തിരുവനന്തപുരം: പ്രായമൊന്നും പൗളിയമ്മയെ തളർത്തുന്നില്ല. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി തിരുവനന്തപുരത്തെ കുറവൻകോണം നിവാസികൾക്ക് നല്ല പച്ചമീൻ വിൽപ്പന നടത്തി വരുന്ന പൗളിയമ്മ എഴുപത്തിയഞ്ചാം വയസ്സിലും ചുറുചുറുക്കോടെ കച്ചവടം ചെയ്യുകയാണ്.

അഞ്ചു മക്കളുടെ അമ്മയായ പൗളിയമ്മയുടെ ഭർത്താവ് മത്സ്യബന്ധനത്തിനിടയിൽ മരിച്ചു. ജീവിത ദുരിതങ്ങൾ അകറ്റാനായുള്ള പെടാപാട് അന്ന് തുടങ്ങിയതാണ്. ഇന്നും അത് തുടരുന്നു. തിരുവനന്തപുരം കണ്ണാന്തുറ പള്ളിക്കു സമീപം ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നു. സ്വന്തമായൊരു വീടാണ് ലക്ഷ്യം. മീൻ വിറ്റ് കിട്ടുന്നതുകൊണ്ട് നിത്യചെലവുകൾക്ക് മാത്രമേ കഴിയുന്നുള്ളൂ. സുമനസ്സുകളുടെ സഹായത്തോടെ വീടെന്ന സ്വപ്‌നമാണ് പൗളിയമ്മയ്ക്കുള്ളത്.

തന്റെ കച്ചവട മേഖലയിൽ വന്നിട്ടുള്ള മാറ്റങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഇവർ ഇപ്പോൾ കുറവൻകോണം പിപിഡി ഫ്ളാറ്റിന് മുന്നിൽ കച്ചവടം തുടരുന്നു. ഈ പ്രദേശത്തുകാരോട് പൗളിയമ്മയ്ക്കുള്ള സ്‌നേഹം വാക്കുകൾക്ക് അതീതമാണ്. തന്റെ മൂന്ന് പെൺമക്കളുടേയും വിവാഹത്തിന് 1985-90 കാലഘട്ടത്തിൽ 25000 രൂപ വരെ വായ്പയായി തന്ന് സഹായിച്ചിട്ടുള്ള വ്യക്തികളുണ്ട്. അവരിൽ മുൻ ചീഫ് എഞ്ചിനീയർ ലീലാമ്മ ജോർജ്ജ് (കൊപ്പാറ), ഡോ. ഗംഗാദേവി (ആർസിസി) എന്നിവരും ഉൾപ്പെടുന്നു.

ഏറ്റവും കൂടുതൽ ഫ്ളാറ്റുകൾ ഉള്ള വാർഡ് താൻ കച്ചവടം തുടരുന്ന കുറവൻകോണമാണെന്നും വയലുകളെല്ലാം ഫ്ളാറ്റുകളായി മാറുന്നത് തന്റെ ഈ രണ്ടു കണ്ണുകൾ സാക്ഷ്യം വഹിച്ചെന്നും തെല്ല് സങ്കടത്തോടെ പറയുന്ന ഇവർ കുറവൻകോണം മാർക്കറ്റിന്റെ സ്ഥാപകൻ പരേതനായ മുൻ മേയർ പ്രഭാകരൻസാറിനെ നന്ദിയോടെ സ്മരിക്കുന്നു ചന്തയുടെ ഇന്നത്തെ സ്ഥിതിയിൽ പരിതപിക്കുന്നു.

1980-കളിൽ ഒരു ദിവസത്തെ കച്ചവടത്തിന്റെ മുതൽ മുടക്ക് പരമാവധി 1000 രൂപയായിരുന്നെങ്കിൽ ഇന്നത് 15000-നും 20000-നും ഇടയ്ക്കുള്ള തുകയായി വർദ്ധിച്ചു. സ്വന്തം സ്ഥലവും വീടും പെൺമക്കളുടെ വിവാഹ ആവശ്യങ്ങൾക്കായി വിൽക്കേണ്ടി വന്ന ഈ വീട്ടമ്മ ജീവിതത്തിന്റെ സായന്തനത്തിൽ താൻ കൂടി വോട്ട് ചെയ്ത് വിജയിപ്പിച്ച വാർഡ് കൗൺസിലറെ സമീപിച്ചാൽ സ്വന്തമായി ഒരു കിടപ്പാടം കിട്ടുമോയെന്ന് ചോദിക്കുന്നു.

പണ്ട് നടന്ന് കച്ചവടം നടത്തിയതാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് തുറന്നു പറയുന്നു. ഈ നാട്ടുകാർ തന്നോടും തിരിച്ച് നാട്ടുകാരോട് താനും കാണിച്ചിട്ടുള്ള പരസ്പര സ്‌നേഹവും ബഹുമാനവും കൃതജ്ഞതയോടുകൂടി മാത്രം സ്മരിക്കുന്ന പൗളിയമ്മയെ ഈ അടുത്ത കാലത്ത് 40-ാം വാർഷികം ആഘോഷിച്ച കുറവൻകോണം കുരുക്ഷേത്ര കലാസമിതി പ്രവർത്തകർ ആദരിക്കുകയുണ്ടായി.