തിരുവനന്തപുരം: എറണാകുളം എംപി. ഹൈബി ഈഡനെതിരായ പീഡനപരാതി വ്യാജമെന്ന് സിബിഐ പറയുമ്പോൾ മറ്റ് കോൺഗ്രസ് നേതാക്കൾക്കെതിരായ കേസും സമാനരീതിയിൽ ആകാൻ സാധ്യത. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ റഫർ റിപ്പോർട്ടിലാണ് സിബിഐ. ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പരാതിക്കാരിയുടെ മൊഴിയിൽ ഏറെ വൈരുധ്യങ്ങൾ ഉള്ളതിനാൽ വിശ്വാസ യോഗ്യമല്ലെന്നാണ് സിബിഐ. സംഘത്തിന്റെ വിലയിരുത്തൽ.

ഹൈബി ഈഡനെതിരായ പീഡനപരാതി നിലനിൽക്കാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാൻ കോടതി അനുമതി നൽകണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. 2021-ലാണ് സിബിഐ. വിവാദ അഴിമതി കേസിലെ പ്രതിയായ യുവതിയുടെ പരാതിയിൽ ഹൈബി ഈഡൻ അടക്കം ആറുനേതാക്കളുടെ പേരിൽ കേസ് എടുത്തത്. ഓരോ കേസിലും ഓരോ എഫ്.ഐ.ആറും സിബിഐ. സംഘം എടുത്തിരുന്നു. ഇതിൽ ആദ്യം സിബിഐ. സംഘം അന്വേഷണം നടത്തിയത് ഹൈബി ഈഡനെതിരായ പരാതിയായിരുന്നു. ഈ അന്വേഷണമാണ് ഇപ്പോൾ പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

ഹൈബി ഈഡന് പുറമെ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, മുന്മന്ത്രിമാരായ അടൂർ പ്രകാശ് എംപി., എ.പി. അനിൽകുമാർ, ബി.ജെ. പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരേയാണ് തട്ടിപ്പ് കേസിലെ പ്രതിയായ യുവതി പരാതി നൽകിയത്. ഇതെല്ലാം തള്ളിപോകാനാണ് സാധ്യത. ആർക്കെതിരേയും തെളിവ് കിട്ടാത്ത സാഹചര്യമാണുള്ളത്. ഇതിൽ കെ സി വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുണ്ടെന്ന് ഇര പറയുന്നു. ഇതും പൊലീസ് പരിശോധിക്കും,

2012 ഡിസംബർ ഒൻപതിന് പാളയത്തെ എംഎ‍ൽഎ. ഹോസ്റ്റലിലെ നിളാ ബ്ളോക്കിലെ 34-ാം നമ്പർ മുറിയിൽവെച്ച് ഒരു പദ്ധതിയെ ക്കുറിച്ച് ചർച്ചചെയ്യാൻ പരാതിക്കാരിയെ അന്ന് എംഎ‍ൽഎ. ആയിരുന്ന ഹൈബി ഈഡൻ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നായിരുന്നു ഹൈബിയ്‌ക്കെതിരായ ആരോപണം. സിബിഐ. സംഘം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത ശേഷം 2012-ൽ ഹൈബി ഉപയോഗിച്ചിരുന്ന 33, 34 മുറികളിൽ പരാതിക്കാരിയെ നേരിട്ട് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.

ഹൈബിയെ രണ്ട് തവണ സിബിഐ. സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പരാതിക്കാരിയെ സി. ബി.ഐ.യുടെ തിരുവനന്തപുരം ഓഫീസിലും ഡൽഹിയിലെ ഓഫീസിലും വിളിച്ചുവരുത്തി സി. ബി.ഐ. സംഘം മൊഴി എടുത്തിരുന്നു. പരാാതിക്കാരിയുടെ മൊഴികളിലെ വൈരുധ്യമാണ് കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ടിൽ സി. ബി.ഐ. എടുത്തുപറയുന്നത്. ഇനി മറ്റ് നേതാക്കൾക്കെതിരേയുള്ള അഞ്ച് പരാതികളാണ് നിലവിൽ സിബിഐ.ക്ക് അന്വേഷിക്കാനുള്ളത്. ഇതിനും സമാന അവസ്ഥയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയാകും അടുത്ത് എഴുതി തള്ളുക.

ഈ കേസിൽ പിസി ജോർജ് അടക്കം സാക്ഷിയാണ്. എന്നാൽ പിസി ജോർജ് സിബിഐയ്ക്ക് നൽകിയ മൊഴി വിവാദ കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിന് എതിരാണ്. ഇതേ പ്രതി പിസി ജോർജിനെതിരേയും പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ സിബിഐക്ക് കള്ളമൊഴി നൽകാത്തതിന്റെ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്ന് പി സി ജോർജ് പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചു എന്ന് സ്റ്റേറ്റ്മെന്റ് കൊടുക്കണമെന്നും സാക്ഷി പറയണമെന്നും അവർ എന്നോട് ആവശ്യപ്പെട്ടു. ആദ്യം തന്നോട് പറഞ്ഞത് ഉമ്മൻ ചാണ്ടി ഓഫീസിൽ വെച്ച് പീഡിപ്പിച്ചു എന്നാണ്. ഉമ്മൻ ചാണ്ടി വയസ്സാംകാലത്ത് മര്യാദകേട് കാണിച്ചോ എന്ന് താൻ ചോദിച്ചു.

പിന്നീട് എഴുതി തന്നത് ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചു എന്നാണ്. അതോടെ അവരു പറയുന്നത് നുണയാണെന്ന് മനസ്സിലായി. കള്ളസാക്ഷി പറയാൻ പറ്റില്ലെന്ന് പറഞ്ഞു. പച്ചക്കള്ളമാണ് പരാതിക്കാരി പറയുന്നതെന്ന് സിബിഐയോട് പറഞ്ഞു. അതിന്റെ വൈരാഗ്യം തീർക്കുന്നതിന്റെ ഭാഗമാണ് തനിക്കെതിരായ കേസെന്ന് ജോർജ് പറഞ്ഞിരുന്നു.