കൊല്ലം: എല്ലാരും മാറിക്കോ;എല്ലാരും മാറിക്കോ;.അതിനു മുൻപ് ഒരു കാര്യം. ഈ വെടിക്കെട്ട് നടത്താൻ എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനും കൊല്ലത്തിന്റെ മുൻ എംപിയുമായ ശ്രീ പീതാംബരക്കുറിപ്പിന് പുറ്റിങ്ങൽ ദേവസ്വത്തിന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുകയാണ് - പരവൂർ പുറ്റിങ്ങലിൽ വെടിക്കെട്ട് അപകടം ഉണ്ടാകുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വരെ ഇങ്ങനെയൊരും മൈക്ക് അനൗൺസ്‌മെന്റ് ഉത്സവ പറമ്പിൽ മുഴങ്ങിക്കേട്ടിരുന്നു.

കളക്ടർ നിഷേധിച്ച മത്സരകമ്പം നടത്താൻ പ്രത്യേക അനുമതി വാങ്ങികൊടുത്തത് പീതാബര കുറിപ്പ് ഇടപെട്ടാണെന്ന് ക്ഷേത്ര ഭാരവാഹികൾ തന്നെ വ്യക്തമാക്കുന്നതാണ് ഈ അനൗൺസ്‌മെന്റ് ഇതിന്റെ വീഡിയോ നേരത്തെ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. എന്തായാലും ഈ മൈക്ക് അനൗൺസ്‌മെന്റ് പീതാംബര കുറിപ്പിന് ശരിക്കും പുലിവാലായി. പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് മുൻ എംപി പീതാബരക്കുറുപ്പിന് കേന്ദ്ര അന്വേഷണ സംഘം നോട്ടീസ് നൽകി. നാളെ ഉച്ചയ്ക്ക് മൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. പൊലീസ് മുഖേനെയാണ് പീതാംബരക്കുറുപ്പിന് നോട്ടീസ് നൽകിയത്.

വെടിക്കെട്ടിന് അനുമതി ലഭ്യമാക്കുന്നതിന് രാഷ്ട്രീയനേതാക്കളുടെ ഇടപെടൽ ഉണ്ടായെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കൃഷ്ണൻ കുട്ടിപ്പിള്ള മൊഴി നൽകിയതിനെത്തുടർന്നാണ് നോട്ടീസ്. ക്ഷേത്ര ഭാരവാഹികളുടെ മൊഴിയിൽ പരാമർശിക്കുന്ന മറ്റ് രാഷ്ട്രീയ നേതാക്കൾക്കും പറവൂർ നഗരസഭാ ഭാരവാഹികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ചെന്നൈയിലെ എക്സ്പ്ലോസീവ്സ് ജോയിന്റ് ചീഫ് കൺട്രോളർ എ.കെ.യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്.

ഏപ്രിൽ എട്ടിന് വൈകിട്ട് വെടിക്കെട്ട് നിരോധിച്ചു എ.ഡി.എമ്മിന്റെ ഉത്തരവുമായി വില്ലേജ് ഓഫീസർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന രാഷ്ട്രീയനേതാക്കൾ ഇടപെട്ടതെന്ന് സെക്രട്ടറി പറഞ്ഞു.ഇവരുടെ നിർദ്ദേശപ്രകാരമാണ് ഒമ്പതിന് ഉച്ചയ്ക്ക് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ എത്തുകയും തുടർന്ന് വെടിക്കെട്ടു നടത്തുന്നതിന് പൊലീസിന്റെ ശുപാർശ നേടുകയും ചെയ്തത്.ക്ഷേത്രഭരണസമിതി മാർച്ചിൽ മൂന്നുവർഷ കാലാവധി പൂർത്തിയാക്കിയിരുന്നെന്നും ഉത്സവം കഴിഞ്ഞ് ഭരണമൊഴിഞ്ഞാൽ മതിയെന്ന പൊതുതീരുമാനപ്രകാരമാണ് തുടർന്നതെന്നും കൃഷ്ണൻ കുട്ടിപ്പിള്ള പറഞ്ഞു.

എട്ടിന് ഉച്ചയ്ക്ക് 12നാണ് കളക്ടറുടെ ചേമ്പറിൽ എത്തി അപേക്ഷ എഴുതി നൽകിയത്. മത്സരക്കമ്പം നടത്താൻ പറ്റില്ലെന്നും ഒരു കമ്പമാണെങ്കിൽ അനുവദിക്കാമെന്നും എ.ഡി.എം. അറിയിച്ചു. അതിനായി പൊലീസിൽനിന്ന് ശുപാർശ എഴുതിവാങ്ങിക്കൊണ്ടുവരാൻ നിർദ്ദേശിച്ചു. എന്നാൽ അപ്പോഴേക്കും രണ്ടു കമ്പക്കാർക്ക് കരാർ കൊടുക്കുകയും അവർ സാധനങ്ങൾ കൊണ്ടുവന്നു തുടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് പരവൂർ സിഐ ഓഫീസിൽ പോയി. വെടിക്കെട്ടിന് അനുമതിതേടി ആദ്യം കൊടുത്ത അപേക്ഷ കളക്ടറേറ്റിൽനിന്ന് വാങ്ങിക്കൊണ്ടുവരാൻ പൊലീസ് നിർദ്ദേശിച്ചു.

തുടർന്ന് ചാത്തന്നൂർ എ.സി.പി. ഓഫീസിൽ പോയി രണ്ടാമത് അപേക്ഷ എഴുതി നൽകി. എന്നാൽ അവിടെ നിൽക്കുമ്പോഴാണ് കളക്ടറേറ്റിൽനിന്ന് നിരോധന ഉത്തരവ് ഫാക്സിൽ വന്നതായി അറിയിച്ചത്. പിന്നീട് വൈകിട്ട് ആറിന് അശ്വതി വിളക്കിന് എത്തിയ രാഷ്ട്രീയനേതാക്കളാണ് പ്രശ്നത്തിൽ ഇടപെട്ടതെന്ന് കൃഷ്ണൻ കുട്ടിപ്പിള്ള മൊഴി നൽകി. മൊഴിക്ക് പിന്നാലെ മൈക്ക് അനൗൺസ്‌മെന്റ് നടത്തിയതും വ്യക്തമായിരുന്നു. ഇതോടെയാണ് പീതാംബര കുറുപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണം സംഘം വിളിക്കുന്നത്.

നേരത്തെ ക്രൈം ബ്രാഞ്ച് മുമ്പാകെ ഇതേമൊഴി നൽകിയിരുന്നെങ്കിലും പീതാംബര കുറുപ്പിൽ നിന്നും മൊഴിയെടുത്തിരുന്നില്ല. കമ്പമത്സരമല്ല വെടിക്കെട്ടാണെന്ന് വരുത്തി തീർക്കാനാണ് പീതാംബരകുറുപ്പ് ശ്രമിച്ചതെന്നാണ് അന്ന് ആക്ഷേപം ഉയർന്നത്. പീതാംബര കുറിപ്പിന്റെ ഈ സമ്മർദ്ദം മൂലമാണ് കളക്ടറുടെ നിരോധനമുണ്ടായിട്ടും പൊലീസ് നിശബ്ദമായി വെടിക്കെട്ടിന് അനുമതി നൽകിയതെന്നാണ് വിമർശനം.