ന്യൂഡൽഹി: തലസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭാഗിക ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ അനുസരിച്ച് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.

യെല്ലോ അലർട്ട് പ്രകാരം സ്‌കൂളുകളും കോളജുകളും അടച്ചു. കടകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് പ്രവർത്തന അനുമതി. റസ്റ്റോറന്റുകളിലും മെട്രോ ട്രെയിനിലും പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. സ്വിമിങ് പൂൾ, ജിം, തീയറ്റർ എന്നിവ അടച്ചു. മാളുകളുടെ പ്രവർത്തനം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാക്കി. വിവാഹത്തിൽ ആളുകൾ പങ്കെടുക്കുന്നതിനും നിയന്ത്രണമുണ്ട്.

ഏതാനും ദിവസങ്ങളായി ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിനു മുകളിലാണെന്ന് കെജരിവാൾ പറഞ്ഞു. കോവിഡ് കേസുകൾ കൂടുന്നുണ്ടെങ്കിലും പലർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. കൂടുതൽ ഓക്സിജൻ ഉപയോഗമോ വെന്റിലേറ്ററിന്റെ ആവശ്യകതയോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കെജരിവാൾ അറിയിച്ചു. ഓമിക്രോൺ ഭീഷണിയെത്തുടർന്ന് കേന്ദ്ര സർക്കാർ നിൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ നേരത്തെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

തലസ്ഥാനത്ത് ആളുകൾ മാസ്‌കില്ലാതെ പുറത്തിറങ്ങിയതിന്റെയും, മാർക്കറ്റുകളിലെ വൻ ആൾക്കൂട്ടത്തിന്റെയും ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇനി അതാവർത്തിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. മാർക്കറ്റുകൾ അടച്ചിട്ടാൽ അത് കൂടുതൽ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കും എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.