സ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലെ ഡ്രീം വേൾഡ് എന്ന തീം പാർക്കിലെ റൈഡ് പൊട്ടി വീണ് നാല് ചെറുപ്പക്കാർ മരിച്ചു. സമീപകാലത്തായി ലോകമെമ്പാടുമുള്ള ഫാന്റസി പാർക്കുകളിലുണ്ടാകുന്ന അപകടങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുന്നതിൽ ആശങ്കപ്പെടുകയാണ് ലോകമിപ്പോൾ. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഓസ്ട്രേലിയയിലെ ജനകീയമായ ഈ ഫാന്റസി പാർക്കിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായിരിക്കുന്നത്. ഇവിടുത്തെ റൈഡിന്റെ കൺവേയർ ബെൽറ്റിന്റെ പ്രവർത്തനത്തകരാറാണ് ദുരന്തത്തിന് കാരണമായിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചിരിക്കുന്നത്. കേറ്റ് ഗുഡ് ചൈൽഡ് (32) അവരുടെ സഹോദരനായ ലൂക്ക് ഡോർസെറ്റ് (35), അദ്ദേഹത്തിന്റെ പാർട്ട്ണറായ റൂസി അരാഗി(38), ന്യൂസിലാൻഡിൽ നിന്നുള്ള 42കാരി സിൻഡി ലോ എന്നിവരാണ് ദുരന്തത്തിൽ പെട്ട് ബലിയാടുകളായിത്തീർന്നിരിക്കുന്നത്.

ഇതിൽ സിൻഡി ലോയുടെ 10 വയസുകാരനായ പുത്രനും 12 വയസുള്ള ഒരു പെൺകുട്ടിയും അപകടം നടന്ന റൈഡിലുണ്ടായിരുന്നുവെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇവരെ ഇന്നലെ രാത്രി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതായി ഗോൾഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ആൺകുട്ടി തന്റെ അമ്മയുടെ മരണം കൺമുന്നിൽ നടക്കുന്നതിന് സാക്ഷിയാവുകയും ചെയ്തിരുന്നു. റൈഡിന്റെ കൺവേയർ ബെൽറ്റ് ശരിയായി പ്രവർത്തിക്കാത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പ്രസ്‌കോൺഫറൻസിൽ വെളിപ്പെടുത്തിയിരിക്കുന്നത് ക്യൂൻസ്ലാൻഡ് ആംബുലൻസ് ആക്ടിങ് സൂപ്പർവൈസറായ ഗാവിൻ ഫുല്ലറാണ്. നാല് മുതിർന്നവരും രണ്ട് കുട്ടികളും കയറി റാഫ്റ്റ് ഒരു കാലിയായ റാഫ്റ്റുമായി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.

കൂട്ടിയിടിയുടെ ഫലമായി റാഫ്റ്റ് പിളരുകയും രണ്ട് പേർ അതിനിടയിൽ പെട്ട് ഗുരുതര പരുക്കേറ്റ് മരിക്കുകയുമായിരുന്നു. മറ്റ് രണ്ട് പേർ മരിച്ചിരിക്കുന്നത് കൺവേയർ ബെൽറ്റിന്റെ അണ്ടർവെയറിനടിയിൽ പെട്ടിട്ടാണ് മരിച്ചിരിക്കുന്നത്. ഈ റൈഡിന് ഇന്നലെ രാവിലെ മുതൽ സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതാണ് അവസാനം ദുരന്തത്തിന് വഴിയൊരുക്കിയിരിക്കുന്നതെന്നുമാണ് ഇവിടുത്തെ സന്ദർശകർ സാക്ഷ്യപ്പെടുത്തുന്നത്. താൻ ഈ റൈഡിൽ മകൾക്കൊപ്പം നേരത്തെ കയറാൻ ശ്രമിച്ചപ്പോൾ റാഫ്റ്റുകൾ അപകടകരമായ രീതിയിൽ പരസ്പരം കൂട്ടിമുട്ടിയിരുന്നുവെന്നാണ് ലിസ വാക്കർ എന്ന സന്ദർശക വെളിപ്പെടുത്തുന്നത്.താനും മകളും റൈഡിൽ നിന്നിറങ്ങി 10 മിനുറ്റുകൾക്ക് ശേഷമാണ് അപകടമുണ്ടായതെന്നും അവർ വെളിപ്പെടുത്തുന്നു.

ദുരന്തം സംഭവിച്ചയുടൻ എമർജൻസി സർവീസുകൾ ഇവിടേക്ക് ഓടിയെത്തിയിരുന്നു. വൈകുന്നേരം നാല് മണിയോടെ പാർക്കിൽ നിന്നും സന്ദർശകരെ ഒഴിപ്പിക്കുകയുമുണ്ടായി. റൈഡിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ ഇവിടുത്തെ ജീവനക്കാർ സജീവമായി രംഗത്തെത്തിയിരുന്നു. പരുക്കേറ്റവർക്ക് പാരാമെഡിക്സ് എത്തുന്നതിന് മുമ്പ് തന്നെ പ്രാഥമിക ചികിത്സ നൽകിയിരുന്നു. അപകടം നടക്കുന്നതിന് ഏതാനും മിനുറ്റുകൾക്ക് മുമ്പ് താൻ ആ റൈഡിൽ കയറിയിരുന്നുവെന്നാണ് യുഎസ് ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവായ മാത്യു സെൻട്രൊവിറ്റ്സ് വെളിപ്പെടുത്തുന്നത്.അപകടം നടന്നതിൽ തങ്ങൾ ആകെ ഞെട്ടിത്തരിച്ചിരിക്കുകയാണെന്നും ഇതിനെ കുറിച്ച് അന്വേഷിക്കുമെന്നുമാണ് തീം പാർക്കിന്റെ സിഇഒ ആയ ക്രെയിഗ് ഡേവിഡ്സൻ പ്രതികരിച്ചിരിക്കുന്നത്. ദുരന്തത്തെക്കുറിച്ച് പൊലീസും ത്വരിതഗതിയിലുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്.