- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുറന്നിട്ട ജനാലകൾ കണ്ടാൽ പരുന്തുപ്രാഞ്ചി പറന്നിറങ്ങും; അഴികളിലൂടെ കയ്യിട്ട് മാല റാഞ്ചി പറന്നകലും; ഓട്ടത്തിൽ വിരുതനായതോടെ കാൾലൂയീസ് പ്രാഞ്ചിയെന്നും വട്ടപ്പേര്; നൂറിലേറെ കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ഫ്രാൻസിസ് പൊലീസ് പിടിയിലായതിങ്ങനെ
പാലക്കാട്: കാശിന് ആവശ്യംവരുമ്പോൾ കേരളത്തിലെത്തുകയും തുറന്നുകിടക്കുന്ന ജനാലകളിലൂടെ കയ്യിട്ട് ആഭരണങ്ങൾ റാഞ്ചിയെടുക്കുകയും ചെയ്യുന്ന പരുന്ത് പ്രാഞ്ചിയെന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. പാലക്കാട്, തൃശൂർ എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നായി നൂറിലേറെ വീടുകളിൽ നിന്ന് ഇത്തരത്തിൽ മോഷണം നടത്തിയ ചാലക്കുടി കോടഞ്ചേരി സ്വദേശിയായ കെഎൽ ഫ്രാൻസിസ് (49) ആണ് ഇന്നലെ പാലക്കാട് പൊലീസിന്റെ പിടിയിലായത്. പ്രത്യേകതരം മോഷണരീതികൊണ്ടാണ് ഫ്രാൻസിസിന് പരുന്ത് പ്രാഞ്ചിയെന്ന വട്ടപ്പേര് വീണത്. മുമ്പ് നിരവധി തവണ പിടിയിലാവുകയും മിക്കജയിലുകളിലും തടവുശിക്ഷ അനുഭവിക്കുകയും ചെയ്ത പ്രാഞ്ചി ഈ മോഷണ രീതി കൊണ്ടുതന്നെ പൊലീസുകാർക്കിടയിൽ സുപരിചിതനുമാണ്. രാത്രികാലത്ത് ഇറങ്ങി വീടുകളുടെ പരിസരങ്ങളിലൂടെ കറങ്ങിനടക്കുന്ന പ്രാഞ്ചി തുറന്നിട്ട ജനൽകണ്ടാൽ അവിടെ നിൽക്കും. ജനലരികിൽ ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങളിലാകും കണ്ണ്. പിന്നെ താമസിക്കില്ല. ജനലഴികൾക്കിടയിലൂടെ കൈനീട്ടി മാല റാഞ്ചും. നേരെ കോയമ്പത്തൂരിലെ റെയിൽവെ സ്റ്റേഷനടുത്തുള്ള താവ
പാലക്കാട്: കാശിന് ആവശ്യംവരുമ്പോൾ കേരളത്തിലെത്തുകയും തുറന്നുകിടക്കുന്ന ജനാലകളിലൂടെ കയ്യിട്ട് ആഭരണങ്ങൾ റാഞ്ചിയെടുക്കുകയും ചെയ്യുന്ന പരുന്ത് പ്രാഞ്ചിയെന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. പാലക്കാട്, തൃശൂർ എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നായി നൂറിലേറെ വീടുകളിൽ നിന്ന് ഇത്തരത്തിൽ മോഷണം നടത്തിയ ചാലക്കുടി കോടഞ്ചേരി സ്വദേശിയായ കെഎൽ ഫ്രാൻസിസ് (49) ആണ് ഇന്നലെ പാലക്കാട് പൊലീസിന്റെ പിടിയിലായത്.
പ്രത്യേകതരം മോഷണരീതികൊണ്ടാണ് ഫ്രാൻസിസിന് പരുന്ത് പ്രാഞ്ചിയെന്ന വട്ടപ്പേര് വീണത്. മുമ്പ് നിരവധി തവണ പിടിയിലാവുകയും മിക്കജയിലുകളിലും തടവുശിക്ഷ അനുഭവിക്കുകയും ചെയ്ത പ്രാഞ്ചി ഈ മോഷണ രീതി കൊണ്ടുതന്നെ പൊലീസുകാർക്കിടയിൽ സുപരിചിതനുമാണ്. രാത്രികാലത്ത് ഇറങ്ങി വീടുകളുടെ പരിസരങ്ങളിലൂടെ കറങ്ങിനടക്കുന്ന പ്രാഞ്ചി തുറന്നിട്ട ജനൽകണ്ടാൽ അവിടെ നിൽക്കും. ജനലരികിൽ ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങളിലാകും കണ്ണ്. പിന്നെ താമസിക്കില്ല. ജനലഴികൾക്കിടയിലൂടെ കൈനീട്ടി മാല റാഞ്ചും. നേരെ കോയമ്പത്തൂരിലെ റെയിൽവെ സ്റ്റേഷനടുത്തുള്ള താവളത്തിലേക്ക്. അവിടെ സ്വർണംവിറ്റ് കാശാക്കി സ്വസ്ഥ ജീവിതം.
