കോട്ടയം: കാമുകിയായ വീട്ടമ്മയെ കൊന്ന് കനാലിൽ തള്ളിയ കേസിലെ പ്രതി പാസ്റ്റർ സലിൻ നോട്ടിരട്ടിപ്പ് സംഘത്തിലെ പ്രധാനിയെന്നും വിവരം ലഭിച്ചതോടെ ഇയാൾ നടത്തിയ നോട്ടിരട്ടിപ്പ് ഇടപാടുകളിലും പൊലീസ് അന്വേഷണം തുടങ്ങി. വീട്ടമ്മയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോകുകയും തുടർന്ന് കൊന്നുതള്ളുകയും ചെയ്തതിനെ തുടർന്ന് സലിൻ അറസ്റ്റിലായതിന് പിന്നാലെയാണ് ഇയാൾ നടത്തിയ സാമ്പത്തിക തട്ടിപ്പുകളുടെ പരാതികളും സ്റ്റേഷനുകളിലേക്ക് പ്രവഹിക്കുന്നത്. 

സലിൻ അറസ്റ്റ് ചെയ്തതിനെ തുടർന്ന് തട്ടിപ്പിനിരയായ നിരവധിപേർ പരാതിയുമായി അടിമാലി സ്റ്റേഷനിലെത്തി. മൂന്നു പേർ സി.ഐക്ക് പരാതി എഴുതിനൽകിയിട്ടുണ്ട്. ഉപ്പുതറ, പീരുമേട് ഭാഗങ്ങളിലുള്ളവരാണ് പരാതിക്കാർ.

പാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതികളിൽ നിന്ന് വ്യക്തമാകുന്നത്. പാസ്റ്ററുടെ സംഘാംഗങ്ങളെ വരുംദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യും. ഉപ്പുതറ കരുന്തരുവി അമ്പലാനപുരത്തിൽ സലിനും തിങ്കൾക്കാട് പൊന്നെടുത്തുംപാറ ബാബുവിന്റെ ഭാര്യ സാലുവും മൂന്നു വർഷമായി അടുപ്പത്തിലായിരുന്നു. രണ്ടു ലക്ഷത്തോളം രൂപ സാലു പാസ്റ്ററുടെ കൈയിൽനിന്ന് പലപ്പോഴായി വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതും സാലു എസ്റ്റേറ്റിലെ ഒരു സൂപ്പർവൈസറുമായി അടുപ്പത്തിലായതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

നവംബർ നാലിന് രാത്രി 11.30 ഓടെ കുമളിക്ക് സമീപം തമിഴ്‌നാട് അതിർത്തിയായ ഇറച്ചിൽപ്പാലത്ത് വച്ച് കാമുകി സാലുവിനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയശേഷം പുഴയിൽ തള്ളിതായാണ് സലിന്റെ മൊഴി. സാലുവിന്റെ അഴുകിയ മൃതദേഹം കഴിഞ്ഞദിവസം കനാലിൽനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം, ഈ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഇയാളുടെ കൂട്ടാളികൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, സലിനെ രക്ഷിക്കാനായി തമിഴ്‌നാട്ടിലെ അഭിഭാഷകസംഘം നിരന്തരം സ്‌റ്റേഷനുമായി ബന്ധപ്പെടുന്നതിലും ദുരൂഹത ഉയർന്നിട്ടുണ്ട്.

താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിനോട് ആവർത്തിക്കുന്നത്. എന്നാൽ അത് പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പാസ്റ്ററുടെ സന്തതസഹചാരിയായ ജയിംസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ കിട്ടിയില്ലെന്നാണ് വിവരം. ഇയാൾ ഉൾപ്പെടെ പലരും നിരീക്ഷണത്തിലാണ്. തമിഴ്‌നാട്ടിലെ ഒരു സംഘം അഭിഭാഷകർക്കു പുറമെ കൂടാതെ ഉപ്പുതറ സ്വദേശികളായ ചിലരും പാസ്റ്ററുടെ രക്ഷയ്ക്കായി അടിമാലി സ്റ്റേഷനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

പറഞ്ഞു പഠിപ്പിച്ചതുപോലെയാണ് പാസ്റ്റർ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതെന്ന് പൊലീസ് പറയുന്നു. നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ സംഭവസ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. വസ്ത്രങ്ങളും ആഭരണങ്ങളും ഇല്ലാത്ത നിലയിലായിരുന്നു സാലുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയത്. ഇവർക്ക് മാല, വള, കമ്മൽ തുടങ്ങിയ ആഭരണങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഇവ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

മുനിയറ തിങ്കൾക്കാട് പൊന്നിടത്തുംപാറയിൽ ബാബുവിന്റെ ഭാര്യ സാലുവിന്റെ (42) മൃതദേഹം കേരള തമിഴ്‌നാട് അതിർത്തിയിലെ ഇരച്ചിൽപാലത്തിലെ കനാലിൽ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചതോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പാസ്റ്റർ സലിന്റെ ഭാര്യയുടെ കൂട്ടുകാരിയായിരുന്നു സാലു. ഇവരെ ഭാര്യതന്നെയാണ് സലിന് പരിചയപ്പെടുത്തുന്നത്.

