കണ്ണൂർ: ശാസ്ത്ര സാഹിത്യ പരിഷത്തും സിപിഎമ്മും കൂടുതൽ അകൽച്ചയിലേക്ക്. തളിപ്പറമ്പ് കീഴാറ്റൂർ വയലിലൂടെ ദേശീയ പാത നിർമ്മിക്കുന്ന വിഷയത്തിൽ സിപിഎമ്മിനെതിരെ കർശന നിലപാടെടുത്ത പരിഷത്ത, പാർട്ടിക്കെതിരെ വീണ്ടും നിലപാട് കടുപ്പിക്കുന്നു. സിപിഎം. നേതാക്കളും അവരുടെ ബന്ധുക്കളും പങ്കാളികളായി വെള്ളിക്കീലിൽ വൻ ടൂറിസം പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അതിനു വേണ്ടി കുന്നിടിക്കാനും വയൽ നികത്താനും അണിയറയിൽ നീക്കം നടക്കുകയാണ്. അതിനെതിരെ പരിഷത്ത് ശക്തമായി ഇടപെടാനുള്ള ഒരുക്കത്തിലുമാണ്. ബക്കളം യൂനിറ്റ് കമ്മിറ്റി എതിർപ്പുമായി രംഗത്ത് വരികയും ചെയ്തു. പദ്ധതിക്കെതിരെ കമ്മിറ്റി പ്രമേയം പാസാക്കുകയും ചെയ്തു. അതോടെ പ്രാദേശിക സിപിഎം. പ്രവർത്തകരിലും പദ്ധതിക്കെതിരെ അമർഷം പുകയുന്നുണ്ട്. എന്നാൽ നേതൃത്വത്തെ ഭയന്ന് ആരും രംഗത്ത് വന്നിട്ടില്ല.

അതേസമയം, ടൂറിസം പദ്ധതിയുമായി മുന്നോട്ട് പോയാൽ പരിഷത്ത് രംഗത്ത് ഇറങ്ങുക തന്നെ ചെയ്യും. അതോടെ കീഴാറ്റൂർ വയൽ പോലെ വെള്ളിക്കീലും സമര ഭൂമിയായി മാറിയേക്കാം. ഇവിടെയുള്ള കുന്നുകളിടിച്ചും വയൽ നികത്തിയുമാണ് പദ്ധതി വരിക എന്ന വിവരം പുറത്തായിട്ടുണ്ട്. അതോടെ ജനങ്ങളിലും മുറുമുറുപ്പ് ആരംഭിച്ചിട്ടുണ്ട്. വെള്ളിക്കീല്ിൽ നിലവിൽ ഇക്കോ ടൂറിസം പദ്ധതി പ്രവർത്തിക്കുന്നുണ്ട്. നിരവധി വിനോദ സഞ്ചാരികൾ ഇവിടേക്ക് ആകർഷിക്കപ്പെടുന്നുമുണ്ട്. കൂടുതൽ വിനോദോപാധികൾ സഞ്ചാരികൾക്ക് ഒരുക്കാനായാൽ അത് ലാഭകരമാകുമെന്ന് കണ്ട് ഇക്കോ ടൂറിസം പദ്ധതിക്ക് അനുബന്ധമായി സ്വകാര്യ അമ്യൂസ്‌മെന്റ് പാർക്കോ അതുപോലുള്ള പദ്ധതിയോ ആകും തുടങ്ങുകയെന്നാണ് സൂചന. ഇതിനായി കുന്നുകൾ സന്ദർശിക്കലും സ്ഥലം നിശ്ചയിക്കലുമെല്ലാം കഴിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം.

കീഴാറ്റൂർ വയലിലൂടെ ദേശീയ പാതാ കൊണ്ടു പോകുന്നതിന് പകരം ബദൽ നിർദ്ദേശവുമായി രംഗത്തെത്തിയത് ശാസ്ത്ര സാഹിത്യ പരിഷത്തായിരുന്നു. 30 മീറ്ററിൽ ദേശീയ പാത നിർമ്മിക്കാൻ കഴിയുമെന്ന പരിഷത്തിന്റെ പഠന റിപ്പോർട്ടാണ് കീഴാറ്റൂർ വഴിയുള്ള പാതക്കെതിരെ ജനപിൻതുണ കൂടാൻ കാരണമായത്. മാത്രമല്ല കീഴാറ്റൂർ ബൈപ്പാസിനെതിരെ നിലകൊള്ളുന്ന എല്ലാ സംഘടനകളും പരിഷത്തിന്റെ പഠന റിപ്പോർട്ട് ഉയർത്തിക്കാട്ടിയാണ് സിപിഎമ്മിനെ പ്രതിരോധിച്ചത്.

കോൺഗ്രസ്സും ബിജെപി.യും പോലും ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ടെത്തിയ നിർദ്ദേശത്തെ പരസ്യമായി പിൻതുണക്കുകയും ചെയ്തു. പരിഷത്തിനെ തള്ളിപ്പറയാൻ തയ്യാറായില്ലെങ്കിലും സിപിഎം. എതിർ ചേരിയിലാണ്. പരിഷത്തിന്റെ സമ്മേളനങ്ങൾ നടന്നു വരികയുമാണ്. ഒരു വിഭാഗം സിപിഎം. അനുകൂലികൾ സമ്മേളനങ്ങളിൽ പങ്കെടുക്കാതെ വിട്ടു നിൽക്കുകയും ചെയ്യുന്നു. പാർട്ടിയുടെ സജീവ പ്രവർത്തകർ പരിഷത്തുമായി കടുത്ത അകൽച്ചയിലുമാണ്. എന്നാൽ പാർട്ടിക്ക് ഇനിയും അടിയറവു പറയേണ്ടതില്ലെന്ന നിലപാടിലാണ് പരിഷത്തിന്റെ നേതൃത്വം. അതുകൊണ്ടു തന്നെ തന്ത്രപരമായ ചില നിലപാടുകളും അവർ എടുക്കുന്നതിന്റെ സൂചനയും പുറത്ത് വന്നിട്ടുണ്ട്.

അടുത്തിടെ തളിപ്പറമ്പ് മേഖലാ സമ്മേളനത്തിൽ അത് പ്രകടമായി. സിപിഎം. പാർട്ടി ഗ്രാമമായ മോറാഴയിൽ നടന്ന സമ്മേളനത്തിൽ പരിഷത്തിന്റെ മേഖലാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് സിപിഐ. നേതാവായ ഇ.എ.വി. നമ്പൂതിരിയെയാണ്. ഇത് പരിഷത്ത് നേതൃത്വത്തിന്റെ തന്ത്രപരമായ നീക്കത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. കടുത്ത സിപിഎമ്മുകാർ സംഘടനയിൽ നിന്നും ഒഴിവായാലും പകരം സിപിഐയിലേയും മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങളിലേയും ശാസ്ത്ര ബോധമുള്ളവരെ ആകർഷിക്കുന്നതിന്റെ സൂചനയാണ്. പ്രാദേശിക പരിഷത്ത് പ്രവർത്തകർ തന്നെ ഇത്തരമൊരു നീക്കത്തിനുള്ള സമ്മർദ്ദം ചെലുത്തുന്നുണ്ട്. അതുവഴി സ്വതന്ത്ര ശാസ്ത്ര സംഘടന എന്ന നിലയിൽ പരിഷത്തിന്റെ പ്രൗഢി വീണ്ടെടുക്കാനാവുമെന്ന വിശ്വാസത്തിലാണ് നേതൃത്വം.