ബെർലിൻ നഗരസഭയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ചാൻസലർ ഏയ്ജല മെർകലിന്റെ പാർട്ടിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയന് അഥവാ സിഡിയുവിന് കനത്ത തിരിച്ചടി. എന്നാൽ തെരഞ്ഞെടുപ്പിൽ ശ്രദ്ധേമായ പ്രകടനം കാഴ്ച വച്ച് നിയോ നാസി പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി) മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അതായത് മൊത്തം പോൾ ചെയ്ത വോട്ടിൽ 13 ശതമാനം വോട്ട് ഇതാദ്യമായി എഎഫ്ഡി നേടിയിരിക്കുകയാണ്. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ ഹിറ്റ്ലറുടെ നാസി പാർട്ടി ജർമനി പിടിച്ചെടുക്കുമോ എന്ന ചോദ്യം ഇപ്പോൾ ശക്തമായി ഉയരുന്നുണ്ട്. മെർകലിന്റെ നിയന്ത്രണമില്ലാത്ത കുടിയേറ്റ നയത്തോടുള്ള പ്രതിഷേധം ഇത്തത്തിൽ ഇനിയും പടർന്ന് കൂടുതൽ പേർ നവനാസികളെ പിന്തുണച്ചാൽ അത് സംഭവിക്കാനുള്ള സാധ്യതയേറെയാണ്.

മൊത്തം വോട്ടിൽ വെറും 18 ശതമാനം മാത്രമേ മെർകലിന്റെ പാർട്ടിക്ക് നേടാൻ സാധിച്ചിട്ടുള്ളൂ. കഴിഞ്ഞ തവണ നേടിയ വോട്ടിനേക്കാൾ അഞ്ച് പോയിന്റുകൾ കുറവാണിത്. സെന്റർ ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റുക(എസ്‌പിയു)ൾ നേടിയിരിക്കുന്നത് 22 ശതമാനം വോട്ടാണ്. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ 6 ശതമാനം കുറവാണിത്. എഎഫ്ഡിക്കുള്ള പിന്തുണ വർധിക്കുന്നത് ജർമനിയിൽ വലത്പക്ഷവാദികളും നാസികളും വർധിച്ച് വരുന്നതിന്റെ സൂചനയാണെന്ന് മേയർ മൈക്കൽ മുള്ളർ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുന്നറിയിപ്പേകിയിരുന്നു. കിഴക്കൻ സ്റ്റേറ്റായ മെക്ലെൻബർഗ്-വെസ്റ്റേൺ പോമെറേനിയയിൽ നടന്ന തെരഞ്ഞെടുപ്പിൽ എഎഫ്ഡിയിൽ നിന്നും കനത്ത തിരിച്ചടിയേറ്റ് സിഡിയു മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് രണ്ടാഴ്ച്ക്കുള്ളിലാണ് ബെർലിനിലും പാർട്ടിയുടെ വോട്ടിൽ ഇടിവുണ്ടായിരിക്കുന്നത്.നിയന്ത്രണമില്ലാത്ത മെർകലിന്റെ കുടിയേറ്റ നയത്തോടുള്ള ജനത്തിന്റെ എതിർപ്പ് വർധിച്ച് കൊണ്ടിരിക്കുന്നുവെന്നാണിത് സൂചിപ്പിക്കുന്നത്.

ദേശീയ തെരഞ്ഞെടുപ്പിന് വെറും ഒരു വർഷം മാത്രം ശേഷിക്കവെ തലസ്ഥാനത്തുണ്ടായ തിരിച്ചടി മെർകലിനും പാർട്ടിക്കും മുകളിൽ കനത്ത സമ്മർമാണുണ്ടാക്കിയിരിക്കുന്നത്. ബവേറിയയിൽ മെർകലിന്റെ ക്രിസ്റ്റ്യൻ സോഷ്യലിസ്റ്റ് യൂണിയൻ സഖ്യത്തിന് കൂടുതൽ തിരിച്ചടികളുണ്ടാകുമെന്ന ആശങ്ക പെരുകുന്നുമുണ്ട്. പരമ്പരാഗത വോട്ടർമാരിൽ നിന്നുമുള്ള പിന്തുണ കൂട്ടത്തോടെ പാർട്ടിക്ക് നഷ്ടപ്പെടുന്നത് ആശങ്കയുണർത്തുന്ന കാര്യമാണെന്നാണ് സിഎസ് യുവിന്റെ ധനകാര്യ മന്ത്രിയായ മാർകസ് സോയ്ഡർ പ്രതികരിച്ചിരിക്കുന്നത്. ഇമിഗ്രേഷൻ നയത്തിൽ കാര്യമായ മാറ്റം വരുത്തി ചാൻസലറുടെ റൈറ്റ്-ലെഫ്റ്റ് ദേശീയ സഖ്യം നഷ്ടപ്പെട്ട് പോയ പിന്തുണ എത്രയും വേഗം തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. വർഷത്തിൽ രണ്ട് ലക്ഷം അഭയാർത്ഥികൾ മാത്രമേ ഇവിടേക്ക് വരാവൂ എന്ന പരിധി നിശ്ചയിക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. എന്നാൽ ഇതിനെ മെർകൽ നിരസിക്കുകയാണ്. ബെർലിൻ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയെ വിമർശിച്ച് സിഡിയുവിന്റെ സെക്രട്ടറി ജനറലായ പീറ്റർ ടൗബർ രംഗത്തെത്തിയിട്ടുണ്ട്.

വിവാദമായ ഇമിഗ്രേഷൻ നയം കാരണം മെർകലിന്റെ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത്. അതിനാൽ അടുത്ത പ്രാവശ്യം ഇവർ ചാൻസലറാകുന്നതിനുള്ള സാധ്യതയും കുറഞ്ഞ് വരുന്നുണ്ട്. എന്നാൽ തന്റെ വിമർശകർക്ക് ശക്തമായ മറുപടി നൽകിക്കൊണ്ട് തന്റെ ഇമിഗ്രേഷൻ നയത്തെ മെർകൽ ശക്തമായി ന്യായീകരിക്കുന്നുണ്ട്. ഇവിടുത്തെ സമൂഹത്തെ ഒന്നിച്ച് കൊണ്ടു പോകാൻ നമുക്ക് നല്ല പരിഹാരം വേണമെന്നാണ് ബുധനാഴ്ച നടന്ന റാലിയിൽ സംസാരിക്കവെ അവർ പ്രതികരിച്ചിരിക്കുന്നത്. ആന്റി-യൂറോ പാർട്ടിയായ എഎഫ്ഡി 2013ലാണ് സ്ഥാപിക്കപ്പെട്ടത്. നിലവിൽ ദേശീയതലത്തിൽ 11 ശതമാനത്തിനും 14 ശതമാനത്തിനും ഇടയിൽ ഇവർക്ക് വോട്ടുണ്ട്. കഴിഞ്ഞ വർഷം ഒരു മില്യൺ കുടിയേറ്റക്കാരെ ജർമനിയിലേക്ക് കൊണ്ടു വന്ന മെർകലിന്റെ നയത്തിനെതിരെ ഇവർ ശക്തമായി രംഗത്തുണ്ട്. ഇതിനെ മുൻനിർത്തി ജനങ്ങൾക്കിടയിൽ ഭയം ജനിപ്പിച്ചുള്ള പ്രചാരണങ്ങളാണ് പാർട്ടി നടത്തുന്നത്. നാൾക്ക് നാൾ മുന്നേറുന്ന പാർട്ടി ബെർലിനിനെ വിജയത്തെ നിർണായകമായാണ് കാണുന്നത്.