ന്യൂഡൽഹി: ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള ഉത്പന്നങ്ങളുമായി വിപണി പിടിച്ചടക്കുകയാണ് ബാബ രാംദേവിന്റെ പതഞ്ജലി. കോൾഗേറ്റ് പാമോലിവിനെയും നെസ്ലെയെയും പോലുള്ള അന്താരാഷ്ട്ര ബ്രാൻഡുകളെ വിപണിയിൽ തറപറ്റിച്ച പതഞ്ജലി ഏറ്റവുമൊടുവിൽ ലക്ഷ്യമിടുന്നത് ഹോർലിക്‌സിനെയാണ്. ഗ്ലാക്‌സോ സ്മിത്ത്‌ക്ലെയ്ൻ കൺസ്യൂമർ ഹെൽത്ത്‌കെയറിന്റെ ഉത്പന്നങ്ങൾക്ക് സമാനമായ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചാണ് ബാബ രാംദേവിന്റെ പതഞ്ജലി പുതിയ പാത വെട്ടിത്തുറക്കുന്നത്.

പതഞ്ജലിക്കുമുന്നിൽ അടിപതറിയെന്ന് ജനുവരി മുതൽ മാർച്ച് വരെയുള്ള ജിഎസ്‌കെ കൺസ്യൂമറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പതഞ്ജലി ആയുർവേദയുടെ ഉത്പന്നങ്ങൾക്ക് കിട്ടുന്ന സ്വീകാര്യത തങ്ങളുടെ ഉത്പന്നങ്ങളെ ബാധിച്ചുതുടങ്ങിയിട്ടുണ്ടെന്നാണ് ജിഎസ്‌കെയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

പവർവിറ്റ എന്ന ബ്രാൻഡുമായാണ് പതഞ്ജലി ഹോർലിക്‌സിനെ വെല്ലാൻ വിപണിയിലെത്തിയത്. ഇതോടെ ജിഎസ്‌കെയുടെ ഹോർലിക്‌സിന്റെയും മോണ്ടെലെസിന്റെ ബോൺവിറ്റയുടെയും ഹെയ്ൻസിന്റെ കോംപ്ലാന്റെയും വിൽപനയെ കാര്യമായി ബാധിച്ചു. ആയുർവേദത്തിന്റെ പിൻബലവും മോദി സർക്കാരിന്റെ പിന്തുണയുമാണ് പതഞ്ജലിയുടെ വിജയരഹസ്യങ്ങൾ.

ടൂത്ത്‌പേസ്റ്റ് രംഗത്ത് കോൾഗേറ്റിനും ന്യൂഡിൽസ് രംഗത്ത് നെസ്ലെയ്ക്കുമാണ് പതഞ്ജലി വലിയ വെല്ലുവിളി തീർത്തത്. ഈ രണ്ട് ഉത്പന്നങ്ങളെയും പിന്തള്ളാൻ പതഞ്ജലിക്കായി. മറ്റ് ഗാർഹിക ഉത്പന്നങ്ങളുടെ കാര്യത്തിലും സമാനമായ വിജയം കൈവരിക്കാൻ രാംദേവിനായി.

ച്യവനപ്രാശ വിപണിയിൽ ഡാബറിനെയും നെയ്യുടെ കാര്യത്തിൽ അമൂലിനെയും വെല്ലുവിളിക്കുന്ന പതഞ്ജലി, ഫെയർനെസ് ക്രീം രംഗത്തും വൻവിജയം നേടി. ഇമാമിയാണ് ഇവിടെ കീഴടങ്ങിയത്. സോപ്പുകൾ രംഗത്തിറക്കിയ രാംദേവ് യുണിലിവർ, ഐ.ടി.സി, ഗോദ്‌റെജ് എന്നീ വമ്പന്മാരുടെയും പ്രതീക്ഷകൾ തകർത്തു.