- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത്രയും കാലം ഇതുവഴി നടന്നിട്ടും അങ്ങനെയൊരു മരം അവിടെ നിൽക്കുന്നതു ഞാൻ കണ്ടിട്ടില്ല അങ്ങുന്നേ'; മഴവിൽക്കാവടിയിലെ മീശ വാസുവിനെ മറക്കാനാകുമോ മലയാളിക്ക്! പറവൂർ ഭരതൻ എന്ന കാരണവർക്കു മലയാളത്തിന്റെ പ്രണാമം
കൊച്ചി: മറക്കാനാകുമോ മഴവിൽക്കാവടിയിലെ മീശ വാസുവിനെ. കൊമ്പൻ മീശയും വച്ച് മണ്ടത്തരങ്ങൾ മാത്രം കാണിക്കുന്ന ഒരു കാര്യസ്ഥൻ. ഒടുവിൽ 'അങ്ങുന്നിനെ' പറ്റിച്ച് എതിർ ഗ്രൂപ്പുകാർക്കൊപ്പം ചേക്കേറുന്ന മീശ വാസു പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കഥാപാത്രമാണ്. ഒരുപക്ഷേ, പറവൂർ ഭരതനെന്ന നടനല്ലാതെ മറ്റാരു ചെയ്താലും അത്രത്തോളം ഫലിപ്പിക്കാൻ കഴിയാത്
കൊച്ചി: മറക്കാനാകുമോ മഴവിൽക്കാവടിയിലെ മീശ വാസുവിനെ. കൊമ്പൻ മീശയും വച്ച് മണ്ടത്തരങ്ങൾ മാത്രം കാണിക്കുന്ന ഒരു കാര്യസ്ഥൻ. ഒടുവിൽ 'അങ്ങുന്നിനെ' പറ്റിച്ച് എതിർ ഗ്രൂപ്പുകാർക്കൊപ്പം ചേക്കേറുന്ന മീശ വാസു പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കഥാപാത്രമാണ്.
ഒരുപക്ഷേ, പറവൂർ ഭരതനെന്ന നടനല്ലാതെ മറ്റാരു ചെയ്താലും അത്രത്തോളം ഫലിപ്പിക്കാൻ കഴിയാത്ത ഒരു വേഷം തന്നെയായിരുന്നു അത്.
ചില കഥാപാത്രങ്ങൾ അങ്ങനെയാണ്. മറ്റൊരു നടൻ ചെയ്താൽ അമ്പേ പരാജയപ്പെടും എന്നുറപ്പുള്ള വേഷങ്ങൾ. മഴവിൽക്കാവടിയിലെ മീശ വാസുവും ഇൻ ഹരിഹർ നഗറിലെ സേതുമാധവന്റെ അപ്പൂപ്പനും അമ്മയാണെ സത്യത്തിൽ പണത്തെ ദൈവമായി കരുതുന്ന വീട്ടുടമസ്ഥനും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയത് പറവൂർ ഭരതൻ എന്ന നടന്റെ പ്രകടനം ഒന്നുകൊണ്ടു മാത്രമാണ്.
അപ്പുക്കുട്ടന്റെ മണ്ടത്തരം കൊണ്ടു വഴിയേ പോകുന്നവരിൽ നിന്നു തല്ലുവാങ്ങിക്കൂട്ടുന്ന അപ്പൂപ്പൻ കഥാപാത്രം ഇൻ ഹരിഹർ നഗറിലെ താമസക്കാരാരും മറക്കില്ല. അതുപോലെ തന്നെയാണ് ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലെ വീട്ടുടമസ്ഥൻ. പണം എന്നും എണ്ണിത്തിട്ടപ്പെടുത്തി വയ്ക്കുന്ന, ദൈവത്തെപ്പോലെ ആരാധിക്കുന്ന കർക്കശക്കാരനും പിശുക്കനുമായ കഥാപാത്രം. തനിക്കുമാത്രം കഴിയുന്ന ഒരു ശൈലി രൂപപ്പെടുത്തിയെടുത്ത പറവൂർ ഭരതൻ ഈ കഥാപാത്രങ്ങളെയെല്ലാം അവിസ്മരണീയമാക്കുകയായിരുന്നു.
