കണ്ണൂർ: റീത്ത് വച്ച് വധഭീഷണി ഉയർത്തുന്ന സംഭവം കണ്ണൂരിൽ വീണ്ടും ആവർത്തിക്കപ്പെടുകയാണ്. പയ്യന്നൂർ സി.ഐ, പി.കെ മണിയുടെ ക്വാർട്ടേഴ്‌സിനു മുന്നിൽ റീത്തും ഭീഷണിക്കത്തും കാണപ്പെട്ട ദിവസം തന്നെ ബിജെപി പ്രവർത്തകന്റെ വീട്ടുമുറ്റത്തും റീത്തു ഭീഷണിയുണ്ടായി.

ഇപ്പോഴത്തെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി വർഷങ്ങൾക്കു മുമ്പ് തലശ്ശേരിയിൽ പ്രമു അഭിഭാഷകനായിരിക്കുമ്പോൾ വീട്ടുമുറ്റത്തു സമാനമായി റീത്തുവച്ചു ഭീഷണിപ്പെടുത്തിയ സംഭവമരങ്ങേറിയിരുന്നു. ഇന്നലെ ബിജെപി പ്രവർത്തകന്റെ വീട്ടുമുറ്റത്തു വച്ച റീത്തും ഭീഷണിയും ആരും കാര്യമായെടുക്കുകയുണ്ടായില്ല.

ഇന്നലെ, 'ടു.പയ്യന്നൂർ സിഐ' എന്നെഴുതിയ റീത്തിൽ നിന്റെ നാളുകൾ എണ്ണപ്പെട്ടു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എടാ പരനാറി 'സിഐ' ഒരു റീത്തുകൊടുത്തയയ്ക്കുന്നു. ഇതു നിന്റെ നെഞ്ചത്തു വെക്കാൻ അറിയാഞ്ഞിട്ടല്ല. ഇത് ഒരു സാമ്പിൾ ആണ്. പയ്യന്നൂരിലെ മണ്ണിൽ നീ വന്ന കാലം മുതൽ കളിച്ച കളി കാണാഞ്ഞിട്ടല്ല. ഇനി നിന്റെ നാളുകൾ എണ്ണപ്പെട്ടു. നിന്റെ പിറകിൽ നിഴലായി ഞാനുണ്ട്. നിന്റെ മുൻഗാമികളോട് പയ്യന്നൂരിന്റെ ചരിത്രം ചോദിച്ചു നോക്ക്. കത്തു തരുന്നത് ഭീരുത്വമായി കരുതേണ്ട. ഓർത്തോ. ഓർത്താൽ നന്ന്. ഇത് താക്കീത്. അവസാന താക്കീത്. തുടങ്ങിയ വാക്കുകളാണ് ഭീഷണിക്കത്തിലുള്ളത്.

കഴിഞ്ഞാഴ്ച രാമന്തളിയിൽ എസ്.ഡി.പി.ഐ- സിപിഐ (എം) സംഘർഷത്തെ തുടർന്ന് പഴയങ്ങാടി എസ്.ഐ., കെ.പി. ഷൈനിനു നേരെ അക്രമമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 25 പേർക്കെതിരെ കേസ്സും എടുത്തിരുന്നു. എസ്.ഐ. ഉൾപ്പെടെ മൂന്നു പൊലീസുകാർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്നു സിപിഎമ്മുകാരെ അറസ്റ്റ് ചെയ്തു. ഇതു കള്ളക്കേസാണെന്ന് ആരോപിച്ച് സിപിഐ.(എം) പ്രതിഷേധിക്കുകയും ചെയ്തു. റീത്തിനും ഭീഷണിക്കത്തിനും ഈ സംഭവവുമായി ബന്ധമുണ്ടോ എന്നെ സംശയവും ബലപ്പെട്ടിട്ടുണ്ട്. 2014 സെപ്റ്റംബറിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി പി.ജയരാജനെ അറസ്റ്റ് ചെയ്തതിന് അന്നത്തെ സിഐ വിനോദ് കുമാറിന്റെ ക്വാർട്ടേഴ്‌സിനു നേരെ ബോംബെറിഞ്ഞിരുന്നു. ആ സംഭവവും ഭീഷണിക്കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി സി.ഐ യെ ഫോണിൽ ഭീഷണിപ്പെടുത്തിയതിൽ സിപിഐ(എം) പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സിഐയുടെ ഫോണിൽ ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും റീത്തും ഭീഷണിയും പാർട്ടിയുടെ നയമല്ലെന്നും ഏരിയാ കമ്മിറ്റി വ്യക്തമാക്കി.

