തൃശൂർ: ഇത് സാക്ഷര കേരളത്തിന് അപമാനം. തൃശൂർ കുന്നംകുളം പഴുന്നാനയിൽ യുവതിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു. കേസിൽ ഭർത്താവും ബന്ധുവും അറസ്റ്റിലായി. ചെമ്മന്തിട്ട സ്വദേശികളെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.യുവതിയുടെ സ്വകാര്യഭാഗത്ത് ബിയർ ബോട്ടിൽ കയറ്റിയതായും പൊലീസ് പറയുന്നു. ഉത്തരേന്ത്യയിലെ പീഡനങ്ങളെ പോലും തോൽപ്പിക്കുന്ന ക്രൂരതയാണ് ശക്തന്റെ നാട്ടിൽ നിന്ന് പുറത്തു വരുന്നത്.

കെട്ടിയിട്ട് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടർന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനും പ്രതികൾ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും മാസങ്ങളായി പീഡനം തുടർന്നു വരികയാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. പീഡനം സഹിക്കവയ്യാതെ യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പീഡനദൃശ്യങ്ങൾ ചിത്രീകരിച്ച ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തു. ദൃശ്യങ്ങളെടുത്ത ക്യാമറയും പെൻഡ്രൈവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ബലാത്സംഗത്തിനും ഐടി ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച പ്രതികൾ, ദൃശ്യങ്ങൾ പകർത്തി ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

ഭർത്താവിന് ഭാര്യയിലുള്ള സംശയമാണ് ക്രൂരമായ പീഡനത്തിന് കാരണമായതെന്നാണ് പൊലീസ് നൽകുന്നവിവരം. ദിവസങ്ങളോളം യുവതിയെ വീട്ടിനുള്ളിൽ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ബന്ധുവായ രണ്ടാംപ്രതിയും പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്. ബിയർ കുപ്പി ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേൽപ്പിച്ചു.

ആശുപത്രി അധികൃതരാണ് യുവതി പീഡനത്തിനിരയായ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് കുന്നംകുളം പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതികളായ രണ്ടുപേരെയും പിടികൂടുകയുമായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭയം കാരണമാണ് പീഡനവിവരം ആരോടും വെളിപ്പെടുത്താതിരുന്നതെന്നാണ് യുവതിയുടെ മൊഴി. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ക്രൂരമായ പീഡനത്തെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് പ്രതികളും അറസ്റ്റിലായത്.

രണ്ട് പ്രതികളെയും പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയി. യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിൽസയിലാണ്. ഒരു വർഷത്തോളമായി പീഡനം തുടരുകയായിരുന്നുവെന്നു യുവതി പൊലീസിനോടു പറഞ്ഞു.