പെരുമ്പാവൂർ: പർദ്ദ ധരിച്ച് കാമുകിയെ കാണാൻ പോയ പ്ലസ് ടുക്കാരനെ കള്ളനെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ പൊക്കി പൊലീസിൽ ഏൽപ്പിച്ചു. ചൊവ്വാഴ്‌ച്ച പോഞ്ഞാശ്ശേരിയിലാണ് സംഭവം. രാവിലെ പത്തരയോടെയാണ് സംഭവം. പട്ടിപ്പാറയിൽ നിന്നുള്ള പ്ളസ് ടുക്കാരൻ കാമുകനാണ് ഈ ദുരവസ്ഥ. മാതാപിതാക്കൾ വീട്ടിൽ ഇല്ലെന്ന് സന്ദേശമയച്ച കാമുകിയെ കാണാൻ ശ്രമിച്ചതാണ് പ്രശ്‌നമായത്.

അയൽവാസികളിൽ നിന്നും രക്ഷപ്പെടാനായി പർദ്ദ ധരിച്ച് കൂട്ടുകാരന്റെ ബൈക്കിലെത്തിയ യുവാവിനെക്കണ്ട് അയൽവാസിയായ വീട്ടമ്മ പരിചയമില്ലാത്ത സ്ത്രീയെ അഭിവാദ്യം ചെയ്തു. എന്നാൽ വേഷം ധരിച്ചെങ്കിലും ശബ്ദത്തിൽ മാറ്റം വരുത്താൻ കാമുകൻ മറന്നുപോയതോടെ കാര്യം കൈയിൽ നിന്നും പോവുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതോടെ ഓടിയ കാമുകൻ ആ സമയം റോഡിലൂടെ വന്ന മറ്റൊരു സുഹൃത്തിന്റെ ബൈക്കിൽ ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചു.

എന്നാൽ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പോഞ്ഞാശ്ശേരിയിൽ വച്ച് ആളുകൾ കാമുകനെ പിടികൂടുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടർന്ന് എത്തിയ പൊലീസ് ഇയാളെ പൊക്കി ജീപ്പിലിട്ട് കൊണ്ടുപോയി. കുട്ടികളെ പർദ്ദയിട്ട് തട്ടിക്കൊണ്ടു പോകുന്ന സംഘമുണ്ടെന്ന നേരത്തെ മുതലുള്ള നാട്ടുകാരുടെ സംശയമാണ്് കാര്യങ്ങൾ ഇത്രയും വഷളാക്കിയതെന്ന് പിന്നീട് എല്ലാവരും തിരിച്ചറിഞ്ഞെങ്കിലും കാമുകന് ശക്തമായ താക്കീതും മാതാപിതാക്കൾക്ക് ഉപദേശവും നൽകി പൊലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു.

കേസെടുത്തില്ല. പെൺകുട്ടി വിളിച്ചിട്ടാണ് കാമുകനെത്തിയതെന്ന് പൊലീസിനും ബോധ്യമായി. ആളെ തിരിച്ചറിയാതിരിക്കാനും കാമുകിയുടെ വീട്ടിൽ എളുപ്പത്തിൽ കയറിക്കൂടാനുമാണ് ഇതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പർദ്ദ ഇടുകയെന്നത് കാമുകിയുടെ തന്ത്രമെന്നാണ് സൂചന. വീട്ടിൽ ആരെങ്കിലും എത്തിയാലും ഈ ബുദ്ധിയിലൂടെ രക്ഷപ്പെടാനായിരുന്നു നീക്കം. ഇതാണ് നാട്ടുകാർക്കുണ്ടായ സംശയം പൊളിച്ചത്. പൊലീസെത്തിയപ്പോൾ കുട്ടിക്കാമുകൻ എല്ലാം സമ്മതിക്കുകയായിരുന്നു.