പത്തനംതിട്ട: പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതി സജിലിനെ പൊലീസ് പിടികൂടി. കടമ്മനിട്ടയിലെ വീട്ടിൽനിന്നുമാണ് ഇയാളെ പിടികൂടിയത്. സംഭവത്തിനുശേഷം പ്രതി ഒളിവിലായിരുന്നു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് സല്ലാപത്തിനുുള്ള അഭ്യർത്ഥന നിരസിച്ചതാണ് കടമ്മനിട്ടയിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ കാരണമായതെന്ന് പൊലീസ് പറയുന്നു.

പെട്രോൾ ഒഴിച്ച് തീകൊളുത്തുവാൻ കാരണം പ്രതിയുമായുണ്ടായിരുന്ന പ്രണയം ഉപേക്ഷിച്ചതാകാമെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിന് മൊഴി നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ പ്രതി ഒളിവിലാണെന്നും ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

കടമ്മനിട്ട തെക്കുംപറമ്പിൽ സജിലാ(20) ണ് നാരങ്ങാനം കല്ലേലിമുക്ക് കുരീചെറ്റയിൽ കോളനിയിലുള്ള പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. പ്ലസ് ടു വോടെ പഠനം അവസാനിപ്പിച്ച പെൺകുട്ടി കോളനിയിലെ തന്നെ അംഗൻവാടിയിൽ സഹായിയായി പ്രവർത്തിക്കുകയായിരുന്നു. യന്ത്രസഹായത്താൽ കാടുതെളിക്കുന്ന ജോലിക്കാരനായ സജിൽ അംഗൻവാടിക്ക് സമീപം പുല്ലുചെത്തുന്നതിന് വന്നപ്പോഴാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയമായി. ഇരുവരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. ഇന്നലെ വൈകിട്ട് പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് സജിൽ ക്രൂരകൃത്യം നടത്തിയത്.

76 ശതമാനം പൊള്ളലോടെ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവ് തെങ്ങു കയറ്റത്തൊഴിലാളിയാണ്. മാതാവ് അയൽ വീടുകളിൽ ജോലിക്ക് പോകുന്നു. പഠനം അവസാനിപ്പിച്ച പെൺകുട്ടി വീട്ടിൽ നിൽക്കുകയാണ്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം. വൈകിട്ട് അഞ്ചരയോടെ വീടിന് സമീപം ചെന്ന് നിന്ന സജിൽ പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഇറങ്ങി വരാൻ ആവശ്യപ്പെട്ടു. പെൺകുട്ടി വഴങ്ങാതെ വന്നപ്പോൾ ഇയാൾ തിരിച്ചു പോയി.

ഒരു മണിക്കൂറിന് ശേഷം കന്നാസിൽ പെട്രോളും വാങ്ങി വന്ന സജിൽ വീട്ടിൽ കയറി പെൺകുട്ടിയുടെ തലയിൽ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്നുമാണ് സമീപവാസികൾ പറയുന്നത്. ഇതിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. അയൽക്കാർ ചേർന്ന് പെൺകുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊള്ളൽ ഗുരുതരമായിരുന്നതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.