'ചതിച്ചു അങ്ങുന്നേ... വണ്ടി ഇടിച്ചു... ഇത്രയും കാലം ഇതുവഴി നടന്നിട്ടും അങ്ങനെയൊരു മരം അവിടെ നിൽക്കുന്നതു ഞാൻ കണ്ടിട്ടില്ല...!!' ഓടിക്കിതച്ചെത്തി ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രത്തോടു ഈ ഡയലോഗു പറയുമ്പോൾ പൊട്ടിച്ചിരിക്കാതിരിക്കാൻ ആർക്കുമാകില്ല. 'ഈ മീശേം വച്ചു കരയല്ലെടാ കഴുതേ... വെള്ളം വീണു വീണ് അത് ഇനിയും വളരും' എന്ന് മീശവാസുവിന്റെ മുഖത്തു നോക്കി അങ്ങുന്നു പറയുന്നതും അപ്പോഴുള്ള വാസുവിന്റെ പരിഭവവുമൊന്നും മറക്കാനാകില്ല.
എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിലെ വാവക്കാട് എന്ന സ്ഥലത്താണ് പറവൂർ ഭരതൻ ജനിച്ചത്. സ്‌കൂൾ കാലഘട്ടം മുതൽ അഭിനയ രംഗത്ത് അദ്ദേഹം സജീവമായി. അച്ഛന്റെ മരണത്തോടുകൂടി ഭരതന്റെ സ്‌കൂൾ പഠനം അവസാനിച്ചുവെങ്കിലും അഭിനയത്തിൽ തുടരാൻ അദ്ദേഹത്തിനായി. പ്രശസ്ത കാഥികൻ കെടാമംഗലം സദാനന്ദൻ ആയിരുന്നു ഭരതനെ നാടകവേദിയിലേക്കു കൈപിടിച്ച് ഉയർത്തിയത്. 1940കളിലാണ് നാടകരംഗത്ത് അദ്ദേഹം എത്തിപ്പെടുന്നത്.
അക്കാലത്തെ സൂപ്പർ ഹിറ്റ് നാടകമായിരുന്ന 'രക്തബന്ധം' സിനിമാ സംവിധായകൻ വേൽസ്വാമി സിനിമയാക്കാൻ തീരുമാനിച്ചു. കഥാപാത്രങ്ങൾക്കു പറ്റിയ രൂപങ്ങൾ അന്വേഷിച്ചപ്പോൾ ഒരു വേഷം ഭരതനും ലഭിച്ചു. അങ്ങനെ, 1951ൽ പുറത്തിറങ്ങിയ രക്തബന്ധത്തിലെ ഒരു കഥാപാത്രമായി ഭരതൻ എന്ന സിനിമാനടനും ജനിച്ചു.
ആദ്യ സിനിമയിൽ ഭരതനു കിട്ടിയ പ്രതിഫലം 50 രൂപയായിരുന്നു. അതിനുശേഷം കേരള കേസരി, മരുമകൾ എന്നിങ്ങനെയുള്ള ചിത്രങ്ങളിലൊക്കെ അക്കാലത്ത് ഭരതൻ അഭിനയിച്ചു.
50കളിൽ സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരും അഗസ്റ്റിൻ ജോസഫും കൂടി 'ഉദയ കേരള നാടകസമിതി' തുടങ്ങിയപ്പോൾ മുട്ടത്തുവർക്കിയുടെ 'മാറ്റൊലി' സ്റ്റേജിൽ അവതരിപ്പിച്ചു. അതിലെ 'പാലു' എന്ന റോൾ പ്രേക്ഷകശ്രദ്ധ നേടിയതിനൊപ്പം വ്യക്തിജീവിതത്തിലും ഭരതനു വഴിത്തിരിവേകി. നാടകത്തിൽ 'ചക്കര' എന്ന റോൾ അവതരിപ്പിച്ച തങ്കമണിയെയാണു ഭരതൻ ജീവിതസഖിയാക്കിയത്. പ്രദീപ്, മധു, അജയൻ, ബിന്ദു എന്നിവർ മക്കളാണ്.