മുനിയറ തിങ്കൾക്കാട്ടിലേക്ക് വിവാഹം കഴിച്ച് അയച്ചതിനു പിന്നാലെ ഇരുവരും തമ്മിലുള്ള അവിശുദ്ധ ബന്ധം വളർന്നതായി പൊലീസ് പറയുന്നു. സാലു പലപ്പോഴും ഉപ്പുതുറയിലെ സലിനിന്റെ വീട്ടിലെത്താറുണ്ടായിരുന്നു. മറ്റൊരാളുമായി ഇതിനിടയിൽ സാലു അടുപ്പത്തിലായതോടെ സലിൻ കടംനൽകിയ തുക തിരികെ ചോദിച്ചു. അപ്പോൾ സാലു തങ്ങളുടെ ബന്ധം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നുമാണ് സലിന്റെ മൊഴി.

അച്ഛന് മരുന്നു വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ മാസം മൂന്നിന് സാലു വീട്ടിൽ നിന്നിറങ്ങുന്നത്. കട്ടപ്പനയ്ക്ക് സമീപം പുളിയൻ മലയിലെത്തിയ സാലുവിനെ ഇവിടെ കാത്തുനിന്ന സലിൻ കാറിൽ കയറ്റി ഉത്തമപാളയത്തേക്ക് തിരിച്ചു. അന്ന് അവർ അവിടെ തങ്ങി. പിറ്റേന്നാണ് കുമളിയിലേയ്ക്ക് തിരിച്ചത്. ഇറച്ചിൽപാലത്തിന് സമീപം എത്തിയപ്പോൾ കഴുത്തിൽ ഷാൾ മുറുക്കി സാലുവിനെ കൊല ചെയ്ത ശേഷം കനാലിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ സലിൻ സാധാരണമട്ടിൽ എല്ലാവരോടും ഇടപഴകുകയും ചെയ്തു. ഇതിനിടെ സാലുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് ബാബു വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതേത്തുടർന്ന് സാലുവിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷനും അതിലേക്കു വന്ന കോളുകളും പരിശോധിച്ച പൊലീസിന് സലിനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി വ്യക്തമായി. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ കൊല നടത്തി മൃതദേഹം ഇറച്ചിൽപ്പാലത്ത് പുഴയിൽ തള്ളിയതായി സമ്മതിച്ചു. കൊല നടന്നദിവസം രാത്രി 11.20ന് സാലുവിന്റെ ഫോണിലേക്ക് മൊബൈൽ കമ്പനിയുടെ രണ്ട് മെസ്സേജുകൾ എത്തിയിരുന്നു. അപ്പോൾ ഫോൺ ഇറച്ചിൽപ്പാലം ടവർ പരിധിയിലാണെന്നും കണ്ടെത്തിയത് നിർണായകമായി.

ഇതോടെ പ്രത്യേക സംഘം രൂപീകരിച്ച് മൃതദേഹത്തിനായുള്ള അന്വേഷണം തുടങ്ങി. കുമളിക്ക് സമീപം ആറ് കിലോമീറ്റർ മാറി ഇറച്ചിൽപ്പാലത്തിന് ഒന്നരകിലോ മീറ്റർ അകലെയായാണ് മൃതശരീരം കണ്ടെത്തിയത്. തുടർച്ചയായി വെള്ളം ഒഴുകിയിരുന്നതിനാലും തണുപ്പിന്റെ കാഠിന്യത്താലും മൃതശരീരം കൂടുതൽ അഴുകിയിരുന്നില്ല. മൃതശരീരത്തിന് കുറച്ച് അകലെ നിന്നായി ചുരിദാറും ചെരിപ്പും ലഭിച്ചു. എന്നാലും കേസിൽ ഇപ്പോഴും ചിലകാര്യങ്ങളിൽ ദുരൂഹത തുടരുകയാണ്.

കുമളിയിൽ നിന്ന് കമ്പത്തേക്ക് പോകുന്ന പാതയിലെ ഇറച്ചിൽപാലത്തിന് ആ പേര് വന്നതിനു പിന്നിലും ചില കഥകളുണ്ട്. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടുമ്പോൾ റോഡരികിലെ പാലത്തിലൂടെ വെള്ളം ചാടും. അപ്പോഴുണ്ടാകുന്ന ഇരച്ചിൽ ശബ്ദമാണ് പാലത്തിന് ഇരച്ചിൽപാലമെന്ന പേര് നൽകിയത്. വർഷങ്ങൾക്ക് മുമ്പ് സന്ധ്യമയങ്ങിയാൽ വിജനമായ ഈ പ്രദേശത്തുകൂടി ആരും പോകാറില്ല. രാത്രികാലങ്ങളിൽ ഇവിടെ പലരും കൊള്ളചെയ്യപ്പെട്ട സംഭവങ്ങളും ഉള്ളതിനാൽ പണ്ടുതൊട്ടേ ഇതിലേയുള്ള യാത്ര പലരും ഭയപ്പെട്ടിരുന്നു.

നിരവധി മരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. പണ്ട് ഇതുവഴി കടന്നുപോയ ഒരു വിദേശിയെ തലയറുടത്ത് പാലത്തിൽ നിന്ന് താഴേക്കിട്ടിരുന്നതായ കഥയും പഴമക്കാർ ഓർത്തെടുക്കുന്നു. തമിഴ് നാട്ടിലെ കള്ളന്മാരുടെ വിഹാര കേന്ദ്രമായും അറിയപ്പെടുന്ന പ്രദേശമാണിത്. ആത്മഹത്യയും കൊലപാതകവുമെല്ലാമായി പലപ്പോഴും മൃതദേഹങ്ങൾ കാണാറുള്ള ഇരച്ചിൽ പാലം പ്രദേശം കാലക്രമേണ ഇറച്ചിൽപാലം ആയി മാറിയെന്നാണ് നാട്ടുകാരുടെ പക്ഷം.