പത്തനംതിട്ട: ജില്ലയ്ക്കു നേരിട്ട് ഐ.പി.എസ് ലഭിച്ച പൊലീസ് മേധാവിമാർ വാഴില്ല. ധനാഢ്യന്മാരുടെയും രാഷ്ട്രീയ മൊശകോടന്മാരുടെയും മുന്നിൽ വാലാട്ടി, ചെരിപ്പു നക്കി നിൽക്കാൻ തയാറാകാത്ത യുവ ഐ.പി.എസ് നിരയെ നിലം തൊടാതെ വയനാടൻ കാടുകളിലേക്ക് പറഞ്ഞു വിടുന്നതാണ് അടുത്ത നാളുകളായി ജില്ലയിൽ കാണുന്നത്. ഡി.സി.സി പ്രസിഡന്റ്, അണികൾ, അഖിലേന്ത്യാ കോൺഗ്രസ് നേതാക്കൾ എന്നിവർക്ക് മുന്നിൽ നട്ടെല്ല് നിവർത്തി നിന്ന് ഇതാവണമെടാ പൊലീസ് എന്നു പറഞ്ഞവരെയാണ് മലയോര ജില്ലയിൽനിന്നു രാഷ്ട്രീയ-ക്വാറി മാഫിയ കെട്ടുകെട്ടിക്കുന്നത്. ഏറ്റവും ഒടുവിലായി സ്ഥലം മാറ്റപ്പെട്ട ഡോ. എ. ശ്രീനിവാസ് വരെ ഈ ഗണത്തിൽപ്പെടുന്നു.

കേരളപൊലീസിൽ കിടന്ന് മൂത്തുപഴുത്ത പഴങ്ങളെയാണ് ഈ സാഹചര്യത്തിൽ പത്തനംതിട്ടിയിൽ എസ്‌പിയായി അവരോധിക്കുക. ഇവിടെ ഇനി കൂടുതലായി കുഴിച്ചെടുക്കാനൊന്നുമില്ല. എങ്കിലും ശരിക്കും അവിടെ ബിരിയാണിയിണ്ടെങ്കിലോ എന്ന് സലിം കുമാർ ഡയലോഗ് പോലെ എന്തെങ്കിലും കിട്ടുമെന്നു കരുതിയാണ് ഇവിടേക്ക് പലരും എത്തുന്നത്. 2013 ജൂലൈ 10 ന് കരിക്കിനേത്ത് ടെക്‌സ്റ്റൈൽസിലെ കാഷ്യറായിരുന്ന മല്ലപ്പള്ളി സ്വദേശി ബിജു പി. ജോസഫിനെ (39) കടയിലിട്ട് ഉടമകൾ തല്ലിക്കൊന്നത് സത്യസന്ധമായി അന്വേഷിച്ചതിന്റെ പേരിൽ ജില്ലാ പൊലീസ് മേധാവിയായിരുന്ന പി. വിമലാദിത്യയെ നാടുകടത്തുന്നിടത്തുനിന്നാണ് ജില്ലയിലെ നേരിട്ടുള്ള ഐ.പി.എസ് പൊലീസ് മേധാവികൾക്കെതിരേയുള്ള ഓപ്പറേഷൻ ആരംഭിക്കുന്നത്.

കടയുടമകൾ കാഷ്യറെ തല്ലിക്കൊന്ന കേസ് അട്ടിമറിക്കാൻ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടുവെന്നായിരുന്നു ആരോപണം. മന്ത്രിയുടെ വലംകൈയായിരുന്ന ഒരു ഡിവൈ.എസ്‌പി അന്നത്തെ പത്തനംതിട്ട എസ്.ഐയെ വിളിച്ചു പറഞ്ഞ് കേസ് ഒതുക്കാൻ ശ്രമിച്ചു. കൊലപാതകം നടത്തിയത് കരിക്കിനേത്ത് ഉടമകളുടെ ഡ്രൈവറാണെന്നു വരുത്തിത്തീർക്കാൻ ചെങ്ങന്നൂരുകാരനായ പ്രസിദ്ധ ക്രിമിനൽ അഭിഭാഷകന്റെ നേതൃത്വത്തിൽ ശ്രമം നടന്നു തിരക്കഥയും തയാറാക്കി. ആദ്യമൊക്കെ ഇവർ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നീങ്ങിയെങ്കിലും മറുനാടൻ മലയാളി ഈ വാർത്ത പുറത്തു കൊണ്ടുവന്നതോടെ കഥ മാറി. ജില്ലാ പൊലീസ് മേധാവി പി. വിമലാദിത്യ അന്വേഷണം നേരിട്ടേറ്റെടുത്തു. സഹായത്തിന് ഡി.സി.ആർ.ബി ഡിവൈ.എസ്‌പിയായിരുന്ന എൻ. രാജേഷിനെയും കൂട്ടി. ഇരുവരും ചേർന്ന് കരിക്കിനേത്ത് ഉടമകളുടെ തിരക്കഥ പൊളിച്ചു. തിരുവല്ല കരിക്കിനേത്ത് ഉടമ ജോസ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പത്തനംതിട്ട കരിക്കിനേത്ത് ഉടമ ജോർജ് ആരോഗ്യപരമായ കാരണം പറഞ്ഞ് ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടി.