ലോട്ടറിയെടുത്തും ലാവിഷായി മദ്യപിച്ചുമെല്ലാം പണം പൊടിച്ചുകഴിഞ്ഞാൽ വീണ്ടും കേരളത്തിലേക്ക് വണ്ടികയറും. സ്വർണം റാഞ്ചി മടങ്ങും. ഈ മോഷണ രീതിയാണ് ഫ്രാൻസിസിനെ പരുന്തുപ്രാഞ്ചിയാക്കിയത്. ഇടയ്ക്ക് പലതിനും പിടിയിലാകുമ്പോഴാണ് ജയിൽവാസങ്ങളുമുണ്ടായത്. അതുകഴിഞ്ഞ് പുറത്തിറങ്ങിയാൽ വീണ്ടും പ്രാഞ്ചി തുറന്നിട്ട ജനാലകൾ നോക്കി നടന്നുതുടങ്ങും. മാല റാഞ്ചി പറപറക്കും.
മിക്ക മോഷണങ്ങളിലും ഉറങ്ങിക്കിടക്കുന്നവർ അറിയാതെ മാല മുറിച്ചെടുക്കാറാണ് പ്രാഞ്ചിയുടെ പരിപാടി. അഥവാ അറിഞ്ഞ് ആളുകൾ ഉണർന്നാൽ അതിവേഗം ഓടിരക്ഷപ്പെടാനും ഇയാൾ വിരുതനാണെന്ന് പൊലീസ് പറയുന്നു. അതിനാൽ കാൾലൂയീസ് പ്രാഞ്ചിയെന്ന വട്ടപ്പെരും ഇയാൾക്കുണ്ട്. പരുന്തിനെപ്പോലെ അതിവേഗം മാലറാഞ്ചി കടന്നുകളയുകയും ഓട്ടത്തിൽ വിരുതനാകുകയും ചെയ്തതോടെയാണ് ഫ്രാൻസിസ് പരുന്തുപ്രാഞ്ചിയും കാൾലൂയീസുമെല്ലാമായത്.
ഉഷ്ണകാലങ്ങളിൽ ജനൽ തുറന്നിട്ട് ജനലിനരികിൽ കിടന്നുറങ്ങുന്നവരാണ് പ്രാഞ്ചിയുടെ ഇരകളായവരിൽ അധികവും. പാലക്കാട് ഒലവക്കോട് വച്ചാണ് നോർത്ത് സിഐ ജോഷി ജോസിന്റെയും എസ്‌ഐ ടിസി മുരുകന്റെയും നേതൃത്വത്തിൽ മഴക്കാല മോഷണങ്ങൾ തടയുന്നതിന് രൂപീകരിച്ച പ്രത്യേക ക്രൈംസ്‌ക്വാഡിന്റെ വലയിലാണ് ഇക്കുറി പരുന്തുപ്രാഞ്ചി ഇരകളെ നോക്കി നടക്കുന്നതിനിടെ വന്നുവീണത്.
പിടിയിലാകുമ്പോൾ ഇയാളുടെ കൈവശം ഉണ്ടായിരുന്ന സ്വർണം മലപ്പുറം ഡൗൺഹില്ലിൽ അബ്ദുൾസലാമിന്റെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ രണ്ടാം തീയതി മോഷ്ടിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബാക്കി സ്വർണം കോയമ്പത്തൂരിൽ വിൽപ്പന നടത്തിയതായും പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും തെളിഞ്ഞതായി പൊലീസ് പറഞ്ഞു.
എറണാകുളം തൃശൂർ മലപ്പുറം പാലക്കാട് ജില്ലകളിലാണ് ഇയാൾക്കെതിരെ കൂടുതൽ കേസുകളുള്ളത്. പലകേസുകളിലായി 11 വർഷത്തോളം ഇതുവരെ പലകാലത്തായി തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി. ഇയാൾ അടുത്തകാലത്തായി 45 പവനോളം മലപ്പുറത്തുനിന്നും മോഷ്ടിച്ചിരുന്നു. ഇതിൽ 15 പവൻ കോയമ്പത്തൂരിൽ വിറ്റതായും പൊലീസിനോട് സമ്മതിച്ചു.
പാലക്കാട് ടൗൺ നോർത്ത്, സൗത്ത്, കസബ, ഹേമാംബികനഗർ, ഒറ്റപ്പാലം, ഷൊർണൂർ എന്നീ സ്റ്റേഷനുകളുടെ പരിധിയിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. കളവുമുതലുകൾ കോയമ്പത്തൂരിലുള്ള ഇടനിലക്കാർ വഴിയാണ് വില്പന നടത്തിയിരുന്നത്. ലോട്ടറിയെടുക്കാനും മദ്യത്തിനുമാണ് ഇയാൾ കൂടുതൽപണം ചെലവഴിച്ചിരുന്നത്. തൃശ്ശൂർ, ചാലക്കുടി, അങ്കമാലി, കൊടകര, മാള, ചേർപ്പ്, ഷൊർണൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലെല്ലാം പ്രാഞ്ചിയുടെ പേരിൽ കേസുകളുണ്ട്. കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിൽ, ആലുവ, കാക്കനാട്, മൂവാറ്റുപുഴ സബ് ജയിലുകൾ എന്നിവിടങ്ങളിൽ ശിക്ഷയനുഭവിച്ചിട്ടുള്ള ഇയാൾക്ക് ജയിലുകളെല്ലാം സിനിമാക്കഥകളിൽ പറയുന്നതുപോലെ തറവാടാണ്.
കോയമ്പത്തൂർ റെയിൽവേസ്റ്റേഷൻ പരിസരത്ത് താമസിക്കുന്ന ഇയാൾ പണത്തിന് ആവശ്യം വരുമ്പോൾ ട്രെയിനിൽവന്നാണ് കേരളത്തിൽ മോഷണം നടത്തി തിരിച്ചുപോകുന്നത്.