തിരുവനന്തപുരം: താലികെട്ടിന് നിമിഷങ്ങൾ ബാക്കി നിൽക്കെ കാമുകനൊപ്പം പോകണമെന്ന് വധു. ഇതോടെ വിവാഹം മുടങ്ങി. പാറശ്ശാല മഞ്ചവിളാകം പരക്കുന്ന ക്ഷേത്രത്തിലായിരുന്നു സംഭവം.

കുളത്തൂർ ഉച്ചക്കട സ്വദേശിയായ വരൻ കതിർമണ്ഡപത്തിൽ കയറിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കതിർമണ്ഡപത്തിലേക്ക് അച്ഛനും അമ്മയും വധുവുമായെത്തി. നിറകണ്ണുകളുമായാണ് യുവതി എത്തിയത്. കതിർമണ്ഡപത്തിലെത്തിയപ്പോൾ യുവതിയുടെ പ്രഖ്യാപനവും എത്തി. തനിക്ക് വിവാഹത്തിന് താൽപ്പര്യമില്ലെന്ന് യുവതി പറഞ്ഞു.

ബിഎസ് എസി നേഴ്‌സിങിന് ഒപ്പം പഠിച്ച മഹാരാഷ്ട്രക്കാരനുമായുള്ള പ്രണയ ബന്ധവും വിശദീകരിച്ചു. അച്ഛനും അമ്മയും പെൺകുട്ടിയുടെ കാലു പിടിച്ചു. അപ്പോഴും പെൺകുട്ടി വഴങ്ങിയില്ല. ഇതോടെ കതിർമണ്ഡപത്തിൽ ഇരുന്ന യുവാവ് പ്രതിസന്ധിയിലുമായി. വിവാഹത്തിന് എത്തിയ വരന്റെ വീട്ടുകാർ ബഹളവും തുടങ്ങി. ഇടൻ പൊലീസ് എത്തി. പ്രശ്‌നം പരിഹരിച്ചു. വിദേശത്ത് ജോലി നോക്കുന്ന യുവാവിന്റെ വിവാഹമാണ് ഇങ്ങനെ മുടങ്ങിയത്.

നാല് മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം. മോതിര മാറ്റവും നടന്നു. വിവാഹത്തലേന്ന് വരെ യുവതിയുമായി യുവാവ് ഫോണിലും സംസാരിച്ചു. പക്ഷേ ഒരു സൂചനയും നൽകിയില്ല. പക്ഷേ തീർത്തും നാടകയീയമായിരുന്നു കതിർമണ്ഡപത്തിലെ യുവതിയുടെ പ്രതികരണങ്ങൾ. വരന്റെ വീട്ടിലെ സ്വീകരണ ചടങ്ങുകൾക്ക് ഉച്ചക്കടയിൽ ഭക്ഷണവും ഒരുക്കിയിരുന്നു.

വിവാഹം മുടങ്ങിയതോടെ തങ്ങൾക്കുണ്ടായ സാമ്പത്തിക നഷ്ടം വരന്റെ ബന്ധുക്കൾ വിവരിച്ചു. പൊലീസിന്റെ സാന്നിധ്യത്തിൽ നഷ്ടപരിഹാരം നൽകാമെന്ന് യുവതിയുടെ ബന്ധുക്കൾ ഉറപ്പ് നൽകി. ഇതോടെയാണ് തർക്കങ്ങൾ തീർന്നത്.