അടൂർ: കോൺഗ്രസും ബിജെപിയും സിപിഎമ്മും തട്ടിപ്പിന്റെ കാര്യത്തിൽ ഒരുമിച്ച് ചേരുകയാണ് പഴകുളത്ത്. പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്ക് നേരത്തേ തന്നെ തട്ടിപ്പുകളാൽ പ്രസിദ്ധമാണ്. ഇപ്പോഴിതാ പുതിയൊരു തട്ടിപ്പു കഥ കൂടി പുറത്തു വരുന്നു. പ്യൂണായി ജോലി ചെയ്യുന്നയാൾ 31.50 ലക്ഷം രൂപ ബാങ്കിന്റെ അടൂർ ഹൈസ്‌കൂൾ ജങ്ഷനിലെ ശാഖയിൽ നിന്നും അടിച്ചു മാറ്റി. വിവരം രഹസ്യമാക്കി വച്ചിരിക്കുകയാണ് ഉദ്യോഗസ്ഥരും ഭരണ സമിതിയിൽ ഉള്ളവരും. കാരണം, തട്ടിപ്പിന്റെ പങ്ക് മറ്റ് ചിലരുടെ പോക്കറ്റിലേക്കും ചെന്നെത്തിയിട്ടുണ്ട്.

വർഷങ്ങളായി യുഡിഎഫിന്റെ കുത്തക ഭരണമാണ് ബാങ്കിൽ നടന്നിരുന്നത്. കോൺഗ്രസ് നേതാവ് പഴകുളം ശിവദാസൻ പ്രസിഡന്റായിരുന്നത് കാൽനൂറ്റാണ്ടാണ്. ദോഷം പറയരുതല്ലോ, പുറമേ കണ്ടാൽ പരസ്പരം കടിച്ചു കീറാൻ നിൽക്കുന്ന കോൺഗ്രസും ബിജെപിയും കോൺഗ്രസും ഇവിടെ ഈ ബാങ്കിന്റെ കാര്യത്തിൽ അണിയറയിൽ ഒറ്റക്കെട്ടാണ്. മൂന്നു കൂട്ടർക്കും വേണ്ടപ്പെട്ടവരെ ഇവിടെ നിയമിക്കും. കിട്ടുന്ന തുക വീതിച്ചെടുക്കും. അതാകുമ്പോൾ ആർക്കും പരാതിയില്ല. അങ്ങനെ പഴകുളം ശിവദാസൻ നിയമിച്ച ബിജെപിക്കാരനാണ് ഇപ്പോൾ തട്ടിപ്പ് നടത്തിയിരിക്കുന്നത്. സ്‌റ്റോർ കീപ്പറായി സർവീസിൽ പ്രവേശിച്ച ഇയാൾ ഇപ്പോൾ പ്യൂൺ തസ്തികയിലേക്ക് പ്രമോഷനായിട്ടുണ്ട്. പ്യൂൺ സാമ്പത്തികം കൈകാര്യം ചെയ്യുന്ന കേരളത്തിലെ അപൂർവം ചില ബാങ്കുകളിൽ ഒന്നാണ് ഇതെന്ന് പറയേണ്ടി വരും. അല്ലെങ്കിൽ പിന്നെങ്ങനെ അയാൾക്ക് വലിയ തട്ടിപ്പ് നടത്താൻ കഴിയുമെന്നാണ് സഹകാരികൾ ചോദിക്കുന്നത്. ബാങ്ക് ശാഖാ മാനേജരും പ്രതിക്കൂട്ടിലുണ്ട്.

യുഡിഎഫുകാർ കുത്തക ഭരണം നടത്തിയിരുന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ക്രമക്കേട് ആരോപിച്ച് പിരിച്ചു വിട്ടു. പകരം മൂന്നു സിപിഎമ്മുകാരുടെ നേതൃത്വത്തിലുള്ള അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റി നിലവിൽ വന്നു. സിപിഎം ലോക്കൽ കമ്മറ്റിയംഗം രാധാകൃഷ്ണ പിള്ള ചെയർമാനും ജില്ലാ സെക്രട്ടറിയേറ്റംഗം പിബി ഹർഷ കുമാറിന്റെ ബന്ധു കൃഷ്ണകുമാറും മറ്റൊരാളും അംഗങ്ങളുമായിട്ടുള്ളതാണ് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റി. ഈ കമ്മറ്റിയുടെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചു. ഈ കമ്മറ്റിയുടെ കാലയളവിൽ ബാങ്കിന്റെ മിത്രപുരം ശാഖയിലും വൻ തട്ടിപ്പ് അരങ്ങേറി. ഗിരീഷ് എന്ന ജീവനക്കാരൻ 40 ലക്ഷം അടിച്ചു മാറ്റി. അതിൽ ഒരു ലക്ഷം ഒഴികെ ബാക്കിയൊക്കെ അടച്ചു തീർത്തു. ആ ഒരു ലക്ഷം കിട്ടുന്നതു വരെ ഗിരീഷ് സസ്‌പെൻഷനിൽ തുടരും. അതു കിട്ടിക്കഴിഞ്ഞാൽ പുറത്താക്കും.

