- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ലോക്കൽ സെക്രട്ടറി തടി മോഷ്ടിച്ചുവെന്ന് ലോക്കൽ കമ്മറ്റിയംഗത്തിന്റെ പരാതി പൊലീസിൽ; സെക്രട്ടറി വിവരം അറിയുന്നത് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ; ഏരിയാ കമ്മറ്റി ഓഫീസിലെ തമ്മിലടിയുടെ ക്ഷീണം മാറുന്നതിന് മുൻപ് പത്തനംതിട്ടയിലെ സിപിഎമ്മിനെ നാണം കെടുത്തി മറ്റൊരു വിവാദം കൂടി
പത്തനംതിട്ട: ശനിയാഴ്ച രാത്രിയാണ് സിപിഎം പത്തനംതിട്ട ഏരിയാ കമ്മറ്റി ഓഫീസിൽ സിപിഎം ലോക്കൽ കമ്മറ്റിയംഗം ആർ. സാബുവും ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറി വിഷ്ണു ജയനും തമ്മിലടിച്ചത്. ഇതിന്റെ ക്ഷീണം മാറുന്നതിന് മുൻപ് ഞായറാഴ്ച മറ്റൊരു പണി കൂടി പാർട്ടിക്ക് കിട്ടി. സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്റെ പറമ്പിൽ നിന്ന് തടി വെട്ടിക്കടത്തിയെന്ന് ലോക്കൽ കമ്മറ്റിയംഗം പൊലീസിൽ പരാതി നൽകി.
പത്തനംതിട്ട ടൗൺ നോർത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി എം. അബ്ദുൾമനാഫിനെതിരേ ഇതേ ലോക്കൽ കമ്മറ്റിയിൽ അംഗമായ മോഹനനാണ് പൊലീസിൽ പരാതി കൊടുത്തത്. മോഷണ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിയെത്തിയപ്പോൾ മനാഫ് ഞെട്ടിപ്പോയി. കുമ്മാങ്കൽ എന്ന സ്ഥലത്ത് തന്റെ വസ്തുവിൽ നിന്ന വട്ട മരം വെട്ടിക്കൊണ്ടു പോയെന്നാണ് മോഹനന്റെ പരാതി. പരാതി കിട്ടിയ കാര്യം സ്ഥിരീകരിക്കുന്ന പൊലീസ് പാർട്ടിക്കാർ തന്നെ അത് പറഞ്ഞു തീർത്തുവെന്നും പറയുന്നു.
സംഗതി ഇപ്രകാരമാണ്. കുമ്പാങ്കലിൽ മോഹനന്റെ പറമ്പിൽ നിന്ന വട്ട മറ്റൊരു പാർട്ടി പ്രവർത്തകന്റെ വീടിന് മുകളിലേക്ക ചാഞ്ഞു കിടക്കുകയാണ്. മരം ഒടിഞ്ഞു വീണാൽ വീട് തകരുമെന്നുള്ളതിനാൽ വിവരം മോഹനനെ അറിയിച്ചു. മരത്തിന്റെ ശിഖരങ്ങൾ കോതിമാറ്റിക്കൊള്ളാൻ മോഹനൻ അനുവാദം നൽകി. എന്നാൽ, കോതി മാറ്റുന്നതിന് പകരം മരം ചുവടെ മുറിക്കുകയാണുണ്ടായത്. ഇതിന് നേതൃത്വം നൽകിയത് ലോക്കൽ സെക്രട്ടറി അബ്ദുൾ മനാഫ് ആണെന്ന് മോഹനന്റെ പരാതിയിൽ പറയുന്നു. മനാഫിനെ പ്രധാന പ്രതിയാക്കിയായിരുന്നു പരാതി.
മോഷണ പരാതിയിൽ പ്രതി സിപിഎം ലോക്കൽ സെക്രട്ടറിയാണെന്നറിഞ്ഞതോടെ പൊലീസും വെട്ടിലായി. ഇതിനിടെ വിവരം നാട്ടിൽ പാട്ടായി. പാർട്ടിക്ക് ക്ഷീണമാകുമെന്ന് കണ്ട് സംഭവം പറഞ്ഞു തീർത്തുവെന്നാണ് അറിയുന്നത്.
മറുനാടന് മലയാളി ബ്യൂറോ