ആഭ്യന്തരമന്ത്രി പറഞ്ഞിട്ടുപോലും കേൾക്കാതിരുന്ന പി. വിമലാദിത്യയെയും ഡിവൈ.എസ്‌പി രാജേഷിനെയും സ്ഥലം മാറ്റിക്കൊണ്ടാണ് മന്ത്രി തിരിച്ചടിച്ചത്. പകരം രാഹുൽ ആർ. നായരെ പോസ്റ്റ് ചെയ്തു. പിന്നീട് നടന്ന കഥകൾ എല്ലാവർക്കും അറിവുള്ളതാണ്. പാറമടകൾ എല്ലാം പൂട്ടിച്ച് ജൈത്രയാത്ര തുടങ്ങിയ രാഹുലിന്റെ ഭാവി അതേ കരിങ്കല്ലു വീണ് ചതഞ്ഞു. കൈക്കൂലിക്കേസിൽ സ്ഥലം മാറ്റപ്പെട്ട രാഹുലിന് പിന്നാലെ എത്തിയ ആളായിരുന്നു ഡോ. എ. ശ്രീനിവാസ്. കേസ് അന്വേഷണത്തിൽ തന്റേതായ രീതി സ്വീകരിച്ചിരുന്ന ശ്രീനിവാസ് എല്ലാത്തിനും മേൽനോട്ടം വഹിച്ചു പോന്നു. ഏതു കേസിലും അന്വേഷണത്തിന് ചുക്കാൻ പിടിച്ചിരുന്നത് എസ്‌പിയായിരുന്നു. മല്ലപ്പള്ളി ജൂവലറി കവർച്ച, റാന്നിയിലെ ഇരട്ടക്കൊലപാതകം എന്നിവയിലെല്ലാം അന്വേഷണത്തിൽ അദ്ദേഹത്തിന്റെ ആസൂത്രണമികവ് തെളിഞ്ഞു നിന്നു.

എന്നാൽ, മന്ത്രവാദത്തിന് ഇരയായി വടശേരിക്കര സ്വദേശിനി ആതിര എന്ന കോളജ് വിദ്യാർത്ഥിനി മരിച്ചതോടെയാണ് അദ്ദേഹം കോൺഗ്രസുകാരുടെ കണ്ണിലെ കരടായത്. ശുഭാനന്ദവിശ്വാസികളായ ആതിരയുടെ വീട്ടുകാർ നടത്തിയ ദുർമന്ത്രവാദമാണ് ആ പെൺകുട്ടിയെ മരണത്തിലേക്ക് നയിച്ചത്. ഇതിൽ രണ്ടാം പ്രതി ആതിരയുടെ പിതൃസഹോദരൻ വൽസലനായിരുന്നു. കൊലപാതകത്തിൽ വൽസലന്റെ പങ്ക് മനസിലാക്കിയ എസ്‌പി അയാളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. വൽസലൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു. കേസിൽനിന്ന് അയാളെ ഒഴിവാക്കാൻ ഡി.സി.സി നേതൃത്വം ആകുന്ന പണി നോക്കി.

എസ്‌പി വഴങ്ങിയില്ല. പോരെങ്കിൽ മാദ്ധ്യമങ്ങൾ ഒന്നടങ്കം എസ്‌പിക്കൊപ്പം നിന്നു. അതോടെ കോൺഗ്രസ് നേതൃത്വത്തിന് പത്തിമടക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. പിന്നീട് ഭരണനേതൃത്വം പറയുന്ന വഴിയെ ശ്രീനിവാസ് നീങ്ങിയില്ല. പെട്ടെന്ന് മാറ്റിയാൽ വിവാദം ഉണ്ടാകുമെന്ന് ഭയന്ന് കുറച്ചു മാസങ്ങൾ കാത്തിരുന്ന ശേഷമാണ് ശ്രീനിവാസിനെ തന്ത്രത്തിൽ നീക്കിയത്. ഇനി നേരിട്ടുള്ള ഐ.പി.എസുകാരെ ഈ വഴി വിട്ടേക്കല്ലെന്നാണ് ജില്ലയിലെ പൊലീസുകാരുടെ മാറ്റം നിയന്ത്രിക്കുന്ന ഒരു എംപിയുടെ നിർദ്ദേശം.