മട്ടന്നൂർ പെരിഞ്ചേരി കുഴിക്കലിൽ ബിജെപി. പ്രവർത്തകന്റെ വീട്ടുമുറ്റത്തും ഇന്നലെ റീത്ത് കാണപ്പെട്ടു. ബിജെപി. പ്രവർത്തകൻ പി. പ്രസാദിന്റെ വീട്ടുമുറ്റത്താണ് പുല്ലുകൊണ്ട് നിർമ്മിച്ച റീത്തു വച്ചത്. സിപിഐ.(എം) ക്കാരാണ ് റീത്തിനു പുറകിലെന്ന് ബിജെപി. നേതൃത്വം ആരോപിച്ചു. പൊലീസെത്തി റീത്ത് നീക്കം ചെയ്തു. റീത്ത് വച്ച് ഭീഷണി ഉയർത്തുന്ന കണ്ണൂർ ജില്ലയിൽ ഇതു പുത്തരിയല്ല. മുമ്പും എതിരാളിയുടെ വീടുകൾക്കു മുന്നിൽ റീത്ത് വെക്കൽ നാടകങ്ങൾ അരങ്ങേറിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന വൃക്തികളുടെ പേരിൽ റീത്ത് വെക്കൽ പ്രാകൃത നടപടിയാണെന്ന് സമൂഹം കുറ്റപ്പെടുത്തിയിട്ടും .ഇടവേളക്കു ശേഷം വീണ്ടും ഇത്തരം സംഭവങ്ങൾ അരങ്ങേറുകയാണ്. എതിരാളികളുടേയും ഉദ്യോഗസ്ഥരുടേയും വീടിനു മുന്നിൽ റീത്തു ഭീഷണിയും ഉയർത്തുന്നവർ അവിടേയും ഒരു കുടുംബം വസിക്കുന്നുണ്ടെന്ന കാര്യം വിസ്മരിക്കുന്നു.

2011 ഫെബ്രുവരി 5 -ാം തീയ്യതി തലശ്ശേരിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന ടി. ആസഫലിയുടെ വീടിനു മുന്നിൽ റീത്തും ഭീഷണിക്കത്തും പ്രദർശിപ്പിച്ചിരുന്നു. എസ്.എൻ .സി. ലാവലിൻ കേസിൽ അന്നത്തെ സിപിഐ(എം)സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ നിലകൊണ്ടതായിരുന്നു ആ സംഭവത്തിനു പിന്നിലെന്നായിരുന്നു ആരോപണം. റീത്ത് വെക്കലിന് രണ്ടു ദിവസം മുമ്പേ സിപിഐ.(എം) യിലെ പ്രമുഖ നേതാവ് തലശ്ശേരിയിൽ ആസിഫലിക്കെതിരെ ഭീഷണി ഉയർത്തും വിധം പൊതു യോഗത്തിൽ പ്രസംഗിച്ചിരുന്നു. ഇതേ തുടർന്നാണ് തലശ്ശേരി നഗരത്തിൽ ഭീഷണി ഉയർത്തുന്ന പോസ്റ്ററുകളും വീട്ടുമുറ്റത്ത് റീത്തും കണ്ടത്. ആസഫലി ഇപ്പോൾ സംസ്ഥാന പ്രോസിക്യൂഷൻ ജനറലാണ്.