കൊച്ചി: ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന കൊച്ചിയിലെ പീസ് സ്‌കൂളിലെ പിഞ്ചു കൂട്ടികളെ പഠിപ്പിച്ചിരുന്ന പാഠ്യഭാഗങ്ങൾ പോലും മതസ്പർദ്ദ വളർത്തുന്നതാണെന്ന് വ്യക്തമാകുന്നു. രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്ന സിലബസിൽ പോലു കടുത്ത വർഗീയ ചേരിതിരിവിന് ഇടയാക്കുന്ന വിധത്തിലാണ് പാഠ്യഭാഗങ്ങൾ. നിയമവിരുദ്ധമായി സിലബസ് പഠിപ്പിച്ചതിനും അനുമതിയില്ലാതെ സ്‌കൂൾ നടത്തിയതിന്റെയും പേരിൽ കേസിൽപെട്ട് അന്വേഷണം നേരിടുകയാണ് കൊച്ചിയിലെ പീസ് ഇന്റർനാഷണൽ സ്‌കൂൾ.

രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പിഞ്ചു കുഞ്ഞുങ്ങളിൽ പോലും വർഗീയത കുത്തിവെക്കുന്നതാണ് ഈ സ്‌കൂളിന്റെ നടപടിയെ രൂക്ഷമായി വിമർശിക്കുകയാണ് സോഷ്യൽ മീഡിയ. പഠ്യഭാഗത്തിലെ ഒരു പേജാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതിലെ ഒരുഭാഗം ഇങ്ങനെയാണ്:

നിങ്ങളുടെ സുഹൃത്ത് ആദം/സൂസൻ ഇസ്‌ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന ഓപ്ഷനുകളിൽ ഏതാണ് അവർക്കായി നിങ്ങൾ നിർദേശിക്കുക?
a. അവന്റെ/അവളുടെ പേര് അഹമ്മദ്/സാറ എന്നാക്കുക.
b. കഴുത്തിലെ കുരിശുമാല ഉണ്ടെങ്കിൽ അത് നീക്കുക.
c. ഷാഹാദ ചൊല്ലിക്കൊടുക്കുക.
d. മുസ്‌ലീമല്ലാത്ത രക്ഷിതാക്കൾക്കിടയിൽ നിന്നും മാറി നിൽക്കുക.
e. ഹലാൽ ചിക്കൻ കഴിക്കുക.

ഇതിലെ ശരിയായ ക്രമം പരിചയപ്പെടുത്താനും അവ വിശദീകരിക്കാനുമാണ് അദ്ധ്യാപകരോട് പാഠഭാഗത്തിൽ ആവശ്യപ്പെടുന്നുമുണ്ട്. സമാനമായ വിധത്തിൽ സർക്കാർ അംഗീകരിക്കാത്ത സിലബസിന്റ മറവിൽ മതസ്പർദ്ദ വളർത്തുന്ന കാര്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇസ്‌ലാം എന്തുകൊണ്ട് യുദ്ധത്തിൽ ജയിക്കുന്നു എന്ന മറ്റൊരു പാഠഭാഗത്തെ ചോദ്യത്തിന് അള്ളാഹുവിനായി ത്യാഗം ചെയ്യുന്നതിനാൽ ജയിക്കുന്നു എന്നാണ് ഉത്തരം നൽകിയിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ തന്നെ സമാധാനത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന സ്‌കൂളിന് പിന്നിലെ ആശയങ്ങൾ വ്യക്തമാക്കുന്നതാണ് ഈ പാഠ്യഭാഗങ്ങൾ. രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയിലേക്ക് വിഷം കുത്തിവെക്കുന്ന ഈ പഠനം തീർത്തും എതിർക്കപ്പെടേണ്ടതാണെന്ന സോഷ്യൽ മീഡിയയിൽ നിരവധി പേർ ആവശ്യപ്പെടുന്നു. സംവിധായകൻ ആഷിഖ് അബു അടക്കമുള്ളവർ സമാന ആവശ്യം ഉന്നയിച്ചു കഴിഞ്ഞഉ.

അതേസമയം എതിർക്കപ്പെടേണ്ട ഈ സംഭവത്തെ ന്യായീകരിക്കുന്നവരും ഏറെയാണ്. പുതുതായി ഇസ്‌ലാം സ്വീകരിക്കുന്നതിന്റെ ക്രമങ്ങൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയാണ് പാഠഭാഗംകൊണ്ട് ഉദ്ദേശിക്കുന്നതെന്നും രണ്ടാം ക്ലാസിൽ മതപഠനം പാടില്ലെങ്കിൽ അത്തരമൊരും നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും സ്‌കൂളിനെ അനുകൂലിക്കുന്നവർ പറയുന്നു. ഇത്ര ചെറുപ്പത്തിൽ ഇങ്ങിനെയുള്ള കാര്യങ്ങളൊക്കെ പഠിപ്പിക്കണോയെന്ന് ചിന്തിക്കാൻ പോലും സ്‌കൂൾ മാനേജ്‌മെന്റിനാവുന്നില്ലേയെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. തന്റെ സുഹൃത്ത് മതംമാറുന്നുവെങ്കിൽ അതിനായി എന്തൊക്കെ ചെയ്യണമെന്നുള്ള കാര്യം രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ തന്നെ പഠിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്താണെന്നാണ് പലരുടെയും ചോദ്യം.

ഇസ്‌ലാമിക പ്രഭാഷകനായ എം.എം അക്‌ബറിന്റെ നേതൃത്വത്തിൽ 13 സ്‌കൂളുകളാണ് പീസ് ഇന്റർനാഷണലിന് കേരളത്തിലുള്ളത്. കേരളത്തിൽ നിന്നും കാണാതായ 21 പേരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട കാസർഗോഡുകാരനായ അബ്ദുൾറാഷിദ് ആണ് സ്‌കൂളിന്റെ സ്ഥാപകൻ. ഐസിസുമായി ബന്ധമുള്ളവർ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടർന്നായിരുന്നു അന്വേഷണം ആരംഭിച്ചത്.

മേത്തർ, മൂപ്പൻ, കള്ളിയത്ത് എന്നീ പ്രമുഖ വ്യവസായ കുടുംബാംഗങ്ങൾക്കും ഈ സ്‌കൂളുമായി ബന്ധമുണ്ട്. ഡയറക്ടർമാരായ ഇവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. രാജ്യത്തിനകത്തും പുറത്തും ബിസിനസുള്ള ഈ മൂന്ന് വ്യവസായ പ്രമുഖർ എറണാകുളത്ത് ഒരുമിച്ച് ബിസിനസ് നടത്തുന്നുണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസ്സ്, തീവ്രവാദ സംഘങ്ങളുമായും സമാന ആശയങ്ങളുമായും ഇവരുടെ ബന്ധം തുടങ്ങിയവ അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറും. മലയാളികളുടെ കൂട്ടത്തോടെയുള്ള തിരോധാനത്തിനു ശേഷം പീസ് സ്‌കൂൾ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. ഇക്കാര്യം മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഐസിസിൽ ചേർന്ന കാസർകോഡ് തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദ് അബ്ദുള്ള കോഴിക്കോട് പീസ് സ്‌കൂളിലെ അഡ്‌മിനിസ്‌ട്രേറ്റിംങ് ചുമതലയുള്ള സ്റ്റാഫായിരുന്നു.

അബ്ദുൽ റാഷിദിന്റെ നേതൃത്വത്തിലാണ് കേരളത്തിൽ നിന്നും മലയാളികൾ ഐസിസിൽ ചേർന്നത്. ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടന്നു വരികയാണ്. ഇതിനു പുറമെ റാഷിദിന്റെ അടുത്തേക്ക് കടക്കാനിരുന്ന രണ്ടാം ഭാര്യ യാസ്മിനെ വിമാനത്താവളത്തിൽ വച്ച് അന്വേഷണ സംഘം പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. യാസ്മിൻ ഇപ്പോൾ ഐഎസ് കേസിൽ റിമാൻഡിൽല കഴിയുകയാണ്. യാസ്മിൻ മലപ്പുറം കോട്ടക്കലിലെ പീസ് സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു.

മതം മാറി ഐസിസിൽ ചേർന്നതായി കരുതപ്പെടുന്ന ദമ്പതികളായ ബെസ്റ്റൺ എന്ന യഹി യ, മെറിൻ എന്ന മറിയം എന്നിവർ പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണ്. കേരളത്തിൽ നിന്നും ഐസിസിൽ ചേരാൻ വിദേശത്തേക്കു കടന്ന മറ്റു മലയാളികളും എം.എം അക്‌ബറിന്റെ പീസ് സ്‌കൂളുമായും സാക്കിർ നായിക്കിന്റെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷനുമായും ബന്ധമുള്ളവരാണ്. ഇതിന്റെ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. എറണാകുളത്തെ മെറിൻ മറിയത്തിന്റെ സഹോദരൻ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത ഐസിസ് കേസുമായി ബന്ധപ്പെട്ട് സാക്കിർ നായിക്കിന്റെ കൂട്ടാളി ഖുറേഷിയെയും റിസ് വാനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാൻഡിൽ കഴിയുകയാണ്.

ഈയിടെയായി ഐസിസുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിലെല്ലാം പീസ് സ്‌കൂളിന്റെ പേരും കടന്നു വന്നിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് ഏറെ നാളായി ഈസ്ഥാപനത്തെ നിരീക്ഷിച്ചു വരികയായിരുന്നു. വിദേശത്തേക്കു കടന്ന അബ്ദുൽ റാഷിദ് അബ്ദുള്ള ഇതേ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരെ ഐസിസിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള സന്ദേശം വന്നിരുന്നു. കൂടാതെ ജിഹാദിന് ആഹ്വാനം ചെയ്യുന്ന നിരവധി സന്ദേശങ്ങളും ടെലഗ്രാം വഴി അയച്ചിരുന്നു. ഇതെല്ലാം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം പീസ് സ്‌കൂളിനു മേലുള്ള സംശയം ഇരട്ടിപ്പിച്ചു. സ്‌കൂളിന്റെ സിലബസ് സംശയം തോന്നിയ എറണാകുളം ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇക്കാര്യം വിദ്യാഭ്യാസം വകുപ്പിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സിലബസ് പരിശോധിച്ചിരുന്നു. സമുദായ സ്പർദ വളർത്തുന്ന പാഠഭാഗം സിലബസിലുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ദേശവിരുദ്ധമായ പാഠഭാഗങ്ങളും മതനിരപേക്ഷമല്ലാത്തതുമാണ് ഇവയിലെ ആശയങ്ങളെന്ന് പൊലീസ് പറഞ്ഞു.വിഷയം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ ഓഫീസർ നൽകിയ റിപ്പോർട്ട് കണക്കിലെടുത്താണ് പാലാരിവട്ടം കേസെടുത്തത്. കൊച്ചിയിലെ സ്ഥാപനത്തിന്റെ ഡയറക്ടർമാരായ മൂന്ന് വ്യവസായികളെയും പ്രിൻസിപ്പലിനെയുമാണ് ഇപ്പോൾ പ്രതി ചേർത്തിരിക്കുന്നത്.