അടൂർ ബോയ്‌സ് ഹൈസ്‌കൂൾ ജങ്ഷനിലുള്ള ബാങ്കിന്റെ ശാഖയിലാണ് ഇപ്പോൾ ക്രമേക്കട് നടന്നിരിക്കുന്നത്. ജീവനക്കാരൻ ഒറ്റയ്ക്ക് പണാപഹരണം നടത്തിയെന്നാണ് സിപിഎം നേതൃത്വം നൽകുന്ന അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റി പറയുന്നത്. ശാഖയിലെ ഇന്റർനെറ്റ് സംവിധാനം തകരാറിലാക്കിയും സോഫ്ട്‌വെയർ അപ്‌ഡേഷൻ നടത്താതെയുമാണ് തട്ടിപ്പ് നടത്തിയത് എന്നാണ് സൂചന. സോഫ്ട്‌വെയർ കമ്പനി നൽകിയ വിവരം വച്ച് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പ് നടന്നുവെന്ന കാര്യം സഹകരണ സംഘം രജിസ്ട്രാറോ സർക്കാരോ അറിഞ്ഞിട്ടില്ല. പൊലീസിൽ പരാതി നൽകാൻ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ആളും തയാറായിട്ടില്ല. പണം തിരികെ അടയ്ക്കാമെന്നാണ് തട്ടിപ്പ് നടത്തിയ ജീവനക്കാരൻ പറഞ്ഞിരിക്കുന്നത്. പണം വാങ്ങിയ ശേഷം ഇയാളെ ജോലിയിൽ നിന്ന് പിരിച്ചു വിടാനാണ് നീക്കം. വടക്കൻ ജില്ലയിലുള്ള ഇയാളുടെ ഭൂമി വിറ്റ് പണം തിരികെ നൽകാമെന്നാണ് പറഞ്ഞിരിക്കുന്നത്. അതേ സമയം, തട്ടിപ്പിന് പിന്നിൽ സിപിഎമ്മിലെ ചിലർക്കും ബാങ്കിലെ മറ്റു ചില ജീവനക്കാർക്കും പങ്കുണ്ടെന്നും സൂചനയുണ്ട്. തട്ടിപ്പ് നടത്തിയ പണം ഇവർ പങ്കിട്ടെടുത്തുവെന്നും പറയുന്നുണ്ട്.

അഞ്ചുലക്ഷം രൂപ താനെടുത്തുവെന്ന് ജീവനക്കാരൻ സമ്മതിക്കുന്നുണ്ട്. ബാങ്കിയൊക്കെ ചില സഖാക്കൾ കീശയിലാക്കി. എന്നാൽ, കീശയിലാക്കിയ സഖാക്കൾ ഇപ്പോൾ കൈമലർത്തി കാണിക്കുന്നു. അതോടെ തട്ടിപ്പ് മുഴുവൻ ജീവനക്കാരന്റെ തലയിലായി. താനൊറ്റയ്ക്ക് തൂങ്ങില്ലെന്ന് ജീവനക്കാരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പോയാൽ എല്ലാവരെയും കൊണ്ടാകും പോവുകയെന്നും ഇയാൾ സൂചിപ്പിച്ചിട്ടുള്ളതായി അറിയുന്നു. സംഭവം സംബന്ധിച്ച് പൊലീസിൽ കേസൊന്നും കൊടുത്തിട്ടില്ല. രണ്ടു വർഷം മുൻപ് വടശേരിക്കര സർവീസ് സഹകരണ ബാങ്കിന്റെ തലച്ചിറ ശാഖയിൽ ഇതേ രീതിയിൽ സിപിഎം നേതാക്കൾ തട്ടിപ്പ് നടത്തിയിരുന്നു. ഒരു കോടി രൂപയുടെ ക്രമക്കേടാണ് അന്ന് നടന്നത്. കണ്ടു പിടിക്കപ്പെട്ടപ്പോൾ പ്രവീൺ പ്രഭാകരൻ എന്ന പ്രാദേശിക നേതാവിന്റെ തലയിൽ കുറ്റം മുഴുവൻ ചാർത്തി ജില്ലാ കമ്മറ്റിയംഗങ്ങളായ മത്തായി ചാക്കോ, കോമളം അനിരുദ്ധൻ എന്നിവർ തലയൂരി. പാർട്ടി അന്വേഷണ കമ്മിഷനെ വച്ച് റിപ്പോർട്ട് തയാറാക്കി പിന്നീട് മത്തായി ചാക്കോയെ തരം താഴ്‌ത്തി. കോമളം അനിരുദ്ധനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.