വില്ലൻ, നായകന്റെ സഹായി, കാര്യസ്ഥൻ ടൈപ്പ് റോളുകളിൽ പതിവുകാരനായിരുന്നു ആദ്യകാലത്ത് പറവൂർ ഭരതൻ. എന്നാൽ അഭിനയ ജീവിതത്തിലെ രണ്ടാം ഘട്ടത്തിലാണ് അദ്ദേഹം കോമഡിയിലേക്കു തിരിഞ്ഞത്. 80കളൂടെ അവസാനമാണ് ഭരതനു കോമഡിയിൽ പൊതിഞ്ഞ രണ്ടാം വരവുണ്ടായത്. അവയിലാണ് എക്കാലത്തും ഓർമ്മിക്കപ്പെടുന്ന റോളുകൾ ലഭിച്ചത്. മഴവിൽ കാവടിയിലെ 'മീശ വാസുവും' വിദ്യാരംഭത്തിലെ അഞ്ചലോട്ടക്കാരനുമൊക്കെ പിറന്നത് ഈ കാലഘട്ടത്തിലാണ്. ഒരുവർഷം പതിനഞ്ചു ചിത്രങ്ങളിൽ വരെ അഭിനയിച്ച സമയവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
ജൂനിയർ മാൻഡ്രേക്കിൽ നായ സ്‌നേഹിയായ മുതലാളിയെയും മലയാളികൾ നെഞ്ചേറ്റിയതാണ്. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, ഡോക്ടർ പശുപതി, ഗോഡ് ഫാദർ, കണ്ണൂർ ഡീലക്‌സ്, റസ്റ്റ് ഹൗസ്, പഞ്ചവടി തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്റെ വേഷം അദ്ദേഹം ഭദ്രമാക്കിയിരുന്നു. 250 ലേറെ ചിത്രങ്ങളിലഭിനയിച്ചതായാണ് വിക്കിപീഡിയയിൽ പറയുന്നതെങ്കിലും അറുപതു വർഷം സിനിമാഭിനയരംഗത്തുണ്ടായിരുന്ന അദ്ദേഹം ചെയ്ത വേഷങ്ങൾ അതിലേറെ വരും.
കറുത്തകൈ, ലൈറ്റ് ഹൗസ് തുടങ്ങിയ സ്ഥിരം ജെയിംസ് ബോണ്ട് മോഡൽ ത്രില്ലറുകളിലെ ഗുണ്ടാ നേതാവായിരുന്നു ഭരതൻ. വരയൻ കൈലിയും അരപ്പട്ടയും മുഖത്തെ കറുത്തമറുകുമായി വന്ന് അട്ടഹസിക്കുന്ന വേഷങ്ങളിൽ ഭരതൻ പ്രേക്ഷകരെ പേടിപ്പെടുത്തി. പഞ്ചവർണത്തത്ത പോലെ എന്ന പ്രശസ്തമായ ഗാനം പാടി അഭിനയിച്ചത് ഭരതനായിരുന്നു. ശരീരത്തിന്റെയും മുഖത്തിന്റെയും പ്രത്യേകതകൾ സമർഥമായി പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിനായി എന്നതാണ് പറവൂർ ഭരതനെന്ന നടന്റെ വിജയവും.
2009 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു. ചങ്ങാതിക്കൂട്ടമാണ് അവസാന ചലച്ചിത്രം. പരേതന്റെ വിലാപം എന്ന ടെലിഫിലിമിലാണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്. മലയാള സിനിമയിൽ അരനൂറ്റാണ്ടിലേറെ പറവൂർ ഭരതൻ നിറഞ്ഞുനിന്നെങ്കിലും അതിന്റെ പകിട്ടൊന്നും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. വാവക്കാട്ടുള്ള 23 സെന്റിൽ പഴയൊരു വാർക്കവീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. താരസംഘടനയായ അമ്മ നൽകുന്ന 4000 രൂപയും അവശകലാകാര പെൻഷനും മാത്രമായിരുന്നു വരുമാനം.
അടുത്തിടെ നടി ശാരദ തന്റെ പഴയ സഹപ്രവർത്തകനായ പറവൂർ ഭരതനെ കാണാൻ വീട്ടിൽ എത്തിയിരുന്നു. 'നമുക്കൊരു പടത്തിൽ കൂടി ഒന്നിച്ചഭിനയിക്കാം. ക്യാമറയുമായി ഞാനിവിടെ പടം പിടിക്കാനെത്തും' എന്നു പറഞ്ഞ ശാരദയോട് അതിന് സമ്മതം മൂളുകയും ചെയ്തിരുന്നു ഭരതൻ. ആ ആഗ്രഹം സഫലമാക്കാനാകാതെയാണ് അദ്ദേഹം വിട പറഞ്ഞത്.