നര വർഷത്തെ ഇന്റേൺഷിപ്പോട് കൂടി കോഴ്സ് കഴിഞ്ഞിറങ്ങുന്നവർക്ക് പോലും കേരളത്തിൽ തൊഴിൽ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്. അവർക്ക് പാരാമെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ പോലും കഴിയുന്നില്ല. പാരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ ചെയ്യണമെങ്കിൽ കേരള ആരോഗ്യ സർവകലാശാലയുടെ തുല്യതാ സർട്ടിഫിക്കറ്റ് വേണമെന്നാണ് ചട്ടം. എന്നാൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും പഠിച്ചുവരുന്ന വിദ്യാർത്ഥികൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകാൻ ആരോഗ്യ സർവകലാശാല തയ്യാറാകുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ അതിപ്രശസ്തമായ കോളേജുകളിലും സർവകലാശാലകളിലും പഠിച്ചുവരുന്നവരടക്കം ആരോഗ്യ സർവകലാശാലയുടെ ഈ നിലപാടിൽ ബുദ്ധിമുട്ടുകയാണ്.

താത്കാലിക നിയമനങ്ങൾക്ക് പോലും പാരമെഡിക്കൽ കൗൺസിലിന്റെ അംഗീകാരം വേണമെന്നിരിക്കെ ഈ സംസ്ഥാനത്ത് ജോലി ചെയ്യാൻ യോഗ്യതയില്ലാത്തവരായി അവഗണിക്കപ്പെടുകയാണ് അവർ. എന്നാൽ വിദേശത്ത് പോകാമെന്ന് തീരുമാനിച്ചാൽ അതിനും വേണം പാരമെഡിക്കൽ കൗൺസിലിന്റെ അംഗീകാരം. കേവലം ആറ് മാസത്തെ മാത്രം ദൈർഘ്യമുള്ള സർട്ടിഫിക്കേഷൻ കോഴ്സുകൾ ചെയ്ത് പാരമെഡിക്കൽ കൗൺസിലിൽ അംഗത്വവും എടുത്ത് സർക്കാർ ആശുപത്രികളിളടക്കം ജോലി ചെയ്യുന്നവർ നിരവധിയാണെന്ന് അവർ ആരോപിക്കുന്നു.

കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കുറവും പ്രാക്ടിക്കൽ പഠനത്തിന് വേണ്ട അത്യാധുനിക സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് കേരളത്തിന് പുറത്തേയ്ക്ക് വിദ്യാർത്ഥികൾ പഠിക്കാൻ പോകുന്നതിന് പ്രധാന കാരണം. മറ്റ് രാജ്യങ്ങളിൽ നിന്നും എംബിബിഎസ് പഠിച്ച് വരുന്നവർക്ക് നമ്മുടെ രാജ്യത്ത് നടത്തുന്ന മെഡിക്കൽ എക്സാമിനേഷന് സമാനമായി ഇതരസംസ്ഥാനങ്ങളിൽ പഠിച്ച് വരുന്നവർക്ക് ഒരു ടെസ്റ്റ് നടത്താൻ പാരാമെഡിക്കൽ കൗൺസിൽ തീരുമാനിച്ചാലും സ്വാഗതം ചെയ്യുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. പരീക്ഷ നടത്തി അർഹരായവർക്ക് മാത്രം അംഗീകാരം നൽകിയാൽ മതി.

കേരളത്തിൽ പാരാമെഡിക്കൽ കോഴ്സുകൾ പ്രധാനമായും ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ആണ് നടത്തുന്നത് ഈ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പലതിനും പ്രാക്ടിക്കൽ പഠനത്തിന് സ്വന്തമായി ആശുപത്രികൾ ഇല്ലാത്ത അവസ്ഥയാണുള്ളത്. ഉള്ളവയിലാകട്ടെ പ്രാചീന സാങ്കേതികവിദ്യകളും പരിമിത സൗകര്യങ്ങളോടെയുള്ളതുമാണ്. മാത്രമല്ല എൻഎബിഎച്ച്- എൻഎബിഎൽ അക്രഡേഷനുള്ള ആശുപത്രികൾ കേരളത്തിൽ വളരെ വിരലിൽ എണ്ണാവുന്നതെ ഉള്ളൂ. അങ്ങനെയുള്ളപ്പോൾ നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾ പുറത്തുപോയി പഠിക്കുന്നതിനെ നമുക്ക് എങ്ങനെയാണ് വിമർശിക്കാൻ കഴിയുക.

ആരോഗ്യ സർവ്വകലാശാല രൂപീകൃതമാകുന്നതിന് മുൻപ് മഹാത്മാഗാന്ധി സർവകലാശാലയും കാലിക്കറ്റ് സർവ്വകലാശാലയും മറ്റു സംസ്ഥാനങ്ങളിൽ നിന്നും അംഗീകാരത്തോടെ പഠിച്ചിറങ്ങിയവർക്ക് തുല്യത സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇത് ഉപയോഗിച്ച് കൗൺസിൽ അംഗത്വം നേടാൻ സാധിച്ചിരുന്നു. എന്നാൽ ആരോഗ്യ സർവകലാശാല രൂപീകൃതമായതോടെ മറ്റു യൂണിവേഴ്സിറ്റികൾ തുല്യതാ അംഗീകാരം കൊടുക്കുന്നത് നിർത്തി. ചില നിയമയുദ്ധങ്ങൾ കാലങ്ങളോളം നടത്തിയതിന്റെ ഫലമായി കാലിക്കറ്റ് സർവ്വകലാശാല തുല്യതാ അംഗീകാരം നൽകുന്നത് പുനരാരംഭിച്ചു. ഇത് മനസ്സിലാക്കിയ പാരാമെഡിക്കൽ കൗൺസിൽ ആരോഗ്യ സർവകലാശാലയുടെ തുല്യത സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതോടെയാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നും പാലമെഡിക്കൽ ബിരുദങ്ങൾ സ്വന്തമാക്കിയവർ പെരുവഴിയിലായത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പ്രതിപക്ഷനേതാവ് തുടങ്ങിയവർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ.