വണ്ടിപ്പെരിയാർ: ചുരക്കുളം എസ്റ്റേറ്റിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറുവയസ്സുകാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അയൽവാസിയായ യുവാവ് കുറ്റസമ്മതം നടത്തി. ചുരക്കുളം എസ്റ്റേറ്റിൽ അർജുൻ (21)ആണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30-നാണ് ലയത്തിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനുള്ളിൽ വഴക്കുല കെട്ടി ഇട്ടിരുന്ന കയറിൽ പിടിച്ചുകളിച്ചുകൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാൾ കുരുങ്ങുകയും കഴുത്ത് മുറുകുകയും ചെയ്ത് മരണപ്പെട്ടതാകാമെന്നായിരുന്നു ഏവരും കരുതിയത്. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കുപോയ സമയത്തായിരുന്നു അപകടം. സഹോദരൻ കവിൻ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. പീഡനത്തിലെ സംശയമാണ് വഴിത്തിരിവായത്. ഇതോടെ കൊലപാതകി കുടുങ്ങി.

പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മൃതദേഹപരിശോധനയിൽ പീഡനം നടന്നിട്ടുണ്ടോയെന്ന് സംശയം തോന്നിയ ഡോക്ടർ ഈ വിവരം പൊലീസുമായി പങ്കുവച്ചതാണ് നിർണ്ണായകമായത്. ഇതോടെ പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ സംശയം തോന്നിയ നാലുപേരെ കസ്റ്റഡിയിലെടുത്തു. മൂന്നുപേരെ വിട്ടയച്ചെങ്കിലും അയൽവാസിയായ അർജുനെ പൊലീസ് വീണ്ടും വിശദമായി ചോദ്യംചെയ്തു.

കുട്ടിയെ പ്രതി ഒരു വർഷത്തോളം ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്നാണ് റിപ്പോർട്ടുകൾ. 30ന് അർജുൻ വീട്ടിലെത്തി പെൺകുട്ടിയെ ഉപദ്രവിക്കുന്നതിനിടെ ബോധമറ്റ് വീണു. കുട്ടി മരിച്ചെന്ന് കരുതിയ ഇയാൾ മുറിക്കുള്ളിലെ കയറിൽ ഷാളിൽ കെട്ടിത്തൂക്കുകയായിരുന്നു. കുട്ടിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുയും മരണ വിവരമറിഞ്ഞ് പ്രതി പൊട്ടിക്കരയുകയും ചെയ്തിരുന്നു.

എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഇയാൾ കുട്ടിയെ നാളുകളായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ സൂചനകൾ. പെൺകുട്ടിയുടെ വീട്ടിൽ എപ്പോഴും കടന്നു ചെല്ലുന്നതിനുള്ള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു ചൂഷണമെന്ന് പൊലീസ് പറഞ്ഞു. 30ന് അർജുൻ വീട്ടിൽ എത്തി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായി വീണു.

അനക്കമറ്റു കിടന്ന കുട്ടി മരിച്ചു എന്ന് കരുതിയ ഇയാൾ മുറിക്കുള്ളിലെ കയറിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണം വിവരം പുറത്തു വന്നതോടെ ഇയാൾ പൊട്ടിക്കരയുകയും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.