നെടുമ്പാശേരി: മലങ്കര സഭയിൽ ശാശ്വത സമാധാനം പുലർത്തുകയെന്ന ലക്ഷ്യം മുൻനിർത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ കേരളത്തിലെത്തി. വിശ്വാസത്തിൽ അധിഷ്ഠിതമായ ആരാധന നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ബാവ വ്യക്തമാക്കി. നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ ബാവയ്ക്ക് വലിയ സ്വീകരണമാണ് വിശ്വാസികൾ ഒരുക്കിയത്.

സഭയിൽ സമാധാനം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ ബാവ കൈക്കൊള്ളും. യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് എമിറേറ്റ്‌സ് വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയത്.

വിമാനത്താവളത്തിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ സഭയിലെ മെത്രാപ്പൊലീത്തമാരും രാഷ്ട്രീയ, സാമുദായിക നേതാക്കളും ചേർന്ന് പാത്രിയാർക്കീസ് ബാവായെ സ്വീകരിച്ചു. വൈദികരുടെയും വിശ്വാസികളുടെയും വലിയ സംഘം സ്വീകരണത്തിനു വിമാനത്താവളത്തിൽ എത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുന്മന്ത്രി അനൂപ് ജേക്കബ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും എത്തി.

തങ്ങളുടെ വിശ്വാസത്തിലധിഷ്ഠിതമായ ആരാധന നടത്തുന്നതിന് ഇവിടെ എല്ലാ ജനങ്ങൾക്കും അവകാശമുണ്ടെന്നും തന്റെ സന്ദർശന ലക്ഷ്യമെന്നത് മലങ്കര സഭയിൽ ശാശ്വത സമാധാനം ഉറപ്പാക്കുകയെന്നതാണെന്നും ബാവ അറിയിച്ചു. രാജ്യത്തെ വിവിധ ഭരണാധികാരികളുമായി നടത്തുന്ന ചർച്ചകളിൽ തനിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്ന് പാത്രീയർക്കിസ് പറഞ്ഞു.

പാത്രീയർക്കീസിന്റെ രണ്ടാം ശ്ലൈഹിക സന്ദർശനമാണ് ഇത്. കൊച്ചിയിലെ ഹോട്ടലിൽ വിശ്രമിക്കുന്ന ബാവ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ വിവിധ സഭാ സമിതികളുടെ യോഗത്തിൽ സംബന്ധിച്ച ശേഷം രാത്രി തിരുവനന്തപുരത്തേക്ക് തിരിക്കും.

ബുധനാഴ്ച രാവിലെ എട്ടിന് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച. തുടർന്ന് കാർ മാർഗം മഞ്ഞനിക്കര ദയറായിലേക്ക് പോകും. വൈകിട്ട് ആറിന് പുത്തൻകുരിശ് പാത്രിയർക്കാ കത്തീഡ്രലിൽ കുർബാനയർപ്പിക്കും.

രാത്രി ഒൻപതിന് മലേക്കുരിശ് ദയറാ സന്ദർശിക്കും. 24 നു ഡൽഹിയിലെത്തി രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ബാവ കാണുന്നുണ്ട്. ഇവരുമായുള്ള കൂടിക്കാഴ്ച 25ന് ആണു നടക്കുന്നതെങ്കിൽ പരിശുദ്ധ ബാവ 24നു കൂടി കേരളത്തിലുണ്ടാകുമെന്നു പബ്ലിസിറ്റിയുടെ ചുമതലയുള്ള കുര്യാക്കോസ് മാർ തെയോഫിലോസ് അറിയിച്ചു. 26 നു രാവിലെ ബാവ ലബനനിലേക്കു